ഇറാനിൽ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ഭരണകൂടം വേട്ടയാടുന്നുവെന്ന് റിപ്പോർട്ട്

ഒരു മരണശിക്ഷയിൽ അവസാനിക്കുന്നതല്ല ഇറാനിലെ ഭരണകൂട ഭീകരതയ്ക്ക് ഇരയായവരുടെ ജീവിതം; മറിച്ച്, അവരുടെ കുടുംബങ്ങളുടെ തീരാത്ത യാതനകൾ അവിടെ തുടങ്ങുകയാണ്. വെടിയേറ്റ് വീണ മക്കളുടെ ജീവനറ്റ ശരീരങ്ങൾക്കു മേൽ പോലും ക്രൂരതയുടെ കരിനിഴൽ വീഴ്ത്തുന്ന ഭരണകൂട ഭീകരതയുടെ നടുക്കുന്ന നേർക്കാഴ്ചയാണ് ആംനെസ്റ്റി ഇന്റർനാഷണലിന്റെ പുതിയ റിപ്പോർട്ട് പുറത്തുകൊണ്ടുവരുന്നത്. ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ (Woman, Life, Freedom) എന്ന ഒറ്റ മുദ്രാവാക്യത്തിനായി ജീവൻ വെടിഞ്ഞ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായി കേഴുന്ന മാതാപിതാക്കളുടെയും, മരണം പോലും നിഷേധിക്കപ്പെട്ട് വർഷങ്ങളായി വേട്ടയാടപ്പെടുന്ന കുടുംബങ്ങളുടെയും ഹൃദയഭേദകമായ ജീവിതമാണിത്. സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി മരിച്ചവരുടെ ഓർമ്മകളെപ്പോലും വേട്ടയാടുന്ന ഭരണകൂട ക്രൂരതയുടെ നേർക്കാഴ്ചയാണ് ആംനെസ്റ്റി ഇന്റർനാഷണലിന്റെ പുതിയ റിപ്പോർട്ട്.

മരണശിക്ഷ കൊണ്ടും ഒടുങ്ങാതെ

മരണം കൊണ്ടുപോയ മക്കളെ ഓർത്ത് വേദനിക്കുന്ന നിരവധി അമ്മമാരുടെ നേർക്ക് ഭരണകൂടത്തിന്റെ ക്രൂരതകളുടെ തുടരെയുള്ള ക്രൂരതകളായിരുന്നു ഉണ്ടായത്. ജീവനറ്റ ആ ശരീരങ്ങൾ പോലും അവർക്ക് ബന്ദികളാക്കപ്പെടുകയായിരുന്നു. സർക്കാർ പറയുന്ന വ്യാജ മരണ കാരണങ്ങൾ – അതൊരു ‘ആത്മഹത്യയോ’, ‘അപകടമോ’, അല്ലെങ്കിൽ ‘ഭീകരവാദികളുടെ ആക്രമണമോ’ ആണെന്ന് – എഴുതിക്കൊടുത്താൽ മാത്രമേ ആ മൃതദേഹങ്ങൾ ബന്ധുക്കളുടെ കൈകളിൽ ലഭിക്കുകയുള്ളൂ. മക്കളുടെ ഖബറിടത്തിൽ ‘രക്തസാക്ഷി’ എന്ന് കുറിക്കുന്നത് പോലും അവർക്ക് ഭയമായിരുന്നു. ആ കല്ലറകൾ പോലും അധികൃതർ നിരന്തരം തകർത്തെറിഞ്ഞു.

ദു:ഖം പോലും പ്രകടിപ്പിക്കാനാവാതെ

മക്കളെ നഷ്ടപ്പെട്ടതിന്റെ ദുഃഖം പോലും പ്രകടിപ്പിക്കാൻ ഈ കുടുംബങ്ങൾക്ക് സ്വാതന്ത്ര്യമില്ലായിരുന്നു. മക്കളുടെ സംസ്കാര ചടങ്ങുകൾക്ക് നേരെ പോലും സുരക്ഷാ സേന തോക്കുകളുമായി പാഞ്ഞടുത്തു. കണ്ണീരോടെ പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ കണ്ണീർവാതകങ്ങളും വെടിയുണ്ടകളുമാണ് സമ്മാനിച്ചത്. മൃതദേഹങ്ങൾ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് പോലും അറിയാതെ, അലറിക്കരയുന്ന കുടുംബാംഗങ്ങളെ തോക്കിൻമുനയിൽ നിർത്തി നിശബ്ദരാക്കി.

ആരും കാണാതെ ശവസംസ്ക്കാരം

വെടിയേറ്റു മരിച്ച മകനെ അർദ്ധരാത്രിയിൽ ആരും കാണാതെ മറവുചെയ്യേണ്ടി വന്ന സാഹചര്യം കണ്ണീരോടെയാണ് ഒരമ്മ വിവരിച്ചത്. അവസാനമായി കണ്ണ്നിറയെ കാണാൻ പോലും സാധിച്ചില്ലെന്ന് വേദനയോടെ ആ അമ്മ പറയുന്നു. മക്കളുടെ ജീവന് നീതിതേടി കോടതികളിൽ കയറിയിറങ്ങിയ മാതാപിതാക്കൾക്ക് ലഭിച്ചതാകട്ടെ കടുത്ത ഭീഷണികളും നിരാശയും മാത്രം. കൊലയാളികളായ ഉദ്യോഗസ്ഥരെ കോടതികൾ വെറുതെവിട്ടു, തെളിവുകളുടെ അഭാവം പറഞ്ഞ് ആ നീതിബോധം ചവിട്ടിമെച്ചിക്കപ്പെട്ടു.

മക്കളെ നെഞ്ചിലേറ്റിയ ആ അമ്മമാർ ഇന്നും ഉറങ്ങാത്ത രാവുകളെയാണ് നേരിടുന്നത്. വെടിയുണ്ടയേറ്റു വീണത് തെരുവിലെ ഒരു സമരക്കാരനായിരിക്കാം, എന്നാൽ കൊല്ലപ്പെട്ടത് ഒരു തലമുറയുടെ സ്വപ്നങ്ങളാണ്. മനുഷ്യത്വത്തിന്റെ എല്ലാ രേഖകളും ലംഘിക്കപ്പെടുന്ന ഈ ഇരുണ്ട കാലത്ത്, ആ നിശബ്ദമാക്കപ്പെട്ട കുടുംബങ്ങളുടെ വേദനയ്ക്കൊപ്പം ലോകം മുഴുവൻ നിൽക്കേണ്ടതുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.