
രാജ്യത്തുടനീളമുള്ള വിദ്യാർഥികളിൽ ഇസ്ലാമിക വിദ്യാഭ്യാസം നിർബന്ധമായി അടിച്ചേൽപ്പിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പങ്കുവച്ചതിന്റെ പേരിൽ ഈജിപ്തിൽ കോപ്റ്റിക് ക്രിസ്ത്യൻ എൻജിനീയർ അറസ്റ്റിലായി. ഷെരീഫ് വാഗിഹ് ഫഹ്മി എന്ന കോപ്റ്റിക് എഞ്ചിനീയറിനെയാണ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് അഞ്ചാം തീയതിയായിരുന്നു സംഭവം. ഗ്യാസ് കമ്പനിയിൽ നിന്നാണെന്നു പറഞ്ഞെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ഷെരീഫിനെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഷെരീഫ് മടങ്ങിയെത്താതിരുന്നതോടെ പരിഭ്രാന്തയായ ഭാര്യ സാധ്യമായ എല്ലാ വഴികളിലൂടെയും അദ്ദേഹത്തെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി. ഒടുവിൽ, അലക്സാൻഡ്രിയയിലെ നാഷണൽ സെക്യൂരിറ്റി ഓഫീസിൽ അദ്ദേഹത്തെ തടവിലാക്കിയിരിക്കുകയാണെന്ന് സുഹൃത്തുക്കൾ കണ്ടെത്തി.
രാജ്യത്തുടനീളമുള്ള വിദ്യാർഥികളിൽ ഇസ്ലാമിക വിദ്യാഭ്യാസം നിർബന്ധമായി അടിച്ചേൽപ്പിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പങ്കുവച്ചതിനെ തുടർന്ന് ഈജിപ്ഷ്യൻ പീനൽ കോഡിലെ ആർട്ടിക്കിൾ 98(f) പ്രകാരം ആണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. സർക്കാരിന്റെ ഔദ്യോഗിക അംഗീകാരമില്ലാത്ത എല്ലാ മതവിശ്വാസങ്ങൾക്കുമെതിരെ നടക്കുന്ന കടുത്ത വേട്ടയാടലാണ് ഈ സംഭവം വ്യക്തമാക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ മാത്രം ഇസ്ലാമികേതര വിശ്വാസങ്ങൾ പ്രകടിപ്പിച്ചതിന് 14 പേരാണ് അറസ്റ്റിലായത്.
വിശ്വാസ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും മേൽ സർക്കാർ ഉയർത്തുന്ന വർധിച്ചുവരുന്ന ഭീഷണികളിൽ ‘ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ്വൈഡ്’ സംഘടനയും ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.




