
ലോകസാഹിത്യത്തിലെ വിസ്മയകരമായ രചനകളിലൊന്നാണ് ഫ്രഞ്ച് എഴുത്തുകാരൻ അൽബേർട്ട് കാമുവിന്റെ ‘ദി പ്ലേഗ്’ (La Peste). 1947 ലാണ് ഇത് എഴുതപ്പെട്ടത്. അപ്രതീക്ഷിതമായി ഒരു പകർച്ചവ്യാധി ഒരു നഗരത്തെ തകർക്കുമ്പോൾ, അവിടെയുള്ള മനുഷ്യർ അതിനെ എങ്ങനെ നേരിടുന്നു എന്നതിന്റെ ഹൃദയസ്പർശിയായ ആവിഷ്കാരമാണിത്. കേവലം ഒരു മഹാമാരിയുടെ കഥയല്ല, മറിച്ച് കടുത്ത നിസ്സഹായാവസ്ഥയിലും മനുഷ്യൻ പ്രകടിപ്പിക്കുന്ന നിശ്ചയദാർഢ്യത്തിന്റെ കൂടി കഥയാണിത്.
അൾജീരിയയിലെ ഒറാൻ എന്ന നഗരത്തിലാണ് കഥ നടക്കുന്നത്. പെട്ടെന്നൊരു ദിവസം നഗരത്തിൽ എലികൾ കൂട്ടത്തോടെ ചത്തുവീഴാൻ തുടങ്ങുന്നു. അധികം വൈകാതെ, പ്ലേഗ് എന്ന മാരകമായ രോഗം മനുഷ്യരിലേക്കും പടരുന്നു. ഭരണകൂടം നഗരം പൂർണ്ണമായും അടച്ചുപൂട്ടുന്നു. പുറംലോകവുമായുള്ള ബന്ധം അറ്റുപോയതോടെ ഒറാൻ നിവാസികൾ ഭീതിയുടെയും അനിശ്ചിതത്വത്തിന്റെയും നടുവിലായി. ഈ അവസ്ഥയിൽ ഓരോരുത്തരും എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് നോവലിന്റെ കാതൽ.
ഡോക്ടർ ബെർണാർഡ് റിയൂ ആണ് ഈ നോവലിലെ ഒരു പ്രധാന കഥാപാത്രം. രോഗം പടർന്നുപിടിക്കുമ്പോൾ തളർന്നുപോകുന്നതിനു പകരം, തന്റെ കർമ്മപഥത്തിൽ ഉറച്ചുനിന്നുകൊണ്ട് രോഗികൾക്ക് ആശ്വാസമേകാൻ അദ്ദേഹം പരിശ്രമിക്കുന്നു. പലരും ഈ പ്രതിസന്ധിയെ വിധി എന്ന് കരുതി അതിന് കീഴടങ്ങുമ്പോൾ, റിയൂ അതിനെ ഒരു വെല്ലുവിളിയായി കാണുന്നു. അദ്ദേഹത്തിന് അത് കേവലം ഒരു ജോലിയായിരുന്നില്ല, മറിച്ച് ഒരു കടമയായിരുന്നു. യാതൊരുവിധ പ്രതിഫലമോ, അംഗീകാരമോ പ്രതീക്ഷിക്കാതെ, മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് അദ്ദേഹം പ്രവർത്തിക്കുന്നു.
ഈ നോവലിലെ ഏറ്റവും വലിയ സന്ദേശം ‘സമചിത്തത’ ആണ്. വലിയൊരു ദുരന്തം മുന്നിലെത്തുമ്പോൾ പകച്ചുപോകാതെ, നമുക്ക് ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യങ്ങൾ പോലും ഏറ്റവും ഉത്തരവാദിത്വത്തോടെ ചെയ്യുക എന്നതാണ് ഏറ്റവും വലിയ ധീരത എന്ന് റിയൂ തെളിയിക്കുന്നു. ദുരിതങ്ങൾ നിറഞ്ഞ കാലത്ത് മനുഷ്യർക്കിടയിൽ ഉണ്ടാകേണ്ട ഒത്തൊരുമയെക്കുറിച്ച് കാമു വളരെ മനോഹരമായി ഈ കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്. തനിച്ചല്ല, മറിച്ച് പരസ്പരം താങ്ങായി നിന്നുകൊണ്ടു മാത്രമേ വലിയ പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കൂ എന്ന സത്യം ഇവിടെ ഉയർത്തിപ്പിടിക്കപ്പെടുന്നു.
അതേസമയം, ഈ നോവൽ നമ്മോട് മറ്റൊരു കാര്യം കൂടി ചോദിക്കുന്നു: സാധാരണ ജീവിതത്തിൽ നമ്മൾ പലപ്പോഴും മരണത്തെക്കുറിച്ച് ഓർക്കാറില്ല. എന്നാൽ, പെട്ടെന്നൊരു ദിവസം ജീവിതം തകിടം മറിയുമ്പോൾ, നമ്മൾ ഇത്രയും കാലം ജീവിച്ച രീതിയെക്കുറിച്ച് പുനരാലോചിക്കാൻ നിർബന്ധിതരാകുന്നു. അമിതമായ ഭൗതികസുഖങ്ങൾക്കും തർക്കങ്ങൾക്കും പിന്നാലെ പോകുന്ന മനുഷ്യൻ, ഇത്തരം ഘട്ടങ്ങളിൽ മാത്രമാണ് ജീവിതത്തിന്റെ വിലയും സ്നേഹത്തിന്റെ ആഴവും തിരിച്ചറിയുന്നത്. പ്രിയപ്പെട്ടവരിൽ നിന്ന് അകറ്റപ്പെടുക എന്നത് എത്ര വലിയ വേദനയാണെന്ന് നഗരം മുഴുവൻ അടച്ചുപൂട്ടപ്പെട്ടപ്പോൾ ഒറാൻ നിവാസികൾ തിരിച്ചറിയുന്നുണ്ട്.
ദുരിതകാലത്ത് മനുഷ്യന്റെ ഉള്ളിലെ നന്മയും തിന്മയും ഒരേസമയം വെളിപ്പെടുന്നു. ലാഭക്കൊതി മൂത്ത് മരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുന്നവരും പാപത്തിന്റെ ഫലമാണ് ഇതെന്നു പറഞ്ഞ് ആളുകളെ കുറ്റപ്പെടുത്തുന്നവരും സ്വന്തം ജീവൻ പണയം വച്ച് സേവനം ചെയ്യുന്നവരും ഒരേ നഗരത്തിലുണ്ട്. എങ്കിലും, ഭൂരിഭാഗം മനുഷ്യരും പ്രതിസന്ധികളിൽ പരസ്പരം സഹായിക്കാൻ മുന്നിട്ടിറങ്ങുന്നതാണ് നാം കാണുന്നത്. വെറുപ്പിനേക്കാൾ ഉപരിയായി സ്നേഹവും കരുണയും കൊണ്ട് ഏത് വിപത്തിനെയും ചെറുക്കാൻ കഴിയുമെന്ന് കാമു തന്റെ രചനയിലൂടെ ഓർമ്മിപ്പിക്കുന്നു.
‘ദി പ്ലേഗ്’ നമുക്ക് നൽകുന്ന ഏറ്റവും വലിയ പാഠം പ്രതീക്ഷയുടേതാണ്. എത്ര വലിയ ഇരുട്ടും വന്നെത്തിയാലും, പുലരി വരുമെന്ന വിശ്വാസം കൈവിടരുത്. രോഗം ഭേദമാകില്ലെന്ന് ഉറപ്പുള്ളപ്പോഴും ഡോക്ടർ റിയൂ ചികിത്സ തുടരുന്നു. അതുപോലെ, നമ്മുടെ ജീവിതത്തിലും പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ ഉണ്ടായെന്ന് വരാം. എന്നാൽ പ്രയത്നം നിർത്തുകയല്ല, മറിച്ച് ആ സാഹചര്യത്തിൽ നമ്മളാൽ കഴിയുന്നത്ര നന്മ ചെയ്യുക എന്നതാണ് പ്രധാനം. തോൽക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും പോരാടാൻ ഇറങ്ങുന്നവനാണ് യഥാർഥ പോരാളി.
ഈ നോവൽ വായിച്ചുകഴിയുമ്പോൾ നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ടത് നമ്മുടെ ജീവിതത്തിലെ ‘പ്ലേഗ്’ എന്താണ് എന്നാണ്. അത് അസുഖമാകാം, സാമ്പത്തിക പ്രതിസന്ധിയാകാം, അല്ലെങ്കിൽ വ്യക്തിപരമായ തകർച്ചയാകാം. ഏതുമാകട്ടെ, അതിനെ നേരിടാനുള്ള ആത്മവിശ്വാസവും മനുഷ്യത്വവും നമ്മളിൽത്തന്നെയുണ്ട്. ചുറ്റുമുള്ളവരോട് കരുണയോടെ പെരുമാറാനും ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനും വിപത്തുകളെ അതിജീവിക്കാൻ ഒത്തൊരുമയോടെ നിൽക്കാനും കാമുവിന്റെ ഈ നോവൽ നമ്മെ പ്രേരിപ്പിക്കുന്നു. ഒറാൻ നഗരത്തിലെ ജനങ്ങൾ അവസാനം രോഗത്തെ അതിജീവിച്ചതുപോലെ, നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ പ്രതിസന്ധികളെയും അതിജീവിക്കാൻ നമുക്കും സാധിക്കും. പ്രതീക്ഷയുടെ ചെറിയൊരു ദീപം മനസ്സിൽ സൂക്ഷിക്കുക, അത് മതി ഏതൊരു ഇരുട്ടിനെയും ഭേദിക്കാൻ.

ഫാ. ജി. കടൂപ്പാറയിൽ MCBS




