കാമറൂണിലെ മുക്കാൽ ലക്ഷത്തോളം വരുന്ന ജനത്തിനു സഹായമായി മാറുന്ന സിസ്റ്റേഴ്‌സിന്റെ ആശുപത്രി

“ഈ രാജ്യത്തെ യഥാർഥ ദാരിദ്ര്യം പലപ്പോഴും മാതാപിതാക്കളുടെ അറിവില്ലായ്മയാണ്” – കാമറൂണിലെ പല സന്നദ്ധപ്രവർത്തകരുടെയും നാവുകളിൽ നിന്നു വീഴുന്ന സ്ഥിരം പല്ലവിയാണ് ഇത്. പട്ടിണിയും രോഗങ്ങളും താഴ്ന്ന സാമ്പത്തികസ്ഥിതിയും വലയ്ക്കുമ്പോഴും കുഞ്ഞുങ്ങളുമായി മന്ത്രവാദത്തിലേക്കും മറ്റും തിരിയുന്ന ഇവരുടെ പ്രാചീന ആചാരങ്ങളാണ് പലപ്പോഴും ഇത്തരത്തിലൊരു അഭിപ്രായത്തിലേക്ക്  ഇവിടെ സേവനത്തിനായി എത്തുന്നവരെ കൊണ്ടെത്തിക്കുന്നത്. എന്നാൽ ഈ അവസ്ഥകൾക്കും ദുരാചാരങ്ങൾക്കും അറുതിവരുത്താനും ശരിയായ ചികിത്സയിലൂടെ ഇവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശ്രമിക്കുകയാണ് കാമറൂണിന്റെ ഹൃദയഭാഗത്തുള്ള സെന്റ് ജീൻ ആന്റിഡ് തൗറെറ്റിന്റെ, സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി നടത്തുന്ന ഒരു ചെറിയ ആശുപത്രി. ചെറുതെങ്കിലും മുക്കാൽ ലക്ഷത്തോളം വരുന്ന സാധാരണക്കാർക്ക് ആശ്വാസമായി മാറുന്ന ഈ സന്യാസിനിമാരുടെ പ്രവർത്തനങ്ങളെ അറിയാം.

എന്തിനുമേതിനും മന്ത്രവാദികളുടെ പിന്നാലെ പോകുന്ന പതിവുള്ള ജനതയായിരുന്നു കാമറൂണിലേത്. ഇന്ന് ഒരുവിഭാഗം ആളുകളിൽ ഈ പതിവുകൾ മാറിയിട്ടുണ്ടെങ്കിലും ചിലയിടങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ ഇപ്പോഴും മന്ത്രവാദികളുടെ പിന്നാലെ പോകുന്നത് സജീവമായി തുടരുന്നു. കുടുംബപ്രശ്നങ്ങൾ മുതൽ മലേറിയ, ടി.ബി. തുടങ്ങിയ ഗുരുതര രോഗങ്ങൾക്കുപോലും പരിഹാരം തേടി മന്ത്രവാദികളുടെ അടുത്തുപോകുന്ന ആളുകളുണ്ട് ഇവിടെ. ഇത്തരത്തിൽ മന്ത്രവാദികളുടെ ഇടയിൽ നിന്നും ആളുകളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുക എന്ന വലിയ ദൗത്യമാണ് നഗൗണ്ടലിലെ സിസ്റ്റേഴ്‌സിന്റെ ആശുപത്രി ഏറ്റെടുത്തിരിക്കുന്നത്.

2016-ൽ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജീൻ ആന്റിഡ് തൗറെറ്റിന്റെ നാമത്തിലാണ് നഗൗണ്ടലിലെ ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ന് ഈ ആശുപത്രി ഏകദേശം 95,000 ആളുകൾക്ക് ജീവിതത്തിലേക്കുള്ള വഴിതെളിക്കുന്നു. പ്രധാനമായും ക്ഷയരോഗത്തിനെതിരെ പോരാടുന്നതിലാണ് ഈ ആശുപത്രി ശ്രദ്ധചെലുത്തുന്നത്.

“ഏറ്റവും വ്യാപകവും പതിവായതുമായ അസുഖം മലേറിയയാണ്. കൂടാതെ, നിരവധി ശ്വാസകോശ രോഗങ്ങളും വർധിച്ചുവരുന്ന ക്ഷയരോഗ കേസുകളും ഇവിടെ കണ്ടെത്തുന്നു. മറ്റൊരു പ്രധാന പ്രശ്നം പോഷകാഹാരക്കുറവാണ്” – സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള ആശുപത്രി ഡയറക്ടർ സി. ക്രിസ്റ്റീൻ റിച്ചാർഡ് വെളിപ്പെടുത്തുന്നു.

ഇവിടെ ബഹുഭാര്യത്വം സാധാരണമായ ഒന്നാണ്. എന്നാൽ ഭർത്താവ് ഭാര്യമാരിൽ ഒരാൾക്കാണ് മുൻഗണന നൽകുക, ഒരു ഭാര്യയെ കൂടുതൽ സ്നേഹിക്കുക, ഉള്ള ഭാര്യമാരിൽ എല്ലാവരിലും നീതി പുലർത്താതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ വലിയ കുടുംബവഴക്കിലേക്കു നയിക്കുന്നു. ഇവ മൂലം കഷ്ടപ്പെടുന്നത് കുട്ടികളാണ്. ഇത്തരത്തിൽ പ്രശ്ങ്ങളുള്ള കുടുംബങ്ങളിൽ കുട്ടികളെ ശത്രുക്കളായി കാണുകയും അവർക്ക് ആവശ്യമായ ഭക്ഷണം നൽകാതിരിക്കുകയും ചെയ്യുന്നു. ഇത് കുട്ടികളിൽ പോഷകാഹാരക്കുറവ് ഉണ്ടാകുന്നതിനു കാരണമാകുന്നു എന്ന് സി. ക്രിസ്റ്റീൻ റിച്ചാർഡ് പറയുന്നു.

വർധിച്ചുവരുന്ന പോഷകാഹാരക്കുറവും ശരിയായ ചികിത്സയുടെ അഭാവവും മൂലം ഇവിടെ ധാരാളം കുട്ടികൾ മരണപ്പെടുന്നുണ്ട്. ഈ സാഹചര്യം ഇല്ലാതാക്കാൻ കുട്ടികൾക്കൊപ്പം ആയിരുന്നുകൊണ്ട് പ്രവർത്തിക്കുകയാണ് സിസ്റ്റർമാരുടെ ഈ ആശുപത്രി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.