
നൈജീരിയയിലെ സതേൺ കഡൂന (Kaduna) സംസ്ഥാനത്ത് ആറു മാസത്തിലേറെ തീവ്രവാദികളുടെ തടങ്കലിൽ കഴിഞ്ഞ ശേഷം മോചിപ്പിക്കപ്പെട്ട 13 വയസ്സുകാരി രണ്ടു ദിവസത്തിന് ശേഷം മരണപ്പെട്ടു. ഇതേത്തുടർന്ന് ആക്രമണങ്ങൾക്ക് ഇരയാകുന്ന ഗ്രാമങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും തടവിലുള്ള മുഴുവൻ ആളുകളെയും മോചിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും യുകെ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ‘ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ്വൈഡ്’ (CSW) അധികാരികളോട് ആവശ്യപ്പെട്ടു.
നവംബർ അഞ്ചിന് എ.സി.ഐ ആഫ്രിക്കയ്ക്ക് (ACI Africa) നൽകിയ റിപ്പോർട്ടിൽ, കാച്ചിയ (Kachia) ടൗണിലെ ആശുപത്രിയിൽ വച്ച് നവംബർ മൂന്നിനാണ് ഹസാന ബുലൂസ് (Hasana Bulus) എന്ന പെൺകുട്ടി മരിച്ചതെന്ന് അറിയിച്ചു. ഏപ്രിൽ 20-ന് അവോൺ (Awon) ഗ്രാമത്തിൽ നിന്ന് തട്ടിയെടുക്കപ്പെട്ട പെൺകുട്ടിയെ നവംബർ ഒന്നിനാണ് തീവ്രവാദികൾ മോചിപ്പിച്ചത്.
പെൺകുട്ടിയുടെ മരണത്തിന് തൊട്ടടുത്ത ദിവസം കാച്ചിയയിലെ അക്വാണ്ടോ (Akwando) ഗ്രാമത്തിൽ വീണ്ടും തീവ്രവാദ ആക്രമണമുണ്ടായി. സംഭവത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 20 പേരെ തട്ടിയെടുക്കുകയും ചെയ്തു. ഇതിൽ ഏറ്റവും ചെറിയ കുട്ടിക്ക് നാല് മാസം മാത്രമാണ് പ്രായം.
“ആറുമാസത്തിലേറെയായി തടങ്കലിൽ കഴിയുകയും, ഒടുവിൽ തിരിച്ചെത്തിയെങ്കിലും ദാരുണമായി മരണപ്പെടുകയും ചെയ്ത ഹസാന ബുലൂസിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു,” മനുഷ്യാവകാശ സംഘടന ചീഫ് എക്സിക്യൂട്ടീവ് സ്കോട്ട് ബോവർ (Scot Bower) പറഞ്ഞു. രാജ്യത്തുടനീളം ഭീകര സംഘടനകൾ ഉയർത്തുന്ന ഭീഷണിയെ കൂടുതൽ ഫലപ്രദമായി ചെറുക്കാനും, ആക്രമണങ്ങൾ നേരിടുന്ന ഗ്രാമങ്ങൾക്ക് സംരക്ഷണം നൽകാനും നൈജീരിയൻ സർക്കാരിനോട് അദ്ദേഹം അഭ്യർഥിച്ചു.
ഫുലാനി (Fulani) വംശജരായ സായുധ സംഘമാണ് പെൺകുട്ടിയെയും മറ്റ് പത്തുപേരെയും ഏപ്രിൽ മാസത്തിൽ തട്ടിയെടുത്തിരുന്നത്. മോചനദ്രവ്യമായി 20 ലക്ഷത്തിലധികം നൈറ (Naira) വിലയുള്ള മൂന്ന് മോട്ടോർ സൈക്കിളുകളും മറ്റ് സാധനങ്ങളും നൽകിയ ശേഷമാണ് കുട്ടിയെയും മറ്റ് നാല് പേരെയും തീവ്രവാദികൾ മോചിപ്പിച്ചത്. തടങ്കലിൽ വച്ച് കഠിനമായി രോഗബാധിതയായ ഹസാന വീട്ടിൽ എത്തിയതിന്റെ പിറ്റേന്ന് തന്നെ മരണപ്പെടുകയായിരുന്നു. തടവിലാക്കപ്പെട്ടവരിൽ അഞ്ചുപേർ (എല്ലാ പുരുഷന്മാരും ഉൾപ്പെടെ) തടങ്കലിൽ വച്ച് കൊല്ലപ്പെട്ടു.
മറ്റൊരു സംഭവത്തിൽ, ഏപ്രിൽ അഞ്ചിന് ഓശാന ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കിടെ തട്ടിയെടുക്കപ്പെട്ട 37 പേരിൽ 17 പേരും തടങ്കലിൽ വച്ച് മരണപ്പെട്ടിരുന്നു. ഏപ്രിൽ 26-ന് സ്കൂൾ കുട്ടികൾ സഞ്ചരിച്ച വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. ഇതിൽ ഒരു കുട്ടി കൊല്ലപ്പെടുകയും എട്ടുപേരെ തട്ടിയെടുക്കുകയും ചെയ്തിരുന്നു.




