“ഗാസ ഒരു ദുരന്തഭൂമി, വിശുദ്ധ നാടിനെ ഒറ്റപ്പെടുത്തരുത്”: കർദിനാൾ പിസബല്ല

ഗാസയിലെ സ്ഥിതി അതീവ ഗുരുതരവും ദയനീയവുമാണെന്ന് ജറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസ് കർദിനാൾ പിയർബറ്റിസ്റ്റ പിസബല്ല. ഇറ്റാലിയൻ ജിയോപൊളിറ്റിക്കൽ മാഗസിനായ ‘ലിമെസ്’ നൽകുന്ന സമാധാനത്തിനും സംവാദത്തിനുമുള്ള പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ ഗാസ സന്ദർശിച്ചപ്പോൾ നേരിട്ടുകണ്ട ഭയാനകമായ സാഹചര്യങ്ങളും അദ്ദേഹം മാധ്യമങ്ങളോട് പങ്കുവച്ചു.

വാർത്താ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ദൃശ്യങ്ങൾക്ക് അപ്പുറത്താണ് ഗാസയിലെ യാഥാർഥ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യുദ്ധം തകർത്ത നഗരത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നു. നിലവിൽ ഗാസ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന് പെരുകിവരുന്ന എലികളാണെന്നും, അവ അവിടെയുള്ള കുട്ടികളെ വ്യാപകമായി ഉപദ്രവിക്കുന്നു എന്നും കർദിനാൾ ആശങ്കയോടെ വ്യക്തമാക്കി. ഗാസയിൽ കുട്ടികൾ അനുഭവിക്കുന്ന ദുരന്തം വലുതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ദുസ്സഹമായ സാഹചര്യത്തിൽ സമാധാനത്തിനായുള്ള സംവാദത്തിന്റെ വാതിലുകൾ അടയ്ക്കരുതെന്ന് കർദിനാൾ പിസബല്ല ആവശ്യപ്പെട്ടു. വിശുദ്ധ നാടായ പാലസ്തീനെയും അവിടുത്തെ ജനങ്ങളെയും അന്താരാഷ്ട്ര സമൂഹം ഒറ്റപ്പെടുത്തരുതെന്നും ദുരിതബാധിതർക്ക് ആവശ്യമായ മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്നും കർദിനാൾ പിയർബറ്റിസ്റ്റ പിസബല്ല ആഹ്വാനം ചെയ്തു.

അതേസമയം, യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്സ് ഏജൻസിക്ക് (UNRWA) നൽകിവരുന്ന സാമ്പത്തിക സഹായം വത്തിക്കാൻ വീണ്ടും ഉറപ്പുനൽകിയിട്ടുണ്ട്. ഗാസയിലേക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് വത്തിക്കാൻ യുഎന്നിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.