‘ദി റിസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്’: മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥയുമായി മെൽ ഗിബ്സൺ

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളും വിശ്വാസികളും ഒരുപോലെ കാത്തിരിക്കുന്ന, ‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ എന്ന വിഖ്യാതചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ദി റിസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്’ (The Resurrection of the Christ) എന്ന സിനിമയുടെ ആദ്യ അണിയറവിശേഷങ്ങൾ വെളിപ്പെടുത്തി സംവിധായകൻ മെൽ ഗിബ്സൺ. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ കഥ പറയുന്ന ഈ ചിത്രം “മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടഒന്നാണെന്ന്” അദ്ദേഹം വിശേഷിപ്പിച്ചു.

2004 ൽ പുറത്തിറങ്ങി ആഗോളതലത്തിൽ വൻതരംഗം സൃഷ്ടിച്ച ‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ എന്ന ചിത്രം യേശുവിന്റെ അവസാനത്തെ 12 മണിക്കൂറുകളെയാണ് ദൃശ്യവൽക്കരിച്ചതെങ്കിൽ, പുതിയ ചിത്രം ക്രിസ്തുവിന്റെ ക്രൂശീകരണത്തിനും പുനരുത്ഥാനത്തിനും ഇടയിലുള്ള നിഗൂഢവും ആത്മീയവുമായ അവസ്ഥകളെയാണ് കേന്ദ്രീകരിക്കുന്നത്. ഹോളിവുഡ് മാധ്യമങ്ങൾ നൽകുന്ന വിവരങ്ങളനുസരിച്ച്, ഇറ്റലിയിലെ പ്രശസ്തമായ സിനിസിറ്റ സ്റ്റുഡിയോസ് ഉൾപ്പെടെയുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ഇത്തവണ വലിയ മാറ്റങ്ങളോടെയാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.

മുൻചിത്രത്തിൽ യേശു ആയി വേഷമിട്ട ജിം കാവിസലിനു പകരം ഫിൻലൻഡ് താരം യാക്കോ ഒഹ്തോനെൻ (Jaakko Ohtonen) ആണ് പുതിയ ചിത്രത്തിൽ യേശുക്രിസ്തുവായി എത്തുന്നത്. മറിയമായി കാസിയ സ്മുത്നിയാക്കും മഗ്ദലന മറിയമായി മരിയേല ഗാരിഗയും വേഷമിടുന്നു. അതേസമയം, സാങ്കേതികപരമായ കാരണങ്ങളാലും ഡിജിറ്റൽ ഡീ-ഏജിങ് (De-aging) പ്രക്രിയയുടെ ഭീമമായ ചെലവുകൾ ഒഴിവാക്കാനുമാണ് അഭിനേതാക്കളെ പൂർണ്ണമായി മാറ്റാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഓസ്കാർ ജേതാവായ റാൻഡൽ വാലസുമായി ചേർന്നാണ് ഗിബ്സൺ ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വർഷങ്ങളോളം ചരിത്രകാരന്മാരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സിനിമയുടെ ഘടന പൂർത്തിയാക്കിയത്. കേവലം ഒരു ചരിത്രവിവരണത്തിനപ്പുറം, നന്മയും തിന്മയും തമ്മിലുള്ള ആത്മീയപോരാട്ടവും പാതാളത്തിലേക്കുള്ള ക്രിസ്തുവിന്റെ ഇറങ്ങിച്ചെല്ലലും (Harrowing of Hell) ഉൾപ്പെടുന്ന ഒരു ദൃശ്യവിസ്മയമായിരിക്കും ഈ ചിത്രമെന്ന് ഗിബ്സൺ സൂചന നൽകി. രണ്ടു ഭാഗങ്ങളായി റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം വരും ഈസ്റ്റർ ദിനങ്ങളോടനുബന്ധിച്ച് തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.