
മെൽ ഗിബ്സൺ സംവിധാനം ചെയ്ത വിഖ്യാത ചിത്രം ‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ പുതിയ 4K ദൃശ്യഭംഗിയോടും ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനത്തോടും കൂടി തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുമെന്ന് ലയൺസ്ഗേറ്റും ഫാഥം എന്റർടൈൻമെന്റും അറിയിച്ചു. 2026 സെപ്റ്റംബർ 10 മുതൽ 17 വരെയാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുക. ചിത്രത്തിന്റെ ടിക്കറ്റ് വിൽപന ജൂലൈ 24-ന് ആരംഭിക്കും.
യേശുക്രിസ്തുവായി ജിം കാവിസെൽ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചതും മൂന്ന് അക്കാദമി അവാർഡ് (ഓസ്കാർ) നാമനിർദേശങ്ങൾ ലഭിച്ചതുമായ ഈ ചിത്രം ആദ്യമായി തിയേറ്ററുകളിൽ എത്തിയത് 2004 ഫെബ്രുവരി 25-ലെ വലിയ നോമ്പിന്റെ ആദ്യ ദിനമായ വിഭൂതി ബുധനാഴ്ചയായിരുന്നു. റിലീസിന് പിന്നാലെ ചരിത്രപരമായ ബോക്സ് ഓഫീസ് വിജയമാണ് ചിത്രം സ്വന്തമാക്കിയത്.
റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ തന്നെ 100 മില്യൺ ഡോളറിലധികം കളക്ഷൻ നേടിയ ചിത്രം, അന്നത്തെ കാലത്ത് ഏറ്റവും ഉയർന്ന അഞ്ച് ദിവസത്തെ ഓപ്പണിംഗ് കളക്ഷൻ നേടുന്ന ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കി. കൂടാതെ, ഒരു ബുധനാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ ഏറ്റവും വലിയ അഞ്ച് ദിവസത്തെ കളക്ഷനും, ‘R-റേറ്റഡ്’ (മുതിർന്നവർക്കുള്ളത്) വിഭാഗത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും വലിയ ഓപ്പണിംഗ് വീക്കെൻഡ് കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായും ഇത് മാറി.
ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ദി റസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്’ (The Resurrection of the Christ) എന്ന സിനിമയുടെ ചിത്രീകരണം മെൽ ഗിബ്സൺ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ആദ്യ ഭാഗത്തിന്റെ റീ-റിലീസ് വാർത്ത പുറത്തുവരുന്നത്. ഏറെ നാളായി കാത്തിരിക്കുന്ന ഈ രണ്ടാം ഭാഗം രണ്ട് ഭാഗങ്ങളായാണ് തിയേറ്ററുകളിൽ എത്തുക. ഇതിന്റെ ആദ്യ ഭാഗം 2027 മേയ് ആറിന് (സ്വർഗാരോഹണ വ്യാഴാഴ്ച) തിയേറ്ററുകളിൽ റിലീസ് ചെയ്യും.
വാർത്താക്കുറിപ്പ് അനുസരിച്ച്, ‘ദി റസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്’ സിനിമയുടെ അണിയറക്കാഴ്ചകൾ ‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ സിനിമയോടൊപ്പം പ്രേക്ഷകർക്ക് കാണാൻ സാധിക്കും.




