
അന്താരാഷ്ട്ര തലത്തിൽ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായുള്ള മുൻഗണനകളിൽ നിന്നും മുൻനിലപാടുകളിൽ നിന്നും അമേരിക്കൻ ഭരണകൂടം പിന്നാക്കം പോകുന്നതായി യു.എസ്. കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം. സംഘടന പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ ആണ് ഈ വെളിപ്പെടുത്തൽ.
യു.എസ്.എ.ഐ.ഡി (USAID) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സഹായ പദ്ധതികളിൽ അമേരിക്ക വരുത്തിയ തുക വെട്ടിക്കുറയ്ക്കലുകൾ ലോകമെമ്പാടും മതപീഡനം നേരിടുന്ന ജനവിഭാഗങ്ങൾക്ക് തിരിച്ചടിയായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. വിദേശ സഹായങ്ങൾ കുറച്ചതും തടഞ്ഞുവച്ചതും കാരണം അഫ്ഗാനിസ്ഥാൻ, മ്യാൻമർ, നൈജീരിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് അഭയാർഥികൾക്കും മതപീഡന ഇരകൾക്കും ലഭിക്കേണ്ട അടിയന്തര മാനുഷിക സഹായങ്ങൾ തടസ്സപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന മതപീഡനങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുന്നതിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വരുത്തുന്ന വീഴ്ചകളും കമ്മീഷന്റെ റിപ്പോർട്ടിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിൽ മതന്യൂനപക്ഷങ്ങൾക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അമേരിക്ക ഈ വിഷയത്തിൽ കൂടുതൽ കർശനമായ ഇടപെടലുകൾ നടത്തണമെന്ന ആവശ്യവും റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു.




