മനസ്സിനും ശരീരത്തിനും ഉന്മേഷം പകരും 30 സെക്കൻഡ് ശീലങ്ങൾ

ചെറിയ കാര്യങ്ങൾക്കായി ഒരുപാട് സമയം മാറ്റിവയ്‌ക്കേണ്ടി വരുന്നത് പലപ്പോഴും നമ്മെ മടിയന്മാരാക്കാറുണ്ട്. മണിക്കൂറുകളോളം നീളുന്ന ധ്യാനമോ ജിം വർക്കൗട്ടുകളോ ദിവസേന ശീലമാക്കാൻ പലർക്കും കഴിഞ്ഞെന്നു വരില്ല. എന്നാൽ വെറും 30 സെക്കൻഡോ അതിൽ കുറഞ്ഞ സമയമോ മാത്രം എടുക്കുന്ന ലളിതമായ ചില ‘സൂക്ഷ്മ പരിശീലനങ്ങൾ’ (Micropractices) വഴി നമ്മുടെ മാനസികാവസ്ഥയും ഊർജവും പെട്ടെന്നു തന്നെ മെച്ചപ്പെടുത്താൻ കഴിയുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

മാനസിക സമ്മർദം അകറ്റി ഉന്മേഷം നൽകുന്ന അത്തരം ചില എളുപ്പവഴികൾ ഇതാ:

1. ചിരിയുടെ വ്യായാമം (Laughter Yoga)

നമ്മുടെ മുഖത്ത് കൃത്രിമമായി ഒരു പുഞ്ചിരി വരുത്തിത്തുടങ്ങുന്ന ഈ രീതി യോഗയുടെ ഫലം ചെയ്യും. ഒരു തമാശയും ഇല്ലാതെ തന്നെ ചിരിക്കാൻ തുടങ്ങുക. അല്പം കഴിഞ്ഞാൽ അതൊരു യഥാർഥ ചിരിയായി മാറുകയും മനസ്സ് പെട്ടെന്ന് സന്തോഷഭരിതമാവുകയും ചെയ്യും. വിഷാദവും ഉത്കണ്ഠയും കുറയ്ക്കുന്നതിൽ ഇത്തരം ചിരികൾക്ക് വലിയ പങ്കുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

2. മൈക്രോ യോഗ (Micro Yoga – ചെറിയ സ്ട്രെച്ചിങ്)

കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോളം ഒരേ ഇരുപ്പിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ഇത് ഏറെ ഉപകാരപ്പെടും. വെറും 15 മുതൽ 30 സെക്കൻഡ് വരെ സമയം എടുത്ത് കഴുത്തിനും തോളിനും ചെറിയ രീതിയിലുള്ള സ്ട്രെച്ചിങ് വ്യായാമങ്ങൾ നൽകുക. ഇത് പേശികളിലെ പിരിമുറുക്കം കുറയ്ക്കാനും ഉൽപ്പാദനക്ഷമത 15 ശതമാനത്തോളം വർധിപ്പിക്കാനും സഹായിക്കും.

3. ദീർഘശ്വാസമെടുക്കൽ (Slow Breaths)

അധികം ടെൻഷൻ അനുഭവപ്പെടുമ്പോൾ സാവധാനത്തിൽ ആഴത്തിൽ ശ്വാസമെടുക്കുന്നത് ശരീരത്തിന്റെ നാഡീവ്യൂഹത്തെ ശാന്തമാക്കാൻ സഹായിക്കും. വെറും മൂന്ന് തവണ സാവധാനത്തിൽ ശ്വാസമെടുക്കുന്നത് പോലും തലച്ചോറിലെ ഉത്കണ്ഠ കുറയ്ക്കാനും മനസ്സിന് ഏകാഗ്രത നൽകാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഓഫീസിലെ വലിയ മീറ്റിംഗുകൾക്ക് തൊട്ടുമുമ്പോ അല്ലെങ്കിൽ മനസ്സ് അസ്വസ്ഥമാകുമ്പോഴോ ഈ രീതി പരീക്ഷിക്കാവുന്നതാണ്.

4. സ്വയം ആശ്വസിപ്പിക്കുന്ന സ്പർശം (Self-compassionate Touch)

മനുഷ്യന്റെ സ്പർശനത്തിന് വലിയ ചികിത്സാ മൂല്യമുണ്ട്. നമ്മുടെ കൈകൾ നെഞ്ചിന് മുകളിലോ വയറിന് മുകളിലോ വച്ച് സ്വയം ആശ്വസിപ്പിക്കുന്ന രീതി പരീക്ഷിക്കാം. വെറും 20 സെക്കൻഡ് നേരം ഇങ്ങനെ ചെയ്യുമ്പോൾ തന്നെ ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ (Cortisol) അളവ് ഗണ്യമായി കുറയുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ജീവിതത്തിൽ എങ്ങനെയൊക്കെ ഇത് ശീലമാക്കാം?

ഈ പറയുന്ന എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യാൻ ശ്രമിക്കേണ്ടതില്ല. നിങ്ങളുടെ ജീവിതരീതിക്ക് അനുയോജ്യമായ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. നടക്കുമ്പോഴോ വീട്ടിലെ ജോലികളിൽ ഏർപ്പെടുമ്പോഴോ ഒക്കെ ദീർഘശ്വാസമെടുക്കുന്നതോ ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതോ ശീലമാക്കാം. ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുയോജ്യമായ രീതികൾ തിരഞ്ഞെടുത്ത് മനസ്സിനെ എപ്പോഴും സന്തോഷത്തോടും ശാന്തമായും നിലനിർത്താം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.