‘ദി ചോസൻ’ ആറാം സീസൺ ടീസർ പുറത്തിറങ്ങി

യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ആഗോള പ്രശസ്ത വെബ് സീരീസായ ‘ദി ചോസൻ’ (The Chosen) ആറാം സീസണിന്റെ ആദ്യ ടീസർ പുറത്തുവിട്ടു. ക്രിസ്തുവിന്റെ പീഡാസഹനവും കാൽവരിയിലേക്കുള്ള യാത്രയും കുരിശുമരണവുമാണ് വരാനിരിക്കുന്ന സീസണിന്റെ പ്രധാന പ്രമേയം. യേശുക്രിസ്തുവിന്റെ ജീവിതത്തിലെ അവസാന 24 മണിക്കൂറുകളാണ് ഈ ഭാഗത്തിൽ ആവിഷ്കരിക്കുന്നത്.

സീരീസിന്റെ സ്രഷ്ടാവും സംവിധായകനുമായ ഡാല്ലസ് ജൻകിൻസ് (Dallas Jenkins) പങ്കെടുത്ത തത്സമയ സംപ്രേഷണത്തിലാണ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടീസർ അനാവരണം ചെയ്തത്. റോമൻ പടയാളികൾ ക്രിസ്തുവിനെ ക്രൂരമായി പീഡിപ്പിക്കുന്നതും മുള്ളുകൾ കൊണ്ടുള്ള കിരീടം അണിയിക്കുന്നതും വിചാരണയും ടീസറിലുണ്ട്. മാതാവായ മറിയവും രക്തരൂക്ഷിതനായ യേശുവും തമ്മിലുള്ള വൈകാരികമായ രംഗത്തോടെയാണ് ടീസർ ആരംഭിക്കുന്നത്.

പൊന്തിയോസ് പീലാത്തോസിന്റെ വിചാരണ, മഗ്ദലന മറിയത്തിന്റെ വേദന, ശിഷ്യന്മാരുടെ ഭയം, യൂദാസിന്റെ പശ്ചാത്താപം എന്നിവയും ടീസറിൽ ചിത്രീകരിച്ചിരിക്കുന്നു. ജോനാഥൻ റൂമിയാണ് യേശുവായി വേഷമിടുന്നത്. കുരിശിൽ കിടന്നുകൊണ്ട് യേശു പറയുന്ന “പിതാവേ, ഇവരോട് ക്ഷമിക്കേണമേ…” എന്ന പ്രശസ്തമായ വാക്കുകളോടെയാണ് ടീസർ അവസാനിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.