ശാന്തരായ ആളുകളുടെ ആറ് നല്ല ശീലങ്ങൾ

ജീവിതത്തിൽ സമ്മർദങ്ങളും വെല്ലുവിളികളും ഒഴിവാക്കാനാവില്ല. എന്നാൽ ചിലർ ഇത്തരം സാഹചര്യങ്ങളിലും ശാന്തമായി ചിന്തിക്കുകയും ശരിയായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു. അത് അവരുടെ സ്വഭാവം മാത്രമല്ല, അവർ ജീവിതത്തിൽ വളർത്തിയെടുത്ത ചില നല്ല ശീലങ്ങളുടെ ഫലമാണ്. ഈ ശീലങ്ങൾ ആർക്കും പരിശീലനത്തിലൂടെ സ്വന്തമാക്കാൻ കഴിയും. ശാന്തമായ മനസ്സും സന്തോഷകരമായ ജീവിതവും നേടാൻ സഹായിക്കുന്ന ആറ് പ്രധാന ശീലങ്ങൾ പരിചയപ്പെടാം.

1. എല്ലാ ചിന്തകളും സത്യമാണെന്ന് വിശ്വസിക്കാറില്ല

നമ്മുടെ മനസ്സിലൂടെ ദിവസവും നിരവധി ചിന്തകൾ കടന്നുപോകുന്നു. എന്നാൽ അവയെല്ലാം യാഥാർഥ്യമാകണമെന്നില്ല. ചിലപ്പോൾ ഭയവും ആശങ്കയും നിറഞ്ഞ ചിന്തകൾ മനസ്സിനെ കൂടുതൽ അസ്വസ്ഥമാക്കും. അതുകൊണ്ട് ഓരോ ചിന്തയെയും സത്യമെന്ന് കരുതാതെ, യാഥാർഥ്യബോധത്തോടെ വിലയിരുത്താൻ ശാന്തരായ ആളുകൾ പഠിച്ചിരിക്കും.

2. മറ്റുള്ളവരുടെ അംഗീകാരത്തിനായി കാത്തിരിക്കാറില്ല

എല്ലാവരെയും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത് മനസ്സിന് കൂടുതൽ സമ്മർദം സൃഷ്ടിക്കും. ശാന്തരായ ആളുകൾ സ്വന്തം മൂല്യം മറ്റുള്ളവരുടെ പ്രശംസയിൽ തേടാറില്ല. സ്വന്തം കഴിവുകളിലും തീരുമാനങ്ങളിലുമുള്ള വിശ്വാസമാണ് അവരുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം.

3. സ്വന്തം കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കാറില്ല

സ്വന്തം പ്രശ്നങ്ങളിലും കുറവുകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റുള്ളവരെ സഹായിക്കാനും സമൂഹത്തിന് നല്ലത് ചെയ്യാനും അവർ ശ്രമിക്കുന്നു. ഇങ്ങനെ ശ്രദ്ധ പുറത്തേക്ക് തിരിയുമ്പോൾ മനസ്സിലെ അനാവശ്യ ആശങ്കകളും കുറയും.

4. ശരീരവും മനസ്സും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നു

ശരീരം ക്ഷീണിച്ചിരിക്കുമ്പോഴും അമിത സമ്മർദത്തിലായിരിക്കുമ്പോഴും മനസ്സിനും അതിന്റെ സ്വാധീനം ഉണ്ടാകും. അതുകൊണ്ട് ശാന്തരായ ആളുകൾ വ്യായാമം ചെയ്യുകയും ആവശ്യത്തിന് വിശ്രമിക്കുകയും ധ്യാനം പോലുള്ള ശീലങ്ങൾ പിന്തുടരുകയും ചെയ്യുന്നു. ശരീരം ശാന്തമാകുമ്പോൾ മനസ്സും ശാന്തമാകും.

5. എന്ത് സ്വീകരിക്കുന്നു എന്നതിൽ ശ്രദ്ധ പുലർത്തുന്നു

നല്ല ഭക്ഷണം മാത്രമല്ല, നമ്മൾ കാണുന്നതും കേൾക്കുന്നതും വായിക്കുന്നതും മനസ്സിനെ സ്വാധീനിക്കും. അമിതമായി നെഗറ്റീവ് വാർത്തകൾ കാണുന്നതും സമൂഹമാധ്യമങ്ങളിൽ സമയം ചെലവഴിക്കുന്നതും മനസ്സിനെ അസ്വസ്ഥമാക്കാം. അതിനാൽ ആരോഗ്യകരമായ ശീലങ്ങൾ തിരഞ്ഞെടുക്കാൻ അവർ ശ്രദ്ധിക്കുന്നു.

6. സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു

ജീവിതത്തിലെ എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലായിരിക്കില്ല. എന്നാൽ നമ്മുടെ ചിന്തകളും പ്രതികരണങ്ങളും തീരുമാനങ്ങളും നമ്മുടെ കൈകളിലാണ്. ശാന്തരായ ആളുകൾ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനേക്കാൾ സ്വന്തം ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു. ഈ സമീപനമാണ് അവർക്ക് ആത്മവിശ്വാസവും മനഃശാന്തിയും നൽകുന്നത്.

ശാന്തമായ മനസ്സ് ഒരാളുടെ ഏറ്റവും വലിയ ശക്തിയാണ്. അത് ഒരുദിവസം കൊണ്ട് ലഭിക്കുന്നതല്ല; ചെറിയ നല്ല ശീലങ്ങൾ തുടർച്ചയായി പരിശീലിക്കുന്നതിലൂടെ വളർന്നുവരുന്നതാണ്. എല്ലാ ചിന്തകളെയും വിശ്വസിക്കാതിരിക്കുക, മറ്റുള്ളവരുടെ അംഗീകാരത്തിനായി ജീവിക്കാതിരിക്കുക, ശരീരവും മനസ്സും ഒരുപോലെ സംരക്ഷിക്കുക, സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നിവ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഈ ശീലങ്ങൾ പിന്തുടർന്നാൽ ഏത് സമ്മർദമുള്ള സാഹചര്യത്തെയും കൂടുതൽ ആത്മവിശ്വാസത്തോടെയും ശാന്തതയോടെയും നേരിടാൻ നമുക്ക് കഴിയും.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.