പോപ്പ് മൊബീലിന് ഒരു നൂറ്റാണ്ട്: മെഴ്‌സിഡസ് ബെൻസ് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി ലെയോ പാപ്പ

സാങ്കേതികവിദ്യയിലെ നവീകരണങ്ങളും മുന്നേറ്റങ്ങളും എപ്പോഴും മാനവികതയുടെ ആത്മാഭിമാനത്തിനും സൃഷ്ടിയുടെ സംരക്ഷണത്തിനും പൊതുനന്മയ്ക്കുമായി വിനിയോഗിക്കപ്പെടണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. പ്രമുഖ ജർമ്മൻ വാഹന നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. വത്തിക്കാനുമായി ദീർഘകാലമായി തുടരുന്ന സഹകരണത്തിന് കമ്പനിയിലെ രൂപകൽപ്പനക്കാർ, എൻജിനീയർമാർ, മറ്റ് ജീവനക്കാർ എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു.

1930-ൽ പീയൂസ് പതിനൊന്നാമൻ മാർപാപ്പയ്ക്ക് ആദ്യമായി മെഴ്‌സിഡസ് ബെൻസ് വാഹനം നൽകിയതിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ‘പോപ്പ് മൊബീലിന്റെ ഒരു നൂറ്റാണ്ട്’ (A Century of the Popemobile) എന്ന പ്രത്യേക പ്രദർശനത്തിന്റെ ഭാഗമായാണ് ബെൻസ് പ്രതിനിധികൾ വത്തിക്കാനിലെത്തിയത്.

വാഹന സാങ്കേതികവിദ്യ കൈവരിച്ച അദ്ഭുതകരമായ പുരോഗതിയെക്കുറിച്ചും മാർപാപ്പാമാർ നടത്തുന്ന യാത്രകളുടെ ആഴമേറിയ പ്രാധാന്യത്തെക്കുറിച്ചും ചിന്തിക്കാൻ ഈ പ്രദർശനം അവസരമൊരുക്കുന്നുവെന്ന് പാപ്പ പറഞ്ഞു. കേവലമൊരു യാത്രാമാർഗമെന്നതിൽ ഉപരിയായി, തന്റെ ശുശ്രൂഷയിൽ വിശ്വാസികളിലേക്ക് കൂടുതൽ എത്താനുള്ള ഒരു ‘സമ്പർക്ക മാധ്യമമായി’ പോപ്പ് മൊബീൽ മാറിയെന്ന് പാപ്പ കൂട്ടിച്ചേർത്തു.

ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും സന്ദേശമെത്തിക്കാനുള്ള തിരുസഭയുടെ ദൗത്യത്തിന് നിങ്ങളുടെ പ്രവർത്തനം വലിയ സഹായമായിട്ടുണ്ടെന്ന് കമ്പനി അധികൃതരെ മാർപാപ്പ ഓർമ്മിപ്പിച്ചു.

2025-ലെ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്പൂർണ്ണ ഇലക്ട്രിക് പോപ്പ് മൊബീൽ സമ്മാനിച്ചതിനെയും ലെയോ പതിനാലാമൻ മാർപാപ്പ പ്രത്യേകം അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.