ലെയോ പാപ്പയെ സ്വീകരിക്കാനൊരുങ്ങി ലൂർദിലെ തീർഥാടനാലയം

സെപ്റ്റംബറിൽ ഫ്രാൻസിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി ലെയോ പതിനാലാമൻ പാപ്പ പരിശുദ്ധ ലൂർദ് മാതാവിന്റെ പുണ്യസങ്കേതം സന്ദർശിക്കും. വിശുദ്ധ ബെർണദത്തയ്ക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ട ഈ പുണ്യഭൂമിയെ സംബന്ധിച്ചിടത്തോളം ഇത് സമാനതകളില്ലാത്ത വലിയൊരു ഭാഗ്യമാണ്.

കഴിഞ്ഞ ദിവസങ്ങളിലെ വാർത്താപത്രികകളിലൂടെ തീർഥാടനാലയം അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാർപാപ്പയെ കാണാനെത്തുന്ന ആയിരക്കണക്കിന് തീർഥാടകർക്കും മികച്ച സ്വീകരണം ഉറപ്പാക്കുന്നതിനായി തീർഥാടനാലയത്തിൽ വരുത്തേണ്ട മാറ്റങ്ങൾക്ക് അധികൃതർ സഹായം അഭ്യർഥിച്ചിട്ടുണ്ട്.

സെപ്റ്റംബർ 27 ഞായറാഴ്ച നടക്കുന്ന ദിവ്യബലിയിൽ 400 പേർക്ക് ഇരിക്കാവുന്ന വേദിയും, തീർഥാടനാലയത്തിലെ പുൽതകിടിക്ക് അനുയോജ്യമായ ശബ്ദസംവിധാനവും, 10 കൂറ്റൻ സ്‌ക്രീനുകളും പ്രത്യേക ദിശാസൂചകങ്ങളും ക്രമീകരിക്കും. കൂടാതെ, തീർഥാടന വഴികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രോഗികൾ, വയോധികർ, ഭിന്നശേഷിക്കാർ എന്നിവരുടെ യാത്ര സുഗമമാക്കുന്നതിനുമുള്ള നടപടികളും കൂടുതൽ ശക്തിപ്പെടുത്തുന്നുണ്ട്. ഇത് പുണ്യസങ്കേതത്തിന്റെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ മെച്ചപ്പെടുത്താനാണ് തീരുമാനം.

ഈ മാറ്റങ്ങളിൽ ഭൂരിഭാഗവും തീർഥാടകരുടെ പ്രയോജനത്തിനായി പുണ്യസങ്കേതത്തിൽ നിലനിർത്തുമെന്നതിനാൽ, ലഭിക്കുന്ന എല്ലാ സംഭാവനകളും ഭാവിയിലേക്കുള്ള നിക്ഷേപമായാണ് കരുതുന്നത്. മൊത്തത്തിൽ, 10 കിലോമീറ്ററിലധികം സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിക്കുക, അറുനൂറോളം സന്നദ്ധപ്രവർത്തകരെ സജ്ജരാക്കുക, അയ്യായിരത്തോളം വൈദികർക്ക് താമസസൗകര്യമൊരുക്കുക, ആയിരം താത്കാലിക പൊതുശൗചാലയങ്ങൾ നിർമ്മിക്കുക, മെച്ചപ്പെടുത്തിയ ശുചീകരണ-മാലിന്യസംസ്കരണ സംവിധാനം വികസിപ്പിക്കുക എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.

ഈ ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമായി രജിസ്ട്രേഷൻ ഫോമുകൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി. രജിസ്ട്രേഷൻ നിർബന്ധമല്ലെങ്കിലും അത് ചെയ്യുന്നത് നന്നായിരിക്കുമെന്ന് സംഘാടകർ നിർദേശിക്കുന്നു. അതേസമയം, രജിസ്റ്റർ ചെയ്യുന്ന തീർഥാടകർക്ക് ഗതാഗത മാർഗങ്ങൾ, നിർദേശിക്കപ്പെട്ട വഴികൾ, പ്രബോധന സ്ഥലത്തേക്കുള്ള പ്രവേശന വിവരങ്ങൾ എന്നിവ ഇമെയിൽ വഴി ലഭിക്കുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.