പ്രതീക്ഷയുടെ യാത്ര 168: പുതിയൊരു തീരത്തേക്ക്

2009 ൽ ഒങ്നി ലെകോംറ്റെ (Ounie Lecomte) സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘എ ബ്രാൻഡ് ന്യൂ ലൈഫ്’ (A Brand New Life) എന്ന ദക്ഷിണ കൊറിയൻ ചലച്ചിത്രം നൽകുന്ന വൈകാരിക അനുഭവവും ജീവിതപാഠങ്ങളും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നതാണ്. സംവിധായികയുടെ സ്വന്തം ബാല്യകാല അനുഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം, മാതാപിതാക്കള്‍ ഉപേക്ഷിക്കുമ്പോള്‍ തകരുന്ന ഒരു കുഞ്ഞിന്റെ മാനസികാവസ്ഥയെയും അനാഥത്വത്തിന്റെ വേദനകളെ അതിജീവിച്ച് അവൾ പുതിയൊരു ജീവിതത്തിലേക്ക് ചുവടുവയ്ക്കുന്നതിനെയും വളരെ ആർദ്രമായി ആവിഷ്കരിക്കുന്നു. 1975 ലെ സീയൂൾ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ വികസിക്കുന്നത്.

ഒൻപത് വയസ്സുകാരിയായ ജിൻ-ഹീ എന്ന പെൺകുട്ടിയുടെയും അവളുടെ പിതാവിന്റെയും സന്തുഷ്ടമായ നിമിഷങ്ങളോടെയാണ് ചിത്രം ആരംഭിക്കുന്നത്. പിതാവിനോടൊപ്പം സൈക്കിളിൽ സഞ്ചരിക്കുകയും പുതിയ വസ്ത്രങ്ങൾ വാങ്ങുകയും റെസ്റ്റോറന്റിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ജിൻ-ഹീ തികച്ചും ആനന്ദവതിയാണ്. അവിടെ വച്ച് അവൾ പിതാവിനു വേണ്ടി ഒരു ഗാനം ആലപിക്കുന്നു; “ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നീ ഇപ്പോൾ അറിയുന്നില്ല, എന്നിൽ നിന്ന് വേർപിരിയുമ്പോൾ മാത്രമേ അത് മനസ്സിലാകൂ” എന്ന വരികൾ വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ സൂചനയായിരുന്നു എന്ന് പ്രേക്ഷകര്‍ക്ക് പിന്നീട് മനസ്സിലാകുന്നു.

പിറ്റേദിവസം, ഒരു കേക്കും വാങ്ങി പിതാവ് അവളെ ബസിൽ കയറ്റി കത്തോലിക്കാ സന്ന്യാസിനിമാർ നടത്തുന്ന ഒരു അനാഥാലയത്തിലേക്ക് കൊണ്ടുപോകുന്നു. അവിടെ അവളെ ഉപേക്ഷിച്ച് പിതാവ് കടന്നുകളയുകയാണ്. എന്നാൽ, പിതാവ് തന്നെ പൂർണ്ണമായി തള്ളിപ്പറഞ്ഞു എന്ന് വിശ്വസിക്കാൻ ആ ഒൻപത് വയസ്സുകാരി തയ്യാറാകുന്നില്ല. ഇതൊരു താത്കാലിക യാത്ര മാത്രമാണെന്നും പിതാവ് ഉടൻ തിരികെവരുമെന്നും അവൾ ഉറച്ചു വിശ്വസിക്കുന്നു. അനാഥാലയത്തിലെ മറ്റു കുട്ടികൾ സത്യം പറയുമ്പോഴും അവൾ പിതാവിനെ ന്യായീകരിക്കുകയും തനിക്കൊരു വീടുണ്ടെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ അനാഥാലയത്തിലെ യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാൻ അവൾ കഠിനമായി ശ്രമിക്കുന്നു; പക്ഷേ പരാജയപ്പെടുന്നു. ഭക്ഷണം കഴിക്കാതെ മാറിനിൽക്കുക, അവിടെയുള്ള കുറ്റിക്കാട്ടിൽ പോയി ഒളിച്ചിരിക്കുക, അനാഥാലയത്തിന്റെ വലിയ ഗേറ്റ് ചാടിക്കടന്ന് രക്ഷപെടാൻ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ അവൾ തന്റെ സങ്കടവും പ്രതിഷേധവും പ്രകടിപ്പിക്കുകയാണ്. പള്ളിയിലെ കുർബാനയ്ക്കിടെ, കുരിശിൽ കിടന്ന് “എന്റെ ദൈവമേ, നീ എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു” എന്ന് യേശു ചോദിക്കുന്ന വചനം കേൾക്കുമ്പോൾ, തന്റെ പിതാവും തന്നെ ഉപേക്ഷിച്ചതാണെന്ന തിരിച്ചറിവ് അവളുടെ ഉള്ളിൽ കൂടുതൽ ആഴത്തിൽ പതിക്കുന്നു.

അനാഥാലയത്തിൽ വച്ച് അവൾ തന്നേക്കാൾ അൽപം മുതിർന്ന ഒരു പെൺകുട്ടിയുമായി സൗഹൃദത്തിലാകുന്നു. അവർ ഒന്നിച്ചു പരിപാലിച്ച ഒരു പക്ഷിക്കുഞ്ഞ് ചത്തുപോകുമ്പോൾ രണ്ടുപേരും ചേർന്ന് അതിനെ അടക്കം ചെയ്യുന്നത് അവരുടെ ഉള്ളിലെ മുറിവുകളുടെ പ്രതീകമാണ്. എന്നാൽ, ആ കൂട്ടുകാരിയെ മറ്റൊരു കുടുംബം ദത്തെടുത്ത് കൊണ്ടുപോകുമ്പോൾ ജിൻ-ഹീ വീണ്ടും ഒറ്റപ്പെടുന്നു. ദേഷ്യവും നിരാശയും സഹിക്കാനാവാതെ അവൾ തനിക്ക് സമ്മാനമായി ലഭിച്ച പാവകളെ നശിപ്പിച്ചുകളയുകയാണ്.

വർഷങ്ങളായി അവിടെ കഴിയുന്ന, ശാരീരികവൈകല്യമുള്ള മറ്റൊരു പെൺകുട്ടി നേരിടുന്ന അനുഭവങ്ങളും അവളുടെ ആത്മഹത്യാശ്രമവും ഒടുവിൽ ഒരു കർഷക കുടുംബത്തിലേക്ക് വേലക്കാരിയെപ്പോലെ കൊണ്ടുപോകപ്പെടുന്നതുമെല്ലാം അനാഥാലയത്തിലെ ദുരന്തപൂർണ്ണമായ മറ്റൊരു വശമാണ് കാണിക്കുന്നത്.

ഒടുവിൽ, പിതാവിന്റെ വിലാസത്തിൽ അന്വേഷിച്ചിട്ടും യാതൊരു വിവരവുമില്ലെന്ന് മനസ്സിലാക്കുന്നതോടെ ജിൻ-ഹീ താന്‍ അനാഥയാക്കപ്പെട്ടു എന്ന കയ്പേറിയ യാഥാർഥ്യം അംഗീകരിക്കുന്നു. ഫ്രാൻസിലുള്ള ഒരു ദമ്പതികൾ അവളെ ദത്തെടുക്കാൻ തയ്യാറാകുമ്പോൾ അവൾ അതിന് സമ്മതിക്കുന്നു. യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ്, അനാഥാലയത്തിലെ ആയ തയ്ച്ചുകൊടുത്ത പുതിയ വസ്ത്രം ധരിക്കുമ്പോൾ, അവൾ തന്റെ പിതാവിന് പാടിക്കൊടുത്ത ആ പഴയ ഗാനം അതിന്റെ പൂർണ്ണരൂപത്തിൽ പാടുന്നു. എങ്ങോ പോയ്മറഞ്ഞ തന്റെ പിതാവിനോടുള്ള സ്നേഹവും ഉള്ളിലെ വിങ്ങിപ്പൊട്ടലും ആ വരികളിലുണ്ട്.

ഫ്രാൻസിലേക്കുള്ള വിമാനത്തിൽ, ഒറ്റയ്ക്ക് ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന ജിൻ-ഹീയുടെ മനസ്സിലേക്ക് പഴയകാലത്ത് അച്ഛന്റെ കൂടെ സൈക്കിളിൽ സുരക്ഷിതമായി യാത്രചെയ്ത ഓർമ്മകൾ കടന്നുവരികയാണ്. അപരിചിതമായ പുതിയൊരു ലോകത്തേക്ക്, പുതിയൊരു ജീവിതത്തിലേക്ക് (A Brand New Life) അവൾ കാലുകുത്തുന്നിടത്ത് ചിത്രം അവസാനിക്കുന്നു.

ഈ ചലച്ചിത്രം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും വലിയ സന്ദേശം കുട്ടികളുടെ ജീവിതത്തിൽ മാതാപിതാക്കളുടെ സാന്നിധ്യം എത്രമാത്രം നിർണ്ണായകമാണെന്നുള്ളതാണ്. മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോൾ തന്നെ അവരുടെ സ്നേഹവും സംരക്ഷണവും നഷ്ടപ്പെടുന്ന ഒരു കുട്ടി അനുഭവിക്കുന്ന മാനസികാഘാതം വളരെ വലുതാണ്. വലിയ പ്രതീക്ഷകളോടെയും സന്തോഷത്തോടെയും വളരേണ്ട പ്രായത്തിൽ അനാഥത്വത്തിന്റെ ഇരുട്ടിലേക്ക് തള്ളിയിടപ്പെടുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കേണ്ട ഒന്നാണ്. മാതാപിതാക്കളെടുക്കുന്ന തെറ്റായ തീരുമാനങ്ങളും നിരുത്തരവാദപരമായ സമീപനങ്ങളും ഒരു കുട്ടിയുടെ ഇളംമനസ്സിൽ മായാത്ത മുറിവുകളാണ് സമ്മാനിക്കുന്നത് എന്ന വലിയ തിരിച്ചറിവാണ് ചിത്രം തരുന്നത്.

അതോടൊപ്പം തന്നെ, ഏത് പ്രതിസന്ധിഘട്ടങ്ങളെയും അതിജീവിച്ചു മുന്നേറാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയെക്കുറിച്ചും ഈ ചിത്രം സംസാരിക്കുന്നുണ്ട്. ജീവിതം പൂർണ്ണമായും തകർന്നുപോയെന്ന് കരുതുന്നിടത്തു നിന്നും പുതിയൊരു അതിജീവനത്തിന്റെ പാത വെട്ടിപ്പിടിക്കാൻ ജിൻ-ഹീ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്. അപരിചിതമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും നഷ്ടബോധങ്ങളെ പിൻതള്ളി പുതിയൊരു തുടക്കത്തിനായി സ്വയം സജ്ജമാകാനും ഈ കുട്ടി കാണിക്കുന്ന ധൈര്യം ഏവർക്കും പ്രചോദനമാണ്. കൈവിട്ടുപോയ ബന്ധങ്ങളുടെ നോവുകൾ ഉള്ളിലുണ്ടെങ്കിലും പുതിയൊരു തീരത്തേക്ക് കപ്പൽ കയറാൻ മടിക്കരുതെന്ന സന്ദേശമാണ് ‘എ ബ്രാൻഡ് ന്യൂ ലൈഫ്’ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.