
മെക്സിക്കോയിലെ വിവിധ നഗരങ്ങളിൽ ഒക്ടോബർ 25-ന് തെരുവുകളിലിറങ്ങി പരസ്യമായി പരിശുദ്ധ ജപമാല ചൊല്ലി പ്രാർഥിക്കാൻ പുരുഷന്മാരുടെ കൂട്ടായ്മ ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കത്തോലിക്കാ പുരുഷന്മാർ ഈ പ്രാർഥനാ സംരംഭത്തിൽ പങ്കാളികളാകും.
സമൂഹത്തിൽ സമാധാനവും ധാർമിക മൂല്യങ്ങളും തിരികെ കൊണ്ടുവരുന്നതിനും, കുടുംബങ്ങളുടെ സംരക്ഷണത്തിനുമായാണ് ഈ തെരുവ് ജപമാല പ്രാർഥന സംഘടിപ്പിക്കുന്നത്. ആഗോളതലത്തിൽ ശ്രദ്ധേയമായ ‘മെൻസ് റോസറി’ മുന്നേറ്റത്തിന്റെ ഭാഗമായാണ് മെക്സിക്കോയിലും ഈ കൂട്ടായ്മ സംഘടിപ്പിക്കപ്പെടുന്നത്.
വിശ്വാസവും പ്രാർഥനയും പരസ്യമായി പ്രഖ്യാപിക്കാനും കുടുംബങ്ങളിൽ പുരുഷന്മാർ വഹിക്കേണ്ട ആത്മീയ നേതൃത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഇത്തരം പ്രാർഥനകൾ സഹായിക്കുമെന്ന് സംഘടകർ വ്യക്തമാക്കി.



