
മതനിന്ദാ കുറ്റം ചുമത്തി കഴിഞ്ഞ ആറ് വർഷത്തിലേറെയായി നൈജീരിയയിൽ തടവറയിൽ കഴിയുന്ന യുവ ഗായകൻ യഹായ ഷെരീഫ്-അമീനുവിന്റെ കേസിൽ അടിയന്തരമായി വാദം കേൾക്കാൻ തീയതി പ്രഖ്യാപിക്കണമെന്ന് നൈജീരിയൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് യു.എസ് ആസ്ഥാനമായുള്ള ക്രൈസ്തവ അഭിഭാഷക കൂട്ടായ്മ ‘അലയൻസ് ഡിഫെൻഡിങ് ഫ്രീഡം ഇന്റർനാഷണൽ’. നൈജീരിയയിലെ ഒരു ശരീഅത്ത് കോടതി 2020-ലാണ് യഹായയ്ക്ക് വധശിക്ഷ വിധിച്ചത്. വാട്സാപ്പിൽ അദ്ദേഹം പങ്കുവച്ച ഒരു പാട്ടിന്റെ വരികളിൽ ‘മതനിന്ദ’ ഉണ്ട് എന്നതായിരുന്നു കുറ്റം. തുടർന്ന് നൽകിയ അപ്പീലിൽ കാനോ സ്റ്റേറ്റ് ഹൈക്കോടതി ഈ വിധി റദ്ദാക്കുകയും വീണ്ടും വിചാരണ നടത്താൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ പുനർവിചാരണയിലും വധശിക്ഷ തന്നെയാണ് അദ്ദേഹത്തെ കാത്തിരുന്നത്.
ജൂൺ 25 വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, സുപ്രീം കോടതി കേസിന്റെ ഹിയറിംഗ് റദ്ദാക്കിയതിനെ തുടർന്ന് വർഷങ്ങളായി യഹായ ജയിലിൽ തുടരേണ്ടി വരുന്നതിലെ ‘നടപടിക്രമ തടസ്സങ്ങളെ’ എഡിഎഫ് ഇന്റർനാഷണൽ ശക്തമായി അപലപിച്ചു. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ മതനിന്ദാ നിയമങ്ങളാണ് വടക്കൻ നൈജീരിയയിലുള്ളതെന്ന് എഡിഎഫ് ഇന്റർനാഷണലിന്റെ ആഗോള മതസ്വാതന്ത്ര്യ വിഭാഗം സീനിയർ കൗൺസിലായ ഷോൺ നെൽസൺ കുറ്റപ്പെടുത്തി. ഈ യുവാവിന്റെ മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ കോടതി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ഈ കേസ് വൈകുന്ന ഓരോ ദിവസവും, ഒരു പാട്ടിന്റെ വരികളിലൂടെ തന്റെ വിശ്വാസം സമാധാനപരമായി പ്രകടിപ്പിച്ചതിന് മാത്രം ആ യുവാവ് തടവിൽ കഴിയേണ്ടി വരികയാണ്. നൈജീരിയൻ സുപ്രീം കോടതി ഇനിയും ഈ കേസ് നീട്ടിവെക്കരുത്,” നെൽസൺ പറഞ്ഞു. ജൂൺ 25-ന് നടക്കേണ്ടിയിരുന്ന ഹിയറിംഗ് റദ്ദാക്കിയതോടെ കേസ് ഇപ്പോൾ അനിശ്ചിതത്വത്തിലാണ്; പുതിയ തീയതികളൊന്നും കോടതി പ്രഖ്യാപിച്ചിട്ടുമില്ല.
വടക്കൻ നൈജീരിയയിലെ ക്രൂരമായ വ്യാജ മതനിന്ദാ നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് യഹായയുടെ കേസ്. 2022 മുതൽ ഈ യുവാവിന് നിയമസഹായം നൽകുന്നത് എഡിഎഫ് ഇന്റർനാഷണൽ ആണ്. ഈ കരിനിയമങ്ങൾ മൂലം യഹായയെപ്പോലുള്ള സൂഫി മുസ്ലിങ്ങളും ക്രൈസ്തവരും കടുത്ത പീഡനങ്ങളാണ് നൈജീരിയയിൽ നേരിടുന്നത്.
ഈ കേസിന് ആസ്പദമായ സംഭവം
2020 മാർച്ചിലാണ് വടക്കൻ നൈജീരിയയിലെ കാനോ സംസ്ഥാനത്തുനിന്നുള്ള സൂഫി മുസ്ലിം ഗായകനായ യഹായ ഷെരീഫ്-അമീനു താൻ തന്നെ എഴുതിയ പാട്ടിന്റെ വരികൾ വാട്സാപ്പിൽ പങ്കുവെക്കുന്നത്. ഇത് മതനിന്ദയാണെന്ന് ആരോപിച്ച് പ്രാദേശിക അധികാരികൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും അക്രമാസക്തരായ ജനക്കൂട്ടം അദ്ദേഹത്തിന്റെ കുടുംബവീട് തകർക്കുകയും ചെയ്തു. കൃത്യമായ നിയമസഹായം പോലും ലഭിക്കാതെ ശരീഅത്ത് കോടതി 2020 ഓഗസ്റ്റ് പത്തിന് അദ്ദേഹത്തെ തൂക്കിക്കൊല്ലാൻ വിധിക്കുകയായിരുന്നു.
2021 ജനുവരിയിൽ ഹൈക്കോടതി, ഈ വിധി റദ്ദാക്കിയെങ്കിലും വീണ്ടും വിചാരണയ്ക്ക് ഉത്തരവിട്ടു. ഇതിനെതിരെ യഹായ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിക്കാത്തതിനാൽ കഴിഞ്ഞ ആറ് വർഷമായി അദ്ദേഹം ജയിലിൽ തന്നെയാണ്.
മുൻപ് ഫയൽ ചെയ്ത കേസുകൾക്ക് മുൻഗണന നൽകണമെന്ന പുതിയ നിർദേശത്തെ തുടർന്നാണ് ജൂൺ 25-ലെ ഹിയറിംഗ് മാറ്റിവച്ചതെന്നാണ് കോടതി നൽകുന്ന വിശദീകരണം. എന്നാൽ വധശിക്ഷയുമായി ബന്ധപ്പെട്ട കേസുകൾക്ക് എപ്പോഴും മുൻഗണന നൽകണമെന്നാണ് നിയമമെന്ന് എഡിഎഫ് ഇന്റർനാഷണൽ ചൂണ്ടിക്കാണിക്കുന്നു.




