
“സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെ തന്നെയും വെറുക്കാതെ എന്റെ അടുത്തുവരുന്ന ആര്‍ക്കും എന്റെ ശിഷ്യനായിരിക്കാന്‍ സാധിക്കുകയില്ല” (മത്തായി 10:37).
സ്വന്തം കുടുംബത്തെ ഏകാന്തതയിലേക്ക് ഉപേക്ഷിക്കാനല്ല യേശു ഇവിടെ ആവശ്യപ്പെടുന്നത്. അപ്രകാരം ചെയ്യുന്നത് നാലാം പ്രമാണത്തിന് എതിരാകും. ഇത് ദൈവത്തെ ഒന്നാമത്തെ സ്നേഹപാത്രമാക്കുക അല്ലെങ്കിൽ ചാരിത്ര്യസ്നേഹം ജീവിക്കുന്ന വ്യക്തിയാകുക എന്നതാണ്. മറ്റ് എല്ലാവിധ മനുഷ്യബന്ധങ്ങളും (മാതാപിതാക്കളോട്, ജീവിതപങ്കാളിയോട്, മക്കളോട്) ഈ പരമോന്നത സ്നേഹബന്ധത്തിന് കീഴ്‌പ്പെട്ടതാണ്.
വിശ്വസ്തരും സമർപ്പണബുദ്ധിയുള്ളവരുമായ ക്രിസ്തുസാക്ഷികളെയാണ് ഇന്നത്തെ തിരുസഭയ്ക്ക് ആവശ്യം. ലൗകികവ്യാപാരങ്ങളിൽ മുഴുകുമ്പോൾ ഇഹലോക ജീവിതത്തിൽ ദൈവസാന്നിധ്യത്തിന്റെ അടയാളങ്ങളാകാൻ ക്രൈസ്തവർക്ക് സാധിക്കുന്നില്ല. ദൈവം ഒരുവന്റെ ജീവിതത്തിൽ പരമോന്നത സ്നേഹമാകുമ്പോൾ എല്ലാ മനുഷ്യബന്ധങ്ങളും ദൈവേഷ്ടപ്രകാരമാവുകയും തൽഫലമായി അവർ ലോകത്തിൽ ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷികളായിത്തീരുകയും ചെയ്യുന്നു.
ഏറ്റവും ഉൽകൃഷ്ടവും ശക്തവുമായ ബന്ധങ്ങൾ കാണപ്പെടുന്നത് ദൈവഭയമുള്ള അഥവാ ദൈവത്തെ ഒന്നാമത്തെ സ്നേഹമാക്കുന്ന ക്രൈസ്തവകുടുംബങ്ങളിലാണ്. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




