2025 -ലെ ജൂബിലിയൊരുക്കങ്ങൾക്ക് തുടക്കം കുറിച്ച് റോം

2025 -ലെ ജൂബിലി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് റോമാനഗരം. ‘പ്രതീക്ഷയുടെ തീർത്ഥാടകർ’ എന്നതാണ് ജൂബിലിയുടെ മുദ്രാവാക്യം. പരിശുദ്ധ സിംഹാസനം മെയ് ഒമ്പതിന് നടത്തപ്പെട്ട പത്രസമ്മേളനത്തിലാണ് ജൂബിലി ഒരുക്കങ്ങളെക്കുറിച്ച് അറിയിച്ചത്.

ദശലക്ഷക്കണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്ന ഈ ജൂബിലി പ്രത്യാശനിർഭരമായ സഭാസേവങ്ങളനുസ്‌മരിക്കുന്ന ചരിത്രത്തിലെതന്നെ അപൂർവ നിമിഷമായിരിക്കും. ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശ പ്രകാരം 2024 ജൂബിലിക്കൊരുക്കമായി പ്രാർത്ഥനയുടെ വർഷമായി ആചരിക്കും. വ്യക്തിപരമായും സമൂഹപരമായും പ്രാർത്ഥനയിൽ കേന്ദ്രീകൃതമാകുക എന്ന ലക്ഷ്യത്തോടെയാണ് പാപ്പാ ഇത് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് വത്തിക്കാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

“നമുക്കെല്ലാവർക്കും പ്രത്യാശയുടെ തീർത്ഥാടകരാകാനുള്ള അവസരമാണ് ഈ ജൂബിലി. ആശുപത്രികളിലും ജയിലുകളിലും അടുക്കളയിലും കഷ്ടപ്പെടുന്ന ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഈ ജൂബിലി സഹായകരമാകട്ടെ. 2025-ലെ ജൂബിലി, പ്രത്യാശയുടെയും ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടുമുട്ടിയതിൻ്റെ ആനന്ദത്തിൻ്റെയും ദിനങ്ങളാകട്ടെ.” പത്രസമ്മേളനത്തിനുശേഷമുള്ള കൂടിക്കാഴ്ചയിൽ ബിഷപ്പ് റിനോ ഫിസിചെല്ല ഓർമ്മപ്പെടുത്തി.

നാല് ഓർഗനൈസിംഗ് കമ്മീഷനുകളുടെ പങ്കാളിത്തത്തോടെ വത്തിക്കാനിലെ സുവിശേഷവത്കരണ വിഭാഗം തയ്യാറാക്കിയ ജൂബിലി പരിപാടികളുടെ കലണ്ടർ, ജൂബിലി ഒരുക്കപ്രവർത്തനങ്ങൾ, ഇതിനോടകം കൈവരിച്ച നേട്ടങ്ങൾ എന്നിവ അവതരിപ്പിച്ചു. “ജൂബിലി സമ്മേളനത്തിനായി കാത്തിരിക്കണം. 2024 ലെ സ്വർഗ്ഗാരോഹണ തിരുനാളിൽ ജൂബിലിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പുണ്ടായിരിക്കും. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ കവാടങ്ങൾ 2024 ഡിസംബറിൽ തുറക്കുന്നതോടെയാണ് ജൂബിലി ആരംഭം കുറിക്കുക.” പത്രസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.