
ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിന് വടക്കുള്ള സർസെൽസ് പ്രദേശത്തെ ജൂത ആരാധനാലയത്തിന് സമീപം അത്യാധുനിക മാരകായുധങ്ങൾ ഒളിപ്പിച്ച വാഹനം കണ്ടെത്തിയതിനെ തുടർന്ന് അരകിലോമീറ്റർ ചുറ്റളവിലുള്ള മുന്നൂറോളം പേരെ ഒഴിപ്പിച്ചു. ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം.
പ്രദേശത്തെ പ്രധാന ജൂത ആരാധനാലയം, സിനിമാ തിയേറ്റർ, റസ്റ്റോറന്റുകൾ എന്നിവ സ്ഥിതിചെയ്യുന്ന വാണിജ്യ മേഖലയ്ക്ക് കേവലം 500 മീറ്റർ അകലെ നിർത്തിയിട്ടിരുന്ന ടൊയോട്ട വാഹനത്തിൽ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. മോഷണം പോയതാണെന്ന് സംശയിക്കുന്ന ഈ കാറിൽ നിന്ന് ഒരു കലാഷ്‌നികോവ് (Kalashnikov) അസോൾട്ട് റൈഫിളും അതിന്റെ മാഗസിനുകളും ഒരു ബെറെറ്റ (Beretta) പിസ്റ്റളും കണ്ടെടുത്തു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഭാഗികമായി ഇളക്കിമാറ്റിയ നിലയിലായിരുന്നു.
സംഭവം ഭീകരാക്രമണ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചനയാണെന്ന സംശയത്തിൽ ഫ്രാൻസിലെ നാഷണൽ ആന്റി-ടെററിസം പ്രോസിക്യൂട്ടേഴ്സ് ഓഫീസ് (PNAT) അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിലുള്ള ഉദ്ദേശ്യമോ, പ്രതികളെയോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പെട്ടെന്നുള്ള ഭീഷണി നിലനിൽക്കുന്നുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറൻ നുനെസ് മാധ്യമങ്ങളോട് പറഞ്ഞു. ജൂത ആരാധനാലയത്തെ ലക്ഷ്യമിട്ട് ഇസ്ലാമിക് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്.




