ഈജിപ്തിൽ സ്കൂൾ റാങ്ക് പട്ടികയിൽ കോപ്റ്റിക് ക്രൈസ്തവരില്ല: വിവേചന ആരോപണവുമായി മനുഷ്യാവകാശ സംഘടനകൾ

ഈജിപ്തിലെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട ഹൈസ്കൂൾ പരീക്ഷാ ഫലത്തിലെ മികവ് പുലർത്തിയവരുടെ റാങ്ക് പട്ടികയിൽ (Honors List) ഒരു കോപ്റ്റിക് ക്രിസ്ത്യൻ വിദ്യാർഥി പോലും ഇടംപിടിക്കാത്തത് രാജ്യത്തെ ക്രൈസ്തവ പാർശ്വവൽക്കരണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ. ‘പെർസിക്യൂഷൻ ഡാറ്റ് ഓർഗ്’ (Persecution.org), ‘കോപ്റ്റിക് സോളിഡാരിറ്റി’ എന്നിവയാണ് ഈ വിഷയത്തിൽ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയത്.

സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ രാജ്യത്തെ ആദ്യ 30 വിദ്യാർഥികളുടെ പട്ടികയാണ് അടുത്തിടെ മന്ത്രാലയം പുറത്തുവിട്ടത്. എന്നാൽ ഇതിലെ പ്രധാന മൂന്ന് പഠന മേഖലകളിലെയും ആദ്യ പത്ത് റാങ്കുകളിൽ ഉൾപ്പെടെ മുഴുവൻ പേരും മുസ്ലിം വിദ്യാർഥികളാണ്. ഈജിപ്ഷ്യൻ ജനസംഖ്യയുടെ 10 ശതമാനത്തിലധികം കോപ്റ്റിക് ക്രൈസ്തവരാണ്. എന്നിരുന്നാലും രാജ്യത്തെ മുൻനിരയിലുള്ള 30 വിദ്യാർഥികളിൽ ഒരാൾ പോലും ക്രൈസ്തവ പശ്ചാത്തലത്തിൽ നിന്നുള്ളവനല്ല എന്നത് അവഗണനയുടെ ആഴം കാണിക്കുന്നു.

മുൻവർഷങ്ങളിലെ റാങ്ക് പട്ടികകളിൽ കുറഞ്ഞത് ഒന്നോ രണ്ടോ കോപ്റ്റിക് വിദ്യാർഥികളെങ്കിലും ഇടംപിടിച്ചിരുന്നു. എന്നാൽ ഇത്തവണ ഒരാൾ പോലും ഉൾപ്പെടാത്തത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനപരമായ അന്തരീക്ഷത്തെയും മൂല്യനിർണ്ണയ രീതികളെയുമാണ് ചോദ്യം ചെയ്യുന്നത്. ഈജിപ്തിൽ ഭരണഘടനാപരമായി വിശ്വാസസ്വാതന്ത്ര്യവും സമത്വവും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, പ്രായോഗികതലത്തിൽ വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലയിലും ക്രിസ്ത്യാനികൾ രണ്ടാം തരം പൗരന്മാരായി തഴയപ്പെടുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.