മാധ്യമപ്രവർത്തകർക്കെതിരായ ഭീഷണികൾ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നു

വസ്തുനിഷ്ഠമായി വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകൻ ടോം കുര്യാക്കോസിനും കുടുംബത്തിനുമെതിരെ വന്ന ഭീഷണിസന്ദേശം കേരളത്തിലെ മാധ്യമസ്വാതന്ത്ര്യത്തിനെതിരെ വരുന്ന പ്രധാനപ്പെട്ട ഭീഷണിയാണ്. ഇത്തരം ഭീഷണികൾ മാധ്യമപ്രവർത്തകരുടെ ആത്മവിശ്വാസം കെടുത്തുന്നതാണ്. ഈ പൊതുതെരെഞ്ഞുടുപ്പു കാലത്ത് മാധ്യമപ്രവർത്തകരുടെയോ, മാധ്യമസ്ഥാപനങ്ങളുടെയോ സ്വത്തുനാശവും ആത്മവീര്യനഷ്ടവും സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കുമെന്നതു തീർച്ചയാണ്.

മാധ്യമപ്രവർത്തകർ നിരന്തരം പീഡനങ്ങളും ഭീഷണികളും നേരിടുന്നു എന്നത് സങ്കടകരമായ വിരോധാഭാസമാണ്. ചില മാധ്യമപ്രവർത്തകർ നിരന്തരം പീഡനങ്ങൾക്കു വിധേയരാകുന്നുവെന്നു മാത്രമല്ല, സമൂഹത്തിലെ ദുർബലർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി വാദിക്കുന്നവരോ ആയ മാധ്യമപ്രവർത്തകരെയാണ് ചിലർ ലക്ഷ്യമിടുന്നത്.

‘മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയമോ, സാമ്പത്തികമോ, നിയമപരമോ, സാമൂഹികപരമോ ആയ ഇടപെടലുകളില്ലാതെയും ശാരീരികവും മാനസികവുമായ സുരക്ഷിതത്വത്തിന് ഭീഷണികളില്ലാതെയും ഒറ്റയ്ക്കോ, കൂട്ടായോ പൊതുതാല്പര്യത്തില്‍ വാര്‍ത്തകള്‍ തിരഞ്ഞെടുക്കുന്നതിനും നിര്‍മ്മിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവരുടെ കഴിവിനെയാണ് മാധ്യമസ്വാതന്ത്ര്യം’ എന്നു പറയുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ഭീഷണിക്കു വിധേയരായി ജോലിചെയ്യേണ്ടിയും വരുന്ന ഒരു അന്തരീക്ഷത്തില്‍ മറ്റ്  മാധ്യമപ്രവര്‍ത്തകര്‍ക്കിടയിൽ രൂപപ്പെട്ടിരിക്കുന്ന ‘ഭയ’ത്തെക്കൂടി നാം മനസ്സിലാക്കേണ്ടതും കണക്കിലെടുക്കേണ്ടതുമാണ്. മാധ്യമപ്രവർത്തകർ പീഡിപ്പിക്കപ്പെടുകയും ടാർഗെറ്റ് ചെയ്യപ്പെടുകയും വിമർശനത്തിനു നിയമപരമായ ആരോപണങ്ങൾ നേരിടുകയും ചെയ്യുന്നതിനാൽ മാധ്യമസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നു.

മാധ്യമപ്രവർത്തകർക്കു നേരെയുള്ള ഭീഷണിയും അറസ്റ്റും മാത്രമല്ല, സ്വതന്ത്ര മാധ്യമസ്ഥാപനങ്ങൾക്കു നേരെയുള്ള റെയ്ഡുകളും അപകീർത്തികളും ഉൾപ്പെടുന്ന ഭീഷണിയുടെ അന്തരീക്ഷം നിലനിൽക്കുന്നിടത്തോളം, ഫോർത്ത് എസ്റ്റേറ്റ് ദുരിതം അനുഭവിച്ചുകൊണ്ടേയിരിക്കും. സ്വതന്ത്ര മാധ്യമപ്രവർത്തനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിതാന്തജാഗ്രത ആവശ്യമാണ്. സംസാരസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ഉൾക്കൊള്ളുന്ന അച്ചടി-ദൃശ്യ-മാധ്യമസ്വാതന്ത്ര്യത്തിന്റെ മൗലികാവകാശം സംരക്ഷിക്കാൻ സർക്കാരുകൾ തയ്യറാകണമെന്ന് സീറോമലബാർ സഭാ അത്മായ ഫോറം ആവശ്യപ്പെടുന്നു.

ടോണി ചിറ്റിലപ്പിള്ളി

ടോണി ചിറ്റിലപ്പിള്ളി, അത്മായ ഫോറം സെക്രട്ടറി, സീറോമലബാർ സഭ, എറണാകുളം 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.