
“മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു” എന്നാണ് യേശു പറയുന്നത്. മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയത് ഇസ്രായേല്‍ ജനത്തെ വിശ്വാസത്തിലേക്ക് നയിക്കുന്നതിനു വേണ്ടിയാണ്. മോശയാല്‍ മരുഭൂമിയില്‍ ഉയര്‍ത്തപ്പെട്ട സര്‍പ്പത്തെപ്പോലെ, കാല്‍വരിയില്‍ കുരിശില്‍ ദൈവപുത്രനും ഉയര്‍ത്തപ്പെടണം. ഇത് ദൈവഹിതമാണ്. തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് നിത്യജീവൻ ഉണ്ടാകാനാണിത്. മനുഷ്യപുത്രന്‍ കുരിശില്‍ ഉയര്‍ത്തപ്പെട്ടതു വഴിയാണ് മനുഷ്യരാശി രക്ഷിക്കപ്പെട്ടത്. അങ്ങനെ കുരിശ് രക്ഷയുടെ അടയാളമായി മാറുകയാണ്.
കുരിശില്‍ ഉയര്‍ത്തപ്പെടുന്നതു വഴിയാണ് യേശു നിത്യജീവന്റെ ഉറവിടമായത് എന്നത് ശ്രദ്ധേയമാണ്. കുരിശില്‍ കയറാതെയുളള രക്ഷയുടെ വഴികള്‍ യഥാര്‍ഥ രക്ഷയിലേക്കു നയിക്കണമെന്ന് നിര്‍ബന്ധമില്ല. നമ്മുടെ കുടുംബത്തിലും സമൂഹത്തിലും ആയിരിക്കുന്ന ഇടങ്ങളിലുമൊക്കെ നമ്മള്‍ രക്ഷകരായി മാറേണ്ടതാണ്. അത് കുരിശ് എടുത്തുകൊണ്ടും കുരിശിന്റെ വഴിയെ നടന്നുമാണ് നമ്മള്‍ ആയിത്തീരേണ്ടത്.
ഫാ. ജി .കടൂപ്പാറയിൽ MCBS




