
വയസ്സ് എന്നത് വെറുമൊരു സംഖ്യ മാത്രമാണെന്ന് ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് 97 കാരിയായ ബെറ്റി ബ്രൊമേജ്. പക്ഷികളെപ്പോലെ ആകാശത്ത് പറന്നുയരുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. എന്നാൽ, ഈ പ്രായത്തിലും അത്തരം ഒരു സാഹസിക വിനോദമായ ‘വിംഗ് വാക്കിംഗ്’ നടത്തി സ്വന്തം പേരിൽ ഉണ്ടായിരുന്ന ഗിന്നസ് ലോക റെക്കോർഡ് തിരുത്തിക്കുറിച്ചാണ് ബെറ്റി ലോകത്തെ വീണ്ടും അദ്ഭുതപ്പെടുത്തിയിരിക്കുന്നത്. വിമാനം ആകാശത്തിലൂടെ പറന്നുകൊണ്ടിരിക്കുമ്പോൾ അതിന്റെ ചിറകുകൾക്ക് (Wings) മുകളിൽ കയറി നടക്കുകയോ വിവിധ സാഹസിക പ്രകടനങ്ങൾ നടത്തുകയോ ചെയ്യുന്ന ഒരു അതിസാഹസിക വിനോദമാണ് ‘വിംഗ് വാക്കിംഗ്’.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ‘വിംഗ് വാക്കർ’ എന്ന റെക്കോർഡാണ് ബെറ്റി വീണ്ടും തന്റെ പേരിലാക്കിയത്. അതിലും ഉപരി, ഈ നേട്ടം കൈവരിക്കുന്നതിന് വെറും ഒരു വർഷം മുമ്പ് ഗുരുതരമായ ഒരു സ്ട്രോക്ക് അതിജീവിച്ചാണ് അവർ ഈ അവിശ്വസനീയമായ യാത്ര പൂർത്തിയാക്കിയത് എന്നതാണ് ഏവരെയും വിസ്മയിപ്പിക്കുന്നത്.
പറന്നുയർന്ന സാഹസികത
ഇംഗ്ലണ്ടിലെ ഗ്ലോസ്റ്റർഷെയറിലെ സിറെൻസെസ്റ്ററിൽ നിന്നുള്ള ഈ മുത്തശ്ശി മണിക്കൂറിൽ 130 മൈലിലധികം വേഗതയിൽ പറക്കുന്ന ബയോപ്ലെയിൻ വിമാനത്തിന്റെ മുകളിൽ ഉറപ്പിച്ചു നിർത്തിയ ശേഷമാണ് ആകാശത്തിലൂടെ പറന്നുയർന്നത്. തറനിരപ്പിൽ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിൽ കാറ്റിനോട് പൊരുതി അവർ നടത്തിയ ഈ സാഹസിക പ്രകടനം കണ്ടുനിന്നവരെ അതിശയിപ്പിച്ചു.
സ്ട്രോക്ക് ബാധിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ ഇത്തരം ഒരു സാഹസികതയ്ക്ക് മുതിരരുതെന്ന് പലരും ഉപദേശിച്ചിരുന്നെങ്കിലും തന്റെ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ട് ബെറ്റി എല്ലാ തടസ്സങ്ങളെയും മറികടന്നു.
തന്റെ വിംഗ് വാക്കിംഗ് യാത്ര വെറുമൊരു റെക്കോർഡിന് വേണ്ടി മാത്രം ആയിരുന്നില്ലെന്ന് ബെറ്റി വ്യക്തമാക്കുന്നു. പ്രാദേശിക ചാരിറ്റികൾക്കായി ധനസമാഹരണം നടത്തുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. തനിക്ക് ലഭിച്ച പിന്തുണയ്ക്കും പരിചരണത്തിനും നന്ദി സൂചകമായി കെയർ ഹോമുകൾക്കും പാലിയേറ്റീവ് കെയർ സ്ഥാപനങ്ങൾക്കും വേണ്ടിയാണ് അവർ ഈ സാഹസികതയിലൂടെ തുക കണ്ടെത്തിയത്.
”ആളുകൾ ചോദിക്കാറുണ്ട്, ഈ പ്രായത്തിൽ എന്തുകൊണ്ട് ഇത് ചെയ്യുന്നു എന്ന്? എന്നാൽ എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ – പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ഒരിക്കലും പ്രായം ഒരു തടസ്സമല്ല. വിമാനത്തിന് മുകളിലിരുന്ന് താഴേക്ക് നോക്കുമ്പോൾ ലഭിക്കുന്ന കാഴ്ചയും അനുഭവവും വിവരണാതീതമാണ്,” ബെറ്റി പറയുന്നു.
തന്റെ ശാരീരിക ബുദ്ധിമുട്ടുകളെയും പ്രായാധിക്യത്തെയും കാറ്റിൽപ്പറത്തി ബെറ്റി ബ്രൊമേജ് കുറിച്ച ഈ റെക്കോർഡ്, പ്രതിസന്ധികളിൽ തളർന്നുപോകുന്ന ഏവർക്കും വലിയൊരു പ്രചോദനമാണ്. പ്രായം മനസ്സിലാണ് ശരീരത്തിലല്ല എന്ന് ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി വിളിച്ചോതുകയാണ് ഈ ധീരയായ മുത്തശ്ശി.
സീനിയ എൽസ ഇഗ്‌നേഷ്യസ്




