
ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി മഹാനായ വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാളാണ്. നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചു മരണമടഞ്ഞ ആ പുണ്യാത്മാവ് നമ്മുടെ പ്രിയപ്പെട്ട വിശുദ്ധനാണ്. ആ വിശുദ്ധന്റെ തിരുനാളിനൊരുക്കമായുള്ള നൊവേന പ്രാർത്ഥന.
ആറാം ദിനം (ഒക്ടോബർ 19): കുരിശുകൾ ക്ഷമയോടെ വഹിച്ച വി. ജോൺ പോൾ രണ്ടാമൻ പാപ്പ
സഹനങ്ങൾ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ സന്തത സഹചാരി ആയിരുന്നു, പ്രത്യേകിച്ചു ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ പാർക്കിസൺസ് രോഗത്താൽ പാപ്പ ക്ലേശിക്കപ്പെട്ടു. സഹനങ്ങളെല്ലാം വിശ്വാസത്തിന്റെ മാറ്റ് ഉരച്ചു നോക്കുന്ന സന്ദർഭങ്ങളായിരുന്നു. രോഗങ്ങളും ബലഹീനതകളും സ്ഥിരതയോടും എളിമയോടും കൂടി സ്വീകരിച്ചപ്പോൾ അവ ക്രിസ്തുവിനു പരിമിളം പരത്തുന്ന പനിനീർ പൂക്കളായി. സ്വന്തം കുരിശുകളെ ക്ഷമയോടും നിയോഗത്തോടും കൂടി വഹിച്ചുകൊണ്ടു ജീവിതം അദ്ദേഹം ഒരു യഥാർത്ഥ ക്രിസ്തു സാക്ഷ്യമാക്കി മാറ്റി.
പ്രാർത്ഥന
രക്ഷകനായ യേശുവേ, എന്റെ അനുദിന ജീവിതത്തിൽ പ്രത്യക്ഷപ്പെടുന്ന ചെറുതും ഭാരമേറിയതുമായ കുരിശുകളെ ക്ഷമയോടെ സഹിക്കാൻ എന്നെ സഹായിക്കണമേ. അതുവഴി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെപ്പോലെ സംസാരത്തിലും പ്രവർത്തികളിലും നിന്റെ സജീവ സാക്ഷിയാകട്ടെ. നിന്റെ കൃപയിലും നന്മയിലും ആശ്രയിച്ചു പാപ്പയുടെ മധ്യസ്ഥതയാൽ ഇപ്പോൾ പ്രത്യാശപൂർവ്വം അപേക്ഷിക്കുന്ന ഈ അനുഗ്രഹം (നിയോഗം പറയുക) എനിക്കു സാധിച്ചു തരണമേ. ആമ്മേൻ.
1 സ്വർഗ്ഗസ്ഥനായ പിതാവേ. 1 നന്മ നിറഞ്ഞ മറിയമേ. 1 ത്രിത്വ സ്തുതി.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയോടുള്ള ലുത്തിനിയ
കർത്താവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ക്രിസ്തുവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
കർത്താവേ, ഞങ്ങളോടു കരുണയായിരിക്കണമേ
ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന ദയാപൂർവ്വം കേൾക്കണമേ
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ലോകരക്ഷിതാവായ പുത്രനായ ദൈവമേ, ഞങ്ങളോടു കരുണയായിരിക്കണമേ.
പരിശുദ്ധാത്മാവായ ദൈവമേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ, ഞങ്ങളോടു കരുണയായിരിക്കണമേ.
എളിമയുടെ നിറകുടമായ വി. ജോൺ പോൾ പാപ്പായേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
സുവിശേഷവത്കരണ ചൈതന്യമായ വി. ജോൺ പോൾ പാപ്പായേ,
ക്രിസ്തുവിന്റെ അനുഗാമിയായ വി. ജോൺ പോൾ പാപ്പായേ,
ക്രിസ്തുവിന്റെ ആരാധനകനായ വി. ജോൺ പോൾ പാപ്പായേ,
ദൈവഹിതം നിറവേറ്റുന്നതിനു സ്വയം സമർപ്പിച്ച വി. ജോൺ പോൾ പാപ്പായേ,
കുരിശുകൾ ക്ഷമയോടെ വഹിച്ച വി. ജോൺ പോൾ പാപ്പായേ,
സത്യത്തിന്റെ സ്നേഹിതനായ വി. ജോൺ പോൾ പാപ്പായേ,
മറിയത്തിന്റെ വിശ്വസ്ത പുത്രനായ വി. ജോൺ പോൾ പാപ്പായേ,
സ്വർഗ്ഗത്തിന്റെ പൗരനായ വി. ജോൺ പോൾ പാപ്പായേ,
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.




