
ജീവന്റെ സംരക്ഷണവും മൂല്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് സ്ലൊവാക്യൻ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത ‘ദേശീയ മാർച്ച് ഫോർ ലൈഫ്’ റാലി നടന്നു. ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വാടകഗർഭധാരണം (Surrogacy) നിയമപരമായി പൂർണ്ണമായും നിരോധിക്കുന്നതിനും വേണ്ടി സ്ലൊവാക്യൻ ബിഷപ്സ് കോൺഫറൻസ് ജനറൽ സെക്രട്ടറി ഫാ. ഇവാന് റുസിച്ച, റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ശക്തമായി ആഹ്വാനം ചെയ്തു.
മനുഷ്യജീവന്റെ തുടക്കം മുതൽ സ്വാഭാവിക മരണം വരെയുള്ള ഘട്ടങ്ങളിൽ ജീവന്റെ വിശുദ്ധി കാത്തുസൂക്ഷിക്കേണ്ടത് ഒരു സമൂഹത്തിന്റെ കടമയാണെന്ന് സഭാ നേതൃത്വം ഓർമ്മിപ്പിച്ചു. കുട്ടികളെ ഒരു ഉൽപ്പന്നമായി കാണുന്നതും വാടകഗർഭധാരണത്തിലൂടെ സ്ത്രീകളുടെ ശരീരത്തെ വാണിജ്യവൽക്കരിക്കുന്നതും മാനവികതയ്ക്ക് നിരക്കാത്തതാണെന്നും റാലിയിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
കുടുംബ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അമ്മമാർക്കും കുഞ്ഞുങ്ങൾക്കും മതിയായ സാമൂഹിക-നിയമ പരിരക്ഷ ഉറപ്പാക്കുന്നതിനും സ്ലൊവാക്യൻ സർക്കാർ മുന്നോട്ടുവരണമെന്ന് പ്രകടനത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. വിവിധ സഭാ വിഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും യുവാക്കളും കുടുംബങ്ങളും ഈ വറ്റാത്ത ജീവന്റെ പ്രയാണത്തിൽ വലിയ തോതിൽ പങ്കാളികളായി.




