ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: സെപ്റ്റംബർ 23

1803 സെപ്റ്റംബർ 23 നാണ് അസായേ യുദ്ധം നടക്കുന്നത്. രണ്ടാം ആംഗ്ലോ മറാത്താ യുദ്ധത്തിന്റെ ഭാഗമായിരുന്നു ഏറ്റുമുട്ടൽ. ബ്രിട്ടീഷ് സേനയും മറാത്താ സൈന്യവും തമ്മിലായിരുന്നു യുദ്ധം. മഹാരാഷ്ട്രയിലെ അസായേ എന്ന സ്ഥലത്താണ് യുദ്ധം നടന്നത്. മേജർ ജനറൽ ആർതർ വെല്ലസ്ലി ആയിരുന്നു ബ്രിട്ടീഷ് സേനാനായകൻ. യുദ്ധത്തിൽ ബ്രിട്ടീഷുകാർ വിജയിച്ചു. മറാത്താ സൈന്യത്തിന് 6000 പടയാളികളെയും, ഇംഗ്ലീഷ് സൈന്യത്തിന് 1600 ആളുകളെയും യുദ്ധത്തിൽ നഷ്ടപ്പെട്ടു എന്നാണ് കണക്കുകൾ. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യമുറപ്പിക്കുന്നതിലേക്കുള്ള നിർണ്ണായക ചുവടായിരുന്നു ഈ യുദ്ധവിജയം.

1846 സെപ്റ്റംബർ 23 നാണ് നെപ്റ്റ്യൂൺ കണ്ടെത്തിയത്. സൂര്യനെ വലംവയ്ക്കുന്ന എട്ടാമത്തെ ഗ്രഹമാണ് നെപ്റ്റ്യൂൺ. ഗണിതസമവാക്യങ്ങൾ ഉപയോഗിച്ച് ഗ്രഹത്തിന്റെ സ്ഥാനം നേരത്തെ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും അത് മനുഷ്യദൃഷ്ടിയിൽ പതിഞ്ഞിരുന്നില്ല. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തതിനാൽ ടെലിസ്കോപ്പുപയോഗിച്ചാണ് ഗ്രഹം കണ്ടെത്തിയത്. ജ്യോതിശാസ്ത്രജ്ഞനായിരുന്ന ഉർബൈൻ ലെ വെരിയറാണ് ഗ്രഹത്തിന്റെ സ്ഥാനം പ്രവചിച്ചത്. എന്നാൽ നെപ്റ്റ്യൂൺ ആദ്യമായി കണ്ടതാകട്ടെ, ജോഹാൻ ഗോട്ട്ഫ്രീഡ് ഗാല്ലേ എന്ന ശാസ്ത്രജ്ഞനും.

1965 സെപ്റ്റംബർ 23 നാണ് ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന് അവസാനം കുറിച്ചുകൊണ്ട് വെടിനിർത്തൽ പ്രഖ്യാപിച്ചത്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച് 22 ദിവസം നീണ്ടുനിന്ന യുദ്ധമാണ് അതോടെ അവസാനിച്ചത്. ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിലിന്റെ നിർദേശപ്രകാരമായിരുന്നു വെടിനിർത്തൽ. പാക് അധീന കാശ്മീരിലെ ഹാജി പിർ പാസ് പിടിച്ചെടുക്കാനായിരുന്നു യുദ്ധം. വെടിനിർത്തൽ പ്രഖ്യാപിച്ചതിനാൽ യുദ്ധത്തിൽ ആരും വിജയം നേടിയില്ല. എങ്കിലും ഇന്ത്യയ്ക്കായിരുന്നു മേൽകൈ എന്ന് വിലയിരുത്തപ്പെടുന്നു. ഈ യുദ്ധത്തിലാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വ്യോമസേനകൾ ആദ്യമായി സജീവമായി പങ്കെടുക്കുന്നത്.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.