
നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെ ഭരണകൂടം ജെസ്യൂട്ടുകളുടെ നിയമപരമായ പദവി റദ്ദാക്കാനും അവരുടെ വസ്തുവകകൾ കണ്ടുകെട്ടാനും ഉത്തരവിട്ടു. നിക്കരാഗ്വൻ ഭരണകൂടത്തിന്റെ ഔദ്യോഗിക പത്രമായ ലാ ഗസെറ്റയിൽ ഓഗസ്റ്റ് 23-നാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്.
ആഭ്യന്തരമന്ത്രി മരിയ അമേലിയ കോറണൽ കിൻലോച്ച്, നിക്കരാഗ്വൻ കമ്പനി ഓഫ് ജീസസ് അസോസിയേഷന്റെ നിയമപരമായ പദവി റദ്ദാക്കുന്നതിന് അംഗീകാരം നൽകി. രാജ്യത്തെ പ്രധാന സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നായ സെൻട്രൽ അമേരിക്കൻ യൂണിവേഴ്സിറ്റി (യു.സി.എ) കണ്ടുകെട്ടിയതിനുശേഷം അതിനടുത്തായി സ്ഥിതിചെയ്തിരുന്ന ജെസ്യൂട്ടുകളുടെ വസതിയും നിക്കരാഗ്വൻ ഭരണകൂടം ഏറ്റെടുത്തിരുന്നു.
ജെസ്യൂട്ടുകളോടും അവരുടെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തോടുമുള്ള വിരോധം പ്രകടമാക്കി അക്കാദമിക് മികവിന്റെയും സ്വാതന്ത്ര്യത്തിന്റെയും കോട്ടയായിരുന്ന യു.സി.എ, നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടം കണ്ടുകെട്ടി. ഇത് ആയിരക്കണക്കിന് കുട്ടികളെയും യുവാക്കളെയും അപകടത്തിലാക്കുന്നുണ്ട്. ജെസ്യൂട്ടുകൾക്കുനേരെയുള്ള നിയമനടപടികൾമൂലം തടസ്സപ്പെടുന്ന നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ, പാവപ്പെട്ടവരായ ഒരുപാട് ജീവിതങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.




