
ആഗോള കത്തോലിക്കാ സഭയിൽ ഇന്ന് ദൈവവിളികളുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് നൈജീരിയ. ഇല്ലായ്മകളുടെയും പ്രതിസന്ധികളുടെയും നടുവിൽ നിന്ന് അനേകം ദൈവവിളികളാണ് ഈ മണ്ണിൽ നിന്നും ഉയരുന്നത്. വൈദികരുടെ കുറവുള്ള രാജ്യങ്ങളിൽ പോലും ശുശ്രൂഷയ്ക്കായി അയക്കപ്പെടുന്ന നൈജീരിയൻ വൈദികരുടെ എണ്ണം ഇന്ന് ആയിരത്തിലധികമാണ്. ഈ ചരിത്രപരമായ മുന്നേറ്റത്തിന് തുടക്കമിട്ടത് തദ്ദേശീയനായ പോൾ എമെചെറ്റെ എന്ന വൈദികനാണ്. അദ്ദേഹത്തിൻറെ ജീവിതത്തിലൂടെ ഒന്ന് കടന്നു പോകാം.
1888-ൽ ദക്ഷിണ നൈജീരിയയിലാണ് പോൾ എമെചെറ്റെ ജനിച്ചത്. ഏതാണ്ട് ഈ കാലയളവിൽ തന്നെയാണ് അദ്ദേഹത്തിന്റെ നാട്ടിലേക്ക് കത്തോലിക്കാ മിഷനറിമാർ കടന്നുവരുന്നതും. മിഷനറിമാരുടെ വരവിനു മുൻപ് പ്രാദേശികമായ പരമ്പരാഗത ആചാരങ്ങൾ നിലനിന്നിരുന്ന ഒരു കുടുംബത്തിൽ ജനിച്ചു വളർന്ന പോൾ കത്തോലിക്കാ വിശ്വാസത്തെ കുറിച്ച് കേൾക്കുന്നതും അറിയുന്നതും മിഷൻ സ്കൂളുകളിലൂടെയും മതബോധകരിലൂടെയും ആയിരുന്നു.
അങ്ങനെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആകർഷിക്കപ്പെട്ട പോൾ 1898-ൽ തന്റെ പത്താം വയസ്സിൽ മാമോദീസ സ്വീകരിച്ച് സഭയുടെ ഭാഗമായി. വൈകാതെ മരണക്കിടക്കയിൽ ആയിരുന്ന അദ്ദേഹത്തിന്റെ പിതാവ് ഉൾപ്പെടെ കുടുംബത്തിലെ 16-ഓളം അംഗങ്ങൾ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.
ദൈവവിളിയുടെ വിത്തുകൾ പാകിയ മണിമുഴക്കം
തന്റെ പിതാവ് മരണപ്പെട്ടതോടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനായി പോളിന് സ്വന്തം നാടുവിട്ട് ജോലി തേടിപ്പോകേണ്ടി വന്നു. ഒരു വ്യാപാരിയുടെ കീഴിൽ ജോലി ചെയ്യുന്നതിനിടയിൽ, ചെയ്യാത്ത കുറ്റത്തിന് സാമ്പത്തിക തട്ടിപ്പ് ആരോപിക്കപ്പെടുകയും അദ്ദേഹം ജയിലിലാവുകയും ചെയ്തു. എന്നാൽ ആ നിർഭാഗ്യകരമായ സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി. അദ്ദേഹം കിടന്ന തടവറയ്ക്ക് സമീപത്തായി ഒരു കത്തോലിക്കാ മിഷൻ കേന്ദ്രമുണ്ടായിരുന്നു. ജയിലിനുള്ളിൽ കഴിയവേ സ്ഥിരമായി കേട്ടിരുന്ന പള്ളിമണിയുടെ നാദം പോളിന്റെ മനസ്സിൽ വലിയ ആത്മീയ ചിന്തകൾക്ക് തുടക്കമിട്ടു. ജയിലിൽ നിന്ന് മോചിതനായാൽ എന്ത് ചെയ്യണം എന്ന വ്യക്തമായ ധാരണ പോളിന് നൽകാൻ ആ മണിമുഴക്കത്തിന് കഴിഞ്ഞിരുന്നു.
ശിക്ഷാകാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയ എമെചെറ്റെ മിഷൻ കേന്ദ്രത്തിലേക്ക് മടങ്ങിയെത്തി. തിയോളജി, ഫിലോസഫി, ലാറ്റിൻ ഭാഷ എന്നിവ പഠിച്ചു. 1914-ൽ മൈനർ ഓർഡറുകൾ സ്വീകരിച്ച അദ്ദേഹം, 1919 ഒക്ടോബറിൽ ഡീക്കനായി ഉയർത്തപ്പെട്ടു.
അക്കാലത്തെ അയർലൻഡുകാരനായ പ്രാദേശിക ബിഷപ്പ് തോമസ് ബ്രോഡറിക്, തദ്ദേശീയനായ ഒരു വ്യക്തി വൈദികപട്ടത്തിന് അനുയോജ്യനാണെന്ന് കാണിച്ച് അധികാരികൾക്ക് കത്തെഴുതി. ഇന്നത്തെ കാലത്ത് ഇതൊരു സാധാരണ കാര്യമായി തോന്നാമെങ്കിലും, അക്കാലത്ത് മിഷനറി മേഖലകളിൽ ഒരു തദ്ദേശീയനെ വൈദികനായി തിരഞ്ഞെടുക്കുന്നത് തികച്ചും വിപ്ലവാത്മകമായ ഒരു തീരുമാനമായിരുന്നു. 1920 ജനുവരി ആറിന് ദക്ഷിണ നൈജീരിയൻ നഗരമായ അസബയിൽ വച്ച് ബിഷപ്പ് തോമസ് ബ്രോഡറിക്കിൽ നിന്ന് പോൾ എമെചെറ്റെ വൈദികപട്ടം സ്വീകരിച്ചു.
ചരിത്രപരമായ തീരുമാനം
ഫാദർ എമെചെറ്റെയുടെ വൈദികപട്ടം സഭാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നുവെങ്കിലും അന്നതിന് വലിയ വാർത്ത പ്രാധാന്യം ഒന്നും ലഭിച്ചില്ല. അദ്ദേഹത്തിന്റെ വൈദികപട്ടത്തിന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ ‘മാക്സിമം ഇല്ലുദ്’ (Maximum illud) എന്ന ചരിത്രപ്രസിദ്ധമായ അപ്പസ്തോലിക ലേഖനം പുറപ്പെടുവിച്ചത്. സുവിശേഷ പ്രഘോഷണത്തിൽ തദ്ദേശീയരായ വൈദികരെ വാർത്തെടുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതായിരുന്നു ആ രേഖ.
തന്റെ വൈദിക ജീവിതത്തിന്റെ രണ്ട് പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്തു. 1948-ൽ ഫാദർ പോൾ എമെചെറ്റെ അന്തരിക്കുമ്പോൾ, ആയിരക്കണക്കിന് നൈജീരിയൻ യുവാക്കൾക്ക് വൈദികവൃത്തിയിലേക്ക് കടന്നുവരാനുള്ള വലിയൊരു വഴിയാണ് അദ്ദേഹം തുറന്നിട്ടത്.




