
ലോകമെമ്പാടുമുള്ള വയോജനങ്ങളുടെയും മുത്തശ്ശിമുത്തച്ഛന്മാരുടെയും ആറാം ലോകദിനാചരണത്തോട് അനുബന്ധിച്ച് സഭയിലെ മുതിർന്ന തലമുറയുടെ പ്രാധാന്യവും അവരുടെ ആത്മീയദൗത്യവും ഓർമ്മിപ്പിച്ച് വത്തിക്കാൻ. അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയിലെ വയോജന ശുശ്രൂഷാവിഭാഗം തലവൻ വിറ്റോറിയോ സ്കെൽസോയുമായി വത്തിക്കാൻ ന്യൂസ് നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് വയോജന സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയത്.
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നുള്ള, “ഞാൻ നിന്നെ ഒരിക്കലും മറക്കില്ല” (49:15) എന്ന തിരുവചനത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ ലോക വയോജനദിനം ആചരിച്ചത്. “ആധുനിക സമൂഹത്തിൽ വയോജനങ്ങൾ പലപ്പോഴും പാർശ്വവൽക്കരിക്കപ്പെടുകയോ, ഒറ്റപ്പെടുകയോ ചെയ്യാറുണ്ട്. എന്നാൽ, ദൈവം അവരെ ഒരിക്കലും മറക്കുന്നില്ലെന്ന സന്ദേശമാണ് സഭ നൽകുന്നത്. വയോജനങ്ങൾ അനുഭവിക്കുന്ന ഏകാന്തതയ്ക്ക് ആശ്വാസമേകാൻ കുടുംബങ്ങളും ഇടവകകളും മുന്നോട്ടുവരണം. വയോജനങ്ങളെ കേവലം പരിചരണമോ, സാമ്പത്തിക സഹായമോ ആവശ്യമുള്ള വിഭാഗമായി മാത്രം കാണരുത്. അവർ സഭാകൂട്ടായ്മയുടെ പ്രധാന ഭാഗമാണ്” – വിറ്റോറിയോ സ്കെൽസോ വ്യക്തമാക്കി.
ലോകമെമ്പാടും അക്രമങ്ങളും യുദ്ധങ്ങളും വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ വയോജനങ്ങളുടെ ശാന്തതയും പ്രാർഥനയും സമൂഹത്തിന് വലിയൊരു വഴികാട്ടിയാണ്. അവർ സഭയുടെയും സമൂഹത്തിന്റെയും ആത്മീയകരുത്താണ്. ഏകാന്തത അനുഭവിക്കുന്ന വയോജനങ്ങളെയും രോഗികളെയും അവരുടെ വീടുകളിലോ, പരിചരണകേന്ദ്രങ്ങളിലോ പോയി സന്ദർശിക്കുന്നത് വലിയൊരു കരുണയുടെ പ്രവൃത്തിയാണെന്ന് വത്തിക്കാൻ ഓർമ്മിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




