കാനഡയിൽ ഒരാഴ്ചയ്ക്കുള്ളിൽ നടന്നത് രണ്ട് ജൂതവിരുദ്ധ ആക്രമണങ്ങൾ

കാനഡയിൽ ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് കടുത്ത ജൂതവിരുദ്ധ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ടൊറന്റോയിലും മോൺട്രിയലിലുമായി നടന്ന ഈ സംഭവങ്ങൾ രാജ്യത്തെ ജൂത ജനവിഭാഗത്തിനിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ആദ്യ സംഭവം ജൂൺ 30-ന് ടൊറന്റോയിൽ പകൽ സമയത്താണ് നടന്നത്. ജൂതമത വിശ്വാസിയായ ജോസഫ് ബിറ്റൺ എന്ന ആൾക്ക് നേരെ യെമനിലെ ഹൂതി വിഭാഗത്തിൽപ്പെട്ടയാളാണെന്ന് അവകാശപ്പെട്ട ഒരാൾ അക്രമണം നടത്തുകയായിരുന്നു “ഇസ്രായേൽ, കുഞ്ഞുങ്ങളെ കൊല്ലുന്നതുകൊണ്ട് നിന്നെ ഞാൻ വധിക്കും” എന്ന് ആക്രോശിച്ചുകൊണ്ട് പ്രതി കല്ലുകളും ഇഷ്ടികകളും ഇരുമ്പ് കമ്പികളും ബിറ്റണിനു നേരെ എറിയുകയായിരുന്നു. കൂടാതെ, മരക്കൊമ്പ് കൊണ്ട് അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

സംഭവത്തിൽ ടൊറന്റോ പൊലീസ് അബ്ദുൽകാദിർ അൽ-ജെലാനി (58) എന്നയാളെ അറസ്റ്റ് ചെയ്യുകയും കൊലപാതകശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. പൊലീസ് ഇതിനെ ഒരു വിദ്വേഷ കുറ്റകൃത്യമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ സംഭവത്തിന് തൊട്ടുപിന്നാലെ വെള്ളിയാഴ്ച രാത്രി മോൺട്രിയലിലെ ഒരു ആരാധനാലയത്തിന് പുറത്തുവച്ച് മറ്റൊരു വിദ്വേഷ ആക്രമണവുമുണ്ടായി. പ്രാർത്ഥന കഴിഞ്ഞ് മടങ്ങിയ ഹസിദിക് ജൂത സമൂഹത്തിൽപ്പെട്ട ഒരാളുടെ പരമ്പരാഗത രോമത്തൊപ്പി (Streimel) കാറിൽ നിന്നിറങ്ങിയ ഒരാൾ ബലമായി പിടിച്ചുപറിക്കാൻ ശ്രമിച്ചു. മറ്റ് ജൂതന്മാർ തടയാൻ ശ്രമിച്ചതോടെ അക്രമി കാറിൽ കയറി രക്ഷപ്പെട്ടെങ്കിലും, അവിടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ വിലപിടിപ്പുള്ള പരമ്പരാഗത തൊപ്പികൾ ഇയാൾ മോഷ്ടിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.