ആഗോള ക്രൈസ്തവപീഡന സൂചിക: ഇന്ത്യയും നൈജീരിയയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

2026-ലെ തങ്ങളുടെ ആഗോള പീഡനസൂചിക പുറത്തുവിട്ട് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ICC). ഇരുപതിലധികം രാജ്യങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനവും വർധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നയരൂപകർത്താക്കൾക്കും സംഘടനകൾക്കും എങ്ങനെ പ്രവർത്തിക്കാമെന്നതിനെക്കുറിച്ചുള്ള ശുപാർശകളും ഈ റിപ്പോർട്ടിൽ ഉൾപ്പെടുന്നു. പീഡനങ്ങൾ കൂടുതൽ മോശമായിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ ഭരണാധികാരികളെ ഈ സൂചിക പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു, നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗ, സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷാറാ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

ആഗോളതലത്തിൽ പീഡനങ്ങൾ നേരിടുന്ന ക്രൈസ്തവ സഭകൾക്ക് പിന്തുണ നൽകുന്ന ഒരു ലാഭരഹിത സംഘടനയാണ് ഐ.സി.സി. ലോകമെമ്പാടുമുള്ള 38.8 കോടിയിലധികം ക്രൈസ്തവർ, അതായത് 7 വിശ്വാസികളിൽ ഒരാൾ വീതം തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ കടുത്ത പീഡനങ്ങളും വിവേചനങ്ങളും അനുഭവിച്ചാണ് ജീവിക്കുന്നത് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഐ.സി.സി ‘ഫേസസ് ഓഫ് ദി പെർസിക്യൂട്ടഡ്’ (പീഡിപ്പിക്കപ്പെടുന്നവരുടെ മുഖങ്ങൾ) എന്ന സൂചിക തയ്യാറാക്കിയത്.

മതദേശീയ -അന്തർദേശീയ അടിച്ചമർത്തലുകൾ, മതസംഘടനകൾക്ക് മേലുള്ള ഭരണകൂട നിയന്ത്രണം, ഭീകരവാദം, ഏകാധിപത്യം, സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ, പീഡിപ്പിക്കുന്നതിനായി പാശ്ചാത്യരാജ്യങ്ങളെ ഉപയോഗപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള മതസ്വാതന്ത്ര്യ പ്രവണതകളാണ് പീഡനം വർധിക്കാൻ കാരണമാകുന്നതെന്ന് സൂചിക വ്യക്തമാക്കുന്നു. “ഈ വെല്ലുവിളികൾക്കിടയിലും, ഏറ്റവും വിപരീതമായ ചുറ്റുപാടുകളിൽ പോലും സഭ വളരുകയാണ്. അനീതിക്കെതിരെയും കൂടുതൽ സ്വാതന്ത്ര്യത്തിന് വേണ്ടിയും വ്യക്തികളും സമൂഹങ്ങളും പ്രതിരോധം തീർക്കുന്നതോടെ അടിച്ചമർത്തലുകൾക്കെതിരെയുള്ള ചെറുത്തുനിൽപ്പും ശക്തമാകുന്നുണ്ട്.” റിപ്പോർട്ടിൽ പറയുന്നു.

ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ, മിഡിൽ ഈസ്റ്റേൺ, നോർത്ത് ആഫ്രിക്കൻ, സൗത്ത് ഏഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് സൂചിക വിശദമായി പ്രതിപാദിക്കുന്നു. കൂടാതെ നൈജീരിയ, നിക്കരാഗ്വ, സിറിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വിശ്വാസികളെ സഹായിക്കുന്നതിനായുള്ള പ്രത്യേക ശുപാർശകളും ഇത് മുന്നോട്ട് വെക്കുന്നു.

നൈജീരിയക്കാർ രാഷ്ട്രീയ പീഡനങ്ങളും ജനക്കൂട്ട അക്രമങ്ങളും നേരിടുന്ന സാഹചര്യത്തിൽ, രാജ്യത്ത് വിശ്വാസികൾക്കെതിരെ നടന്ന കൂട്ടക്കൊലകളെക്കുറിച്ച് അടിയന്തരവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് ഐ.സി.സി ശുപാർശ ചെയ്യുന്നു. കൂടാതെ, മറ്റ് മതവിശ്വാസങ്ങളെ കുറ്റകരമാക്കുന്ന ദൈവനിന്ദാ നിയമങ്ങൾ ഉൾപ്പെടെയുള്ള നിയമപരമായ തടസ്സങ്ങൾ നീക്കുന്നതിന് അന്താരാഷ്ട്ര നേതൃത്വം ഇടപെടണമെന്നും ആവശ്യപ്പെടുന്നു.

നിക്കരാഗ്വയിൽ നൂറുകണക്കിന് വൈദികരും സന്ന്യാസിനിമാരും മറ്റ് അൽമായരും കാണാതാവുകയോ, തടവിലാക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് ഐ.സി.സി ചൂണ്ടിക്കാണിക്കുന്നു. അവിടത്തെ ഭരണകൂടം മതപരമായ പ്രഭാഷണങ്ങളും മാധ്യമങ്ങളും നിയന്ത്രിക്കാനും സ്വതന്ത്ര മതസംഘടനകളിലെ അംഗങ്ങളെ നിരീക്ഷിക്കാനും ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്. ഈ പ്രശ്നങ്ങളെ നേരിടാൻ, നാടുകടത്തപ്പെട്ട പുരോഹിതർക്ക് വേഗത്തിൽ അഭയം നൽകാനും ഭരണകൂടം പൂട്ടിച്ച ഇടവകകൾക്കും സിവിൽ സൊസൈറ്റി സംഘടനകൾക്കും ധനസഹായം നൽകാനും ഐ.സി.സി ശുപാർശ ചെയ്യുന്നു. ഭരണാധികാരികളായ ഡാനിയൽ ഒർട്ടേഗ, റൊസാരിയോ മുറില്ലോ എന്നിവരുൾപ്പെടെയുള്ള നിക്കരാഗ്വൻ ഉദ്യോഗസ്ഥർക്കെതിരെ അന്താരാഷ്ട്ര ഉപരോധങ്ങൾ ശക്തമാക്കാനും ഇത് ആവശ്യപ്പെടുന്നു.

സിറിയയിൽ അസദ് ഭരണകൂടത്തിന് ശേഷം സർക്കാർ മാറിയെങ്കിലും വിശ്വാസികൾ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. അവർ പ്രതികാര നടപടികൾക്കും തടങ്കലുകൾക്കും വിവേചനങ്ങൾക്കും ഇരയാകുന്നു, ഇത് ഭരണസമിതികളിൽ പങ്കാളികളാകുന്നതിൽ നിന്നും അവരുടെ സ്വത്തുക്കൾ തിരികെ ലഭിക്കുന്നതിൽ നിന്നും അവരെ തടയുന്നു.

സിറിയയിൽ കുടിയൊഴിപ്പിക്കപ്പെട്ട സമൂഹങ്ങളെ സഹായിക്കുന്നതിനും ലക്ഷ്യം വെക്കപ്പെടുന്ന ക്രൈസ്തവരെ സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികളെ പിന്തുണയ്ക്കണമെന്ന് ഐ.സി.സി ശുപാർശ ചെയ്യുന്നു. അസദ് ഭരണകാലത്തും അതിനു ശേഷവും നടന്ന യുദ്ധക്കുറ്റങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർ ശിക്ഷിക്കപ്പെടണമെന്നും ഇത് ആവശ്യപ്പെടുന്നു.

ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അക്രമങ്ങളും ജനക്കൂട്ട ആക്രമണങ്ങളും നേരിടുന്ന ഗ്രൂപ്പുകളെ സഹായിക്കാനും വാർത്തകൾ റിപ്പോർട്ട് ചെയ്യാനും ശ്രമിക്കുന്ന സ്വതന്ത്ര സന്നദ്ധ സംഘടനകളെയും (NGOs) മാധ്യമങ്ങളെയും സംരക്ഷിക്കണമെന്ന് ഐ.സി.സി ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.