കാലാവസ്ഥാ ഭീഷണിയുടെ നിഴലിൽ ഒൻപത് കോടിയോളം അഭയാർഥികൾ

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അതിതീവ്ര വരൾച്ച, വെള്ളപ്പൊക്കം, കടുത്ത ചൂട് തുടങ്ങിയ ഭീഷണികൾ നേരിടുന്ന രാജ്യങ്ങളിൽ ഏകദേശം ഒൻപത് കോടിയോളം അഭയാർഥികൾ ജീവിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഏജൻസി (UNHCR) മുന്നറിയിപ്പ് നൽകി. തുർക്കിയിലെ അന്റാലിയയിൽ നടക്കാനിരിക്കുന്ന ‘COP31’ ഉച്ചകോടിക്ക് മുന്നോടിയായാണ് യു.എൻ ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

അഭയം തേടിയെത്തിയവരിൽ ഏകദേശം മുക്കാൽ ഭാഗവും അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ കടുത്ത കാലാവസ്ഥാ വ്യതിയാനം നേരിടുന്ന രാജ്യങ്ങളിലാണ് കഴിയുന്നത്. സംഘർഷങ്ങളും കാലാവസ്ഥാ വ്യതിയാനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കുടിവെള്ളം പോലും ലഭിക്കാതെ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് അഭയാർഥികളുടെ അവസ്ഥ റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.

സ്വന്തം നാടുകളിലേക്ക് തിരികെപ്പോകുന്ന അഭയാർഥികൾക്കും കാലാവസ്ഥാ വ്യതിയാനം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അപകടസാധ്യതയുള്ള രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകണമെന്ന് യു.എൻ സർക്കാരുകളോടും കാലാവസ്ഥാ ഫണ്ട് സ്ഥാപനങ്ങളോടും അഭ്യർഥിച്ചു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.