ഇന്തോനേഷ്യയിലെ അഗ്നിപർവത സ്ഫോടനമെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം

ഇന്തോനേഷ്യയിലെ അനാക് ക്രാകതൗ ദ്വീപിലെ അഗ്നിപർവത സ്ഫോടന ദൃശ്യങ്ങൾ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമ്മിതമാണെന്ന് ഫാക്ട് ചെക്ക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അഗ്നിപർവതത്തിൽ നിന്ന് വലിയ തോതിൽ ലാവ പുറത്തേക്ക് വരുന്നതും, ഭയന്ന് ആളുകൾ ഓടിരക്ഷപ്പെടുന്നതുമാണ് ഈ വീഡിയോയിലുള്ളത്. ചില മാധ്യമങ്ങളും ഈ ദൃശ്യങ്ങൾ വാർത്തകൾക്കായി ഉപയോഗിച്ചിരുന്നു.

വീഡിയോ പരിശോധിച്ചതിൽ ആളുകളുടെ മുഖങ്ങളും ശരീരഭാഗങ്ങളും വ്യക്തമല്ലെന്നും, ഓടുന്നതിനിടയിൽ ചിലരുടെ കാലുകൾ അപ്രത്യക്ഷമാകുന്നതായും പശ്ചാത്തലത്തിലേക്ക് ലയിച്ചുപോകുന്നതായും കണ്ടെത്തി. ‘ഹൈവ് മോഡറേഷൻ’ (Hive Moderation), ‘ഇസ്ഫെയ്ക് ഡോട്ട് എഐ’ (isfake.ai) തുടങ്ങിയ പ്രമുഖ എഐ ഡിറ്റക്ഷൻ ടൂളുകൾ ഈ ദൃശ്യങ്ങൾ കൃത്രിമമായി നിർമ്മിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

യഥാർഥ അനാക് ക്രാകതൗ ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ സ്ഥിതിയുമായി ഈ വീഡിയോയിലെ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല. ഈ അഗ്നിപർവത ദ്വീപിന് സമീപം ജനവാസ മേഖലകളോ നഗരങ്ങളോ ഇല്ല. ഏറ്റവും അടുത്തുള്ള ജനവാസ കേന്ദ്രം ഇവിടുന്ന് 16 കിലോമീറ്ററിലധികം അകലെയാണ്. ഇന്തോനേഷ്യയിൽ യഥാർഥത്തിൽ അഗ്നിപർവത സ്ഫോടനങ്ങൾ നടന്നിട്ടുണ്ടെങ്കിലും, സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോ തികച്ചും വ്യാജവും എഐ നിർമ്മിതവുമാണെന്ന് ഔദ്യോഗിക പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.