പട്ടിണിയുടെയും യുദ്ധത്തിന്റെയും നിഴലിൽ നീറുന്ന സുഡാൻ

ഭയപ്പാടുകൾക്കൊപ്പം വരൾച്ചയും കൂടി ചേരുമ്പോൾ, ആഫ്രിക്കൻ രാജ്യമായ സുഡാനിലെ ഡാർഫർ, കോർഡോഫാൻ മേഖലകൾ നേരിടുന്നത് കടുത്ത പട്ടിണിയുടെയും മരണത്തിന്റെയും ഭീകരമുഖമാണ്. ഒരു കാലത്ത് ജീവന്റെ തുടിപ്പുകളുണ്ടായിരുന്ന മണ്ണിൽ ഇന്ന് മനുഷ്യർ പട്ടിണികൊണ്ട് പിടയുകയാണെന്ന് ആഗോള ഭക്ഷ്യ പ്രതിസന്ധി നിരീക്ഷണ ഏജൻസിയായ ഐ.പി.സി (IPC) മുന്നറിയിപ്പ് നൽകുന്നു.

കണ്ണീരിലാഴ്ന്ന മണ്ണ്

രാജ്യത്തിന്റെ പകുതിയോളം ഭാഗങ്ങളെ സാരമായി ബാധിച്ച ‘എൽ നിനോ’ (El Nino) പ്രതിഭാസവും അതിരൂക്ഷമായ വരൾച്ചയും സുഡാനിലെ ജനങ്ങളുടെ ജീവിതം പൂർണ്ണമായും തകിടം മറിച്ചിരിക്കുകയാണ്. ഇതിനുപുറമെ കഴിഞ്ഞ കുറേ വർഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധം ലക്ഷക്കണക്കിന് ആളുകളെയാണ് സ്വന്തം വീടുകളിൽ നിന്ന് ആട്ടിയോടിച്ചത്. ഡാർഫൂർ മേഖലയിലെ പല സ്ഥലങ്ങളിലും കടുത്ത പോഷകാഹാരക്കുറവാണ് കുട്ടികൾ നേരിടുന്നത്. ന്യാട മേഖലയിൽ ഗുരുതരമായ പോഷകാഹാരക്കുറവുമൂലം ചികിത്സ തേടിയെത്തിയ കുട്ടികളുടെ നിരക്ക് ഇരട്ടിയായതായി കണക്കുകൾ വ്യക്തമാക്കുന്നു.

യുദ്ധവും പ്രകൃതിയും മൂലം കരിഞ്ഞുണങ്ങിയ ‌സ്വപ്നങ്ങൾ

കൃഷിയിടങ്ങളെല്ലാം വെള്ളമില്ലാതെ കരിഞ്ഞുണങ്ങി. ഉത്തര ഡാർഫറിലെയും തെക്കേ കോർഡോഫാനിലെയും വലിയൊരു ഭാഗം കൃഷിയിടങ്ങളിലും വിളവെടുപ്പ് പൂർണ്ണമായി പരാജയപ്പെട്ടു. കുടിവെള്ളം പോലും ലഭിക്കാതെ ജനങ്ങൾ കഷ്ടപ്പെടുകയാണ്. സുഡാൻ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (RSF) അർദ്ധസൈനിക വിഭാഗവും തമ്മിൽ 2023 ഏപ്രിൽ മുതൽ തുടരുന്ന ക്രൂരമായ യുദ്ധത്തിൽ ഇതിനകം ഒന്നര ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെടുകയും, 13 ദിലക്ഷത്തോളം പേർ അഭ്യർത്ഥികളായി മാറുകയും ചെയ്തു.

എങ്ങോട്ട് തിരിയും ഈ മനുഷ്യർ?

അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങളുടെ അവസ്ഥ ഹൃദയഭേദകമാണ്. ആരോഗ്യ സേവനങ്ങളോ ശുദ്ധജലമോ ലഭ്യമല്ലാത്തതിനാൽ പകർച്ചവ്യാധികളും പട്ടിണിയും ചേർന്ന് ആയിരക്കണക്കിന് ജീവനുകളാണ് ഓരോ ദിവസവും കവർന്നെടുക്കുന്നത്. അടിയന്തരമായി ഭക്ഷണവും ജീവനും രക്ഷിക്കാനുള്ള സഹായങ്ങൾ എത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ സംഘടനയായ യുണിസെഫ്, ലോകാരോഗ്യ സംഘടന എന്നിവരുൾപ്പെട്ട മുന്നറിയിപ്പ് നൽകുന്നു.

ആളിക്കത്തുന്ന യുദ്ധത്തീയോടൊപ്പം പട്ടിണിയുടെയും വരൾച്ചയുടെയും തീച്ചൂളയിൽ എരിഞ്ഞുതീരുന്ന സുഡാനിലെ സാധാരണക്കാരായ ജനങ്ങൾ, ലോകത്തിന്റെ കനിവിനായി കേണപേക്ഷിക്കുകയാണ്—ഈ വിലാപങ്ങൾക്ക് മുന്നിൽ ഇനിയും ലോകം കണ്ണടയ്ക്കരുത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.