ജീവിതത്തിന് പുത്തൻ നിറങ്ങൾ പകരുന്ന വീട്ടിലെ കൊച്ചു സന്തോഷങ്ങൾ

ജീവിതത്തിലെ ഏറ്റവും മനോഹരമായ സന്തോഷങ്ങൾ പലപ്പോഴും വലിയ ആഘോഷങ്ങളിലല്ല ഒളിഞ്ഞിരിക്കുന്നത്. രാവിലെ ജനലിലൂടെ അരിച്ചിറങ്ങുന്ന ഇളംവെയിൽ, കൈയിൽ കിട്ടുന്ന ചൂടുചായ, റേഡിയോയിൽ കേൾക്കുന്ന പ്രിയഗാനം, സ്നേഹത്തോടെ വിശേഷങ്ങൾ അന്വേഷിക്കുന്ന ഒരാൾ… ഇതൊക്കെയും മനസ്സിൽ സന്തോഷത്തിന്റെ ചെറുവെളിച്ചം തെളിക്കുന്ന അനുഭവങ്ങളാണ്. പ്രത്യേകിച്ച്, വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കുന്ന മുതിർന്നവർക്ക് ഇത്തരം കൊച്ചു സന്തോഷങ്ങൾ ഏകാന്തത കുറയ്ക്കാനും ജീവിതത്തിൽ പ്രതീക്ഷയും ഉന്മേഷവും നിലനിർത്താനും സഹായിക്കും. വലിയ യാത്രകളോ വിലപിടിപ്പുള്ള സമ്മാനങ്ങളോ ഇല്ലാതെതന്നെ ഓരോ ദിവസവും മനോഹരമാകുമെന്ന് ഇവ ഓർമിപ്പിക്കുന്നു.

1. ചെറിയ സന്തോഷങ്ങൾ, വലിയ ആശ്വാസങ്ങൾ

ഒരു നല്ല പാട്ട് കേൾക്കുമ്പോഴോ ഇഷ്ടപ്പെട്ടൊരു വിഭവം കഴിക്കുമ്പോഴോ മനസ്സ് നിറയാറില്ലേ? ഇത്തരം ലളിതമായ അനുഭവങ്ങളാണ് ജീവിതത്തിലെ കൊച്ചു സന്തോഷങ്ങൾ. ഇവയ്ക്ക് വലിയ ഒരുക്കങ്ങളോ ചെലവുകളോ ആവശ്യമില്ല. എന്നാൽ മനസ്സിന് നൽകുന്ന ആശ്വാസം ചെറുതല്ല. സന്തോഷം പകരുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് സമ്മർദം കുറയ്ക്കാനും ജീവിതത്തെ കൂടുതൽ പ്രതീക്ഷയോടെ കാണാനും സഹായിക്കും.

പഴയൊരു പാട്ട് മധുരമുള്ള ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകാം. പഴയ ഫോട്ടോകൾ സന്തോഷനിമിഷങ്ങൾ തിരികെ കൊണ്ടുവരാം. പേരക്കുട്ടികളുടെ കുസൃതികൾ മനംനിറഞ്ഞു ചിരിക്കാനുള്ള അവസരമാകാം. സന്തോഷം തേടി ദൂരേക്ക് പോകണമെന്നില്ല; ചിലപ്പോൾ അത് നമ്മുടെ തൊട്ടരികിൽ തന്നെയുണ്ട്.

2. ഓരോ ദിവസത്തിലും സന്തോഷം കണ്ടെത്താം

പതിവ് കാര്യങ്ങളിൽപ്പോലും സന്തോഷം കണ്ടെത്താൻ ശ്രമിച്ചാൽ ഓരോ ദിവസത്തിനും പുതിയൊരു ഭംഗി കൈവരും. രാവിലെ ചായയുടെ രുചി ആസ്വദിക്കാം. മുറ്റത്തെ പൂക്കളും മഞ്ഞുതുള്ളികളും ശ്രദ്ധിക്കാം. ഇഷ്ടപ്പെട്ട പുസ്തകത്തിന്റെ ഏതാനും പേജുകൾ വായിക്കാം. പ്രാർഥനയ്‌ക്കോ ശാന്തമായ ചിന്തയ്‌ക്കോ അൽപ്പസമയം മാറ്റിവയ്ക്കാം.

അയൽക്കാരുടെ സ്നേഹമുള്ള സംസാരം, വളർത്തുമൃഗങ്ങളോടൊപ്പം ചെലവഴിക്കുന്ന സമയം, പ്രകൃതിയുടെ സൗന്ദര്യം—ഇതെല്ലാം മനസ്സിന് ഉന്മേഷം പകരും. ചുറ്റുമുള്ള നല്ല കാര്യങ്ങൾ കാണാൻ മനസ്സിനെ തുറന്നുവച്ചാൽ മതി.

3. നന്ദിയുള്ള മനസ്സ്, സന്തോഷം നിറഞ്ഞ ജീവിതം

ദിവസവും സന്തോഷം പകർന്ന ഒരു കാര്യമെങ്കിലും ഓർത്തുവയ്ക്കുന്നത് നല്ലൊരു ശീലമാണ്. ഇന്ന് ആരെങ്കിലും സ്നേഹത്തോടെ സംസാരിച്ചു, ഇഷ്ടപ്പെട്ടൊരു വിഭവം കഴിക്കാൻ കഴിഞ്ഞു, മുറ്റത്തെ ചെടിയിൽ പുതിയൊരു പൂവ് വിരിഞ്ഞു—ഇങ്ങനെ ചെറിയ കാര്യങ്ങൾ പോലും കുറിച്ചുവയ്ക്കാം.

ഇത്തരം ഓർമകൾ ജീവിതത്തിൽ നന്മകൾ ഇപ്പോഴും ഉണ്ടെന്ന തിരിച്ചറിവ് നൽകും. സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും അതുപോലെ പ്രധാനമാണ്. പഴയ ഓർമകൾ പങ്കിടുന്നതും ഒരു സുഹൃത്തിനെ വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കുന്നതും ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കും.സന്തോഷം പങ്കുവയ്ക്കുമ്പോൾ ഇരട്ടിയാവുകയാണ് ചെയ്യുന്നത്.

4. വീടിനുള്ളിൽ സന്തോഷത്തിന്റെ ഒരിടം ഒരുക്കാം

വീട് വെറുമൊരു താമസസ്ഥലമല്ല; സമാധാനവും സ്നേഹവും അനുഭവിക്കേണ്ട ഇടമാണ്. സുഖമായി ഇരിക്കാവുന്ന ഒരു കസേര, പ്രകൃതിദത്തമായ വെളിച്ചം, ഇഷ്ടപ്പെട്ട പുസ്തകങ്ങൾ, ഏതാനും ചെടികൾ—ഇത്രയും മതിയാകും മനസ്സിന് ആശ്വാസം നൽകാൻ. കുടുംബത്തിന്റെ പഴയ ചിത്രങ്ങളും യാത്രകളുടെ ഓർമകളും കാണാവുന്നിടത്ത് സൂക്ഷിക്കുന്നതും സന്തോഷം പകരും.

അതിലുപരി, സംസാരിക്കാൻ ഒരാളും മനസ്സുതുറക്കാൻ ഒരിടവും ആവശ്യമാണ്. മുതിർന്നവർ പറയുന്ന കാര്യങ്ങൾ ക്ഷമയോടെ കേൾക്കുകയും കുടുംബത്തിലെ ചെറിയ തീരുമാനങ്ങളിൽപ്പോലും അവരെ പങ്കാളികളാക്കുകയും ചെയ്യുന്നത് അവർക്ക് വിലമതിക്കപ്പെടുന്നുവെന്ന ബോധം നൽകും.

5. സ്നേഹത്തിന്റെ ചെറിയ പ്രവൃത്തികൾ വലിയ മാറ്റങ്ങളുണ്ടാക്കും

മുതിർന്നവരുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ വലിയ കാര്യങ്ങൾ ചെയ്യണമെന്നില്ല. ഒരു ഗ്ലാസ് വെള്ളം സ്നേഹത്തോടെ കൈമാറുന്നതും കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്നതും അവരുടെ ദിവസം മനോഹരമാക്കും. തിരക്കിനിടയിലും കുറച്ചുസമയം അവർക്കായി മാറ്റിവയ്ക്കാം. അവരുടെ പഴയകാല അനുഭവങ്ങൾ കേൾക്കാം. ഇഷ്ടപ്പെട്ട പാട്ട് ഒരുമിച്ചിരുന്ന് ആസ്വദിക്കാം. ഏകാന്തത അനുഭവിക്കുന്നവർക്ക് സ്നേഹപൂർവമായ സംഭാഷണങ്ങൾ തന്നെ വലിയ ആശ്വാസമാകും. മുതിർന്നവരുടെ ജീവിതം മനോഹരമാക്കാൻ വിലപിടിപ്പുള്ള സമ്മാനങ്ങളേക്കാൾ പ്രധാനമായത് അവരുടെ അരികിലിരുന്ന് സംസാരിക്കാൻ ചെലവഴിക്കുന്ന സമയവും സ്നേഹമുള്ള കരുതലുമാണ്. ഒരു പുഞ്ചിരി, ഒരു നല്ല വാക്ക്, ഒരുമിച്ചിരുന്ന് കുടിക്കുന്ന ഒരു കപ്പ് ചായ—ഇവയാണ് ജീവിതത്തെ കൂടുതൽ മനോഹരമാക്കുന്ന യഥാർഥ സമ്മാനങ്ങൾ.

സന്തോഷകരമായ ജീവിതം എന്നത് വലിയ കാര്യങ്ങൾ സംഭവിക്കുന്ന ജീവിതമല്ല; ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയുന്ന ജീവിതമാണ്.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.