‘ഗ്രോട്ടോ ഓഫ് ദി റിഡംപ്ഷൻ’: ഒരു വൈദികന്റെ നേർച്ചയിൽ പിറന്ന അദ്ഭുതനിർമ്മിതി

​ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ഗ്രോട്ടോ ഏതാണെന്ന് ചോദിച്ചാൽ അമേരിക്കയിലെ ഐയോവയിലുള്ള ചെറിയ പട്ടണമായ വെസ്റ്റ് ബെൻഡിലേക്ക് വിരൽ ചൂണ്ടാം. ആത്മീയതയും ശില്പകലയും പ്രകൃതിയുടെ അപൂർവ ധനശേഖരങ്ങളും സമ്മേളിക്കുന്ന ‘ഗ്രോട്ടോ ഓഫ് ദി റിഡംപ്ഷൻ’ ലോകത്തിന് മുന്നിൽ ഒരു മഹാദ്ഭുതമായി നിലകൊള്ളുന്നു. ‘ലോകത്തിലെ എട്ടാമത്തെ അദ്ഭുതം’ എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ഈ നിർമ്മിതി ഒരു മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ നിർവചനം കൂടിയാണ്.

​നിർമ്മാണത്തിന് പിന്നിൽ ഒരു നേർച്ചയുടെ പൂർത്തീകരണം

​ഗ്രോട്ടോയുടെ ചരിത്രം തുടങ്ങുന്നത് ഫാദർ പോൾ ഡോബർസ്റ്റൈൻ എന്ന കത്തോലിക്കാ വൈദികനിലൂടെയാണ്. ജർമ്മനിയിൽ ജനിച്ച അദ്ദേഹം യുവാവായിരിക്കുമ്പോൾ കഠിനമായ ന്യൂമോണിയ രോഗബാധിതനായി. ജീവൻ അപകടത്തിലായ ആ ഘട്ടത്തിൽ രോഗസൗഖ്യം ലഭിക്കുകയാണെങ്കിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ബഹുമാനാർഥം വിലപിടിപ്പുള്ള കല്ലുകൾ കൊണ്ട് ഒരു മനോഹരമായ നിർമ്മിതി തയ്യാറാക്കാമെന്ന് അദ്ദേഹം നേർച്ച നേർന്നു.

​രോഗമുക്തനായ ഡോബർസ്റ്റൈൻ പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയും 1898 -ൽ വെസ്റ്റ് ബെൻഡിലെ സെന്റ് പീറ്റർ ആൻഡ് പോൾ പള്ളിയിൽ വികാരിയായി ചുമതലയേൽക്കുകയും ചെയ്തു. തുടർന്ന് തന്റെ നേർച്ച നിറവേറ്റുന്നതിനായി അദ്ദേഹം കല്ലുകളും അപൂർവ രത്നങ്ങളും ശേഖരിക്കാൻ തുടങ്ങി.

​42 വർഷത്തെ കഠിനാധ്വാനം

​1912 -ൽ ആരംഭിച്ച ഈ വലിയ നിർമ്മാണം 1954 -ൽ ഫാദർ ഡോബർസ്റ്റൈൻ മരിക്കുന്നതുവരെ തുടർന്നു. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം ഈ ഉദ്യമത്തിനായി സമർപ്പിച്ചു. വർഷത്തിൽ 12 മാസവും കാലാവസ്ഥ പരിഗണിക്കാതെ അദ്ദേഹം അധ്വാനിച്ചു. പിന്നീട് ഫാദർ ലൂയിസ് ഗ്രെവിംഗ് എന്ന മറ്റൊരു വൈദികനും ഇലക്ട്രീഷ്യനായ മാറ്റ് സുരൈഗും അദ്ദേഹത്തെ സഹായിക്കാൻ കൂടെച്ചേർന്നു.

നിർമ്മാണ ശൈലിയും അപൂർവ ശേഖരവും

​യേശുക്രിസ്തുവിന്റെ ജീവിതത്തിലെയും ബൈബിളിലെയും പ്രധാന സംഭവങ്ങളെ ആസ്പദമാക്കി ഒമ്പത് വ്യത്യസ്ത ഗ്രോട്ടോകളുടെ സമന്വയമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച ദശലക്ഷക്കണക്കിന് വിലയേറിയ കല്ലുകൾ, വിലപിടിപ്പുള്ള രത്നങ്ങൾ, ചിപ്പികൾ, ഫോസിലുകൾ, അപൂർവ സഫയറുകൾ, ടോപ്പാസ്, ജാസ്പർ, ക്വാർട്സ് തുടങ്ങിയവ കൊണ്ടാണ് ഈഗ്രോട്ടോ അലങ്കരിച്ചിരിക്കുന്നത്.

​ഇന്ന് കണക്കാക്കുകയാണെങ്കിൽ ഈ നിർമ്മിതിയിലുള്ള കല്ലുകൾക്ക് മാത്രം ദശലക്ഷക്കണക്കിന് ഡോളർ മൂല്യമുണ്ട്. ഇറ്റലിയിൽ നിന്ന് കൊണ്ടുവന്ന വെളുത്ത മാർബിളിൽ തീർത്ത മനോഹരമായ ശില്പങ്ങളാണ് ഓരോ ഗുഹയിലും സ്ഥാപിച്ചിരിക്കുന്നത്.

​സഞ്ചാരികളുടെ ആകർഷണ കേന്ദ്രം

​ഒരു നഗരത്തിന്റെ മധ്യത്തിൽ വലിയ ഒരു കൽക്കോട്ട പോലെ ഉയർന്നുനിൽക്കുന്ന ഈ അപൂർവനിർമ്മിതി കാണാൻ ഓരോ വർഷവും ലക്ഷക്കണക്കിന് തീർഥാടകരും സഞ്ചാരികളുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെസ്റ്റ് ബെൻഡിൽ എത്തുന്നത്. ​മനുഷ്യന്റെ വിശ്വാസവും കൈവിരുതും പ്രകൃതിയുടെ മനോഹരമായ വിഭവങ്ങളും ഒന്നിച്ചപ്പോൾ പിറവിയെടുത്ത ‘ഗ്രോട്ടോ ഓഫ് ദി റിഡംപ്ഷൻ’, കലയെയും ആത്മീയതയെയും സ്നേഹിക്കുന്ന ഏതൊരാളും ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു അദ്ഭുതക്കാഴ്ച തന്നെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.