സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനായി 15 കാര്യങ്ങൾ

ദാമ്പത്യം എന്നത് രണ്ട് വ്യക്തികൾ ഒരുമിച്ച് ആരംഭിക്കുന്ന സുന്ദരമായ ഒരു യാത്രയാണ്. സ്നേഹവും പരസ്പര ബഹുമാനവും നിറഞ്ഞ ഒരു ബന്ധം കെട്ടിപ്പടുക്കുക എന്നത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. അതിന് രണ്ടുപേരുടെയും ഭാഗത്തുനിന്ന് ഒരേപോലെയുള്ള പരിശ്രമം ആവശ്യമാണ്. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിർത്താൻ സഹായിക്കുന്ന 15 കാര്യങ്ങൾ ഇതാ:

1. തെറ്റുകൾ സംഭവിക്കാം എന്ന് മനസ്സിലാക്കുക

നമ്മൾ മനുഷ്യരാണ്, പൂർണ്ണരായ മനുഷ്യർ ആരുമില്ല. ജീവിതത്തിൽ ചിലപ്പോഴൊക്കെ പങ്കാളിക്ക് തെറ്റുകൾ പറ്റാം അല്ലെങ്കിൽ നമ്മെ നിരാശപ്പെടുത്തിയേക്കാം. ഇത് സ്വാഭാവികമാണെന്ന് മനസ്സിലാക്കുക. പങ്കാളിയിൽ നിന്ന് അമിതമായ പ്രതീക്ഷകൾ വച്ചുപുലർത്താതെ കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ കാണുക.

2. പങ്കാളിയെ നിങ്ങളുടെ മികച്ച സുഹൃത്താക്കുക

നല്ലൊരു സൗഹൃദമാണ് ഏതൊരു ദാമ്പത്യത്തിന്റെയും അടിത്തറ. സന്തോഷമുള്ള വാർത്ത പങ്കുവയ്ക്കാനും സങ്കടങ്ങൾ പറയാനും വെറുതെ സംസാരിച്ചിരിക്കാനും ആദ്യം തോന്നേണ്ടത് സ്വന്തം പങ്കാളിയോടായിരിക്കണം. ജീവിതം ഒരുമിച്ച് ആസ്വദിക്കുക.

3. ക്ഷമിക്കാൻ പഠിക്കുക

ഒരു ബന്ധത്തിലും പിണക്കങ്ങൾ ഒഴിവാക്കാൻ കഴിയില്ല. എന്നാൽ ക്ഷമിക്കാനുള്ള മനസ്സ് ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. മനസ്സിൽ ദേഷ്യവും തെറ്റിദ്ധാരണകളും വച്ചുകൊണ്ടിരിക്കാതെ, പങ്കാളിയോട് മനസ്സറിഞ്ഞ് ക്ഷമിക്കുക.

4. മാപ്പ് ചോദിക്കാൻ മടിക്കരുത്

നമ്മുടെ ഭാഗത്ത് തെറ്റ് പറ്റുമ്പോൾ അത് തുറന്നു സമ്മതിക്കാനുള്ള മനസ്സ് കാണിക്കുക. “എന്നോട് ക്ഷമിക്കണം” എന്ന് പറയാൻ കാണിക്കുന്ന വിനയം ബന്ധത്തിന്റെ ആഴം കൂട്ടും.

5. ഒരുമിച്ച് സമയം ചെലവഴിക്കുക

എത്ര തിരക്കുണ്ടെങ്കിലും പങ്കാളിക്കായി സമയം കണ്ടെത്തുക. അത് വലിയ യാത്രകളോ വൻകിട ഹോട്ടലുകളിലെ ഭക്ഷണങ്ങളോ ആകണമെന്നില്ല. വൈകുന്നേരങ്ങളിൽ ഒന്നിച്ചിരുന്ന് ചായ കുടിക്കുന്നതോ, കൈകോർത്ത് നടക്കുന്നതോ ഒക്കെ ആകാം.

6. ശ്രദ്ധയോടെ കേൾക്കുക

പങ്കാളി പറയുന്നത് ശ്രദ്ധയോടെ കേൾക്കുക എന്നത് സ്നേഹം പ്രകടിപ്പിക്കാനുള്ള മികച്ച വഴിയാണ്. സംസാരിക്കുമ്പോൾ ഫോൺ മാറ്റിവച്ച്, അവരുടെ കണ്ണുകളിൽ നോക്കി കേൾക്കാൻ സമയം കണ്ടെത്തുക.

7. പങ്കാളിയെക്കുറിച്ച് മറ്റുള്ളവരോട് മോശം പറയാതിരിക്കുക

പങ്കാളിയുടെ കുറ്റങ്ങളും കുറവുകളും മറ്റുള്ളവരുടെ മുന്നിൽ വച്ച് സംസാരിക്കരുത്. അവർക്ക് എപ്പോഴും ബഹുമാനം നൽകുക. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് രണ്ടുപേരും തമ്മിൽ സംസാരിച്ച് തീർക്കുക.

8. പരസ്പരം പിന്തുണയ്ക്കുക

പ്രശ്നങ്ങളും വിയോജിപ്പുകളും ഉണ്ടാകുമ്പോൾ പങ്കാളിക്കെതിരെ പോരാടുന്നതിന് പകരം, പ്രശ്നങ്ങളെ രണ്ടുപേരും ഒരുമിച്ച് നേരിടുക. ചെറിയ കാര്യങ്ങൾ സംസാരിച്ച് പരിഹരിക്കുക.

9. ബഹുമാനം നൽകുക

സ്നേഹം പോലെ തന്നെ പ്രധാനമാണ് ബഹുമാനവും. നമ്മോട് ഏറ്റവും അടുത്ത ആളായതുകൊണ്ട് പങ്കാളിയെ നിസ്സാരമായി കാണരുത്. അവരുടെ ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കും പ്രാധാന്യം നൽകുക.

10. കരുതലോടെ പെരുമാറുക

പങ്കാളിക്ക് സ്നേഹം അനുഭവപ്പെടുന്ന ചെറിയ കാര്യങ്ങൾ ചെയ്യുക. ചായ ഉണ്ടാക്കി നൽകുക, വീട്ടുജോലികളിൽ സഹായിക്കുക, സുഖവിവരങ്ങൾ തിരക്കി സന്ദേശങ്ങൾ അയക്കുക തുടങ്ങിയ ചെറിയ കരുതൽ വലിയ സന്തോഷം നൽകും.

11. വ്യക്തമായ അതിരുകൾ നിശ്ചയിക്കുക

ദാമ്പത്യത്തിന്റെ സുരക്ഷിതത്വത്തിന് ചില അതിരുകൾ ആവശ്യമാണ്. മറ്റ് വ്യക്തികളുമായുള്ള ബന്ധത്തിൽ ദാമ്പത്യത്തിന് ഭീഷണിയാകുന്ന രീതിയിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ രണ്ടുപേരും ഒരുമിച്ച് തീരുമാനമെടുക്കുക.

12. പങ്കാളിയുടെ ഏറ്റവും വലിയ ആരാധകനാവുക

പരസ്പരം മത്സരബുദ്ധിയോടെ കാണാതെ, പങ്കാളിയുടെ വിജയങ്ങളിൽ സന്തോഷിക്കുക. അവരുടെ കഴിവുകളെ പ്രശംസിക്കുകയും എപ്പോഴും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

13. മാറ്റങ്ങളെ ഉൾക്കൊള്ളുക

കാലം മാറുന്നതിനനുസരിച്ച് മനുഷ്യരുടെ രീതികളും താല്പര്യങ്ങളും മാറിയേക്കാം. ഈ മാറ്റങ്ങളെ മനസ്സിലാക്കാനും പരസ്പരം അംഗീകരിക്കാനും തയ്യാറാവുക.

14. പ്രതിസന്ധികളിൽ ഒപ്പം നിൽക്കുക

ജീവിതത്തിൽ രോഗങ്ങളോ, സാമ്പത്തിക ബുദ്ധിമുട്ടുകളോ, മറ്റ് സങ്കടങ്ങളോ വരാം. ഇത്തരം കഠിനമായ സമയങ്ങളിൽ പരസ്പരം അകലാതെ, കൂടുതൽ അടുക്കുകയും തണലാവുകയും ചെയ്യുക.

15. ഒരുമിച്ച് സ്വപ്നം കാണുക

ഭാവി ജീവിതത്തെക്കുറിച്ച് രണ്ടുപേരും ഒരുമിച്ച് സ്വപ്നം കാണുക. മക്കളുടെ കാര്യം, ഭാവിയിലെ യാത്രകൾ, വീട്, വിരമിക്കൽ കാലം എന്നിവയെക്കുറിച്ചൊക്കെ സംസാരിക്കുന്നത് ബന്ധത്തിന് പുതിയ ഊർജ്ജം നൽകും.

സന്തോഷമുള്ള ഒരു ദാമ്പത്യം എന്നത് താനേ ഉണ്ടാകുന്ന ഒന്നല്ല, മറിച്ച് ദിവസവും പരസ്പര സ്നേഹത്തോടെയും കരുതലെടെയും നമ്മൾ കെട്ടിപ്പടുക്കുന്ന ഒന്നാണ്. പോരായ്മകൾ പരസ്പരം നികത്തി, സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒരുമിച്ച് മുന്നോട്ട് പോകുമ്പോൾ ദാമ്പത്യജീവിതം കൂടുതൽ മനോഹരമായി മാറും.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.