നവംബര്‍ 11: ടൂര്‍സിലെ വി. മാര്‍ട്ടിന്‍

വി. മാര്‍ട്ടിന്‍ ഹംഗറിയിലെ സബാറിയ എന്ന സ്ഥലത്ത് അക്രൈസ്തവരായ മാതാപിതാക്കളില്‍നിന്ന് എ.ഡി 316 -ല്‍ ജനിച്ചു. റോമാസൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് വിശുദ്ധന് കാലോചിതമായ വിദ്യാഭ്യാസം നല്‍കി.

ഒരുദിവസം ബാലനായിരുന്ന മാര്‍ട്ടിന്‍, മാതാപിതാക്കളുടെ അനുവാദംകൂടാതെ ഒരു ക്രൈസ്തവ ദൈവാലയത്തില്‍ പ്രവേശിച്ചു. അവിടെ കാണുകയും കേള്‍ക്കുകയുംചെയ്ത കാര്യങ്ങള്‍ ആ കുഞ്ഞുമനസിനെ സ്വാധീനിച്ചു. ഒരു ക്രിസ്ത്യാനിയാകാന്‍ ആഗ്രഹിച്ച മാര്‍ട്ടിന്‍ മാതാപിതാക്കളുടെ ഇഷ്ടത്തിനുവിരുദ്ധമായി മതപഠനം നടത്തിക്കൊണ്ടിരുന്നു. അന്നത്തെ നിയമമനുസരിച്ച് ഉദ്യോഗസ്ഥാരുടെ പുത്രന്മാര്‍ പ്രായപൂര്‍ത്തിയായാലുടന്‍ സൈനികസേവനം അനുഷ്ഠിക്കേണ്ടിയിരുന്നു. അതനുസരിച്ച് അദ്ദേഹം പതിനഞ്ചാമത്തെ വയസില്‍ സൈന്യത്തില്‍ ചേര്‍ന്നു. എല്ലാവരോടും അനുകമ്പയും സ്‌നേഹവും പ്രകടിപ്പിച്ചിരുന്ന മാര്‍ട്ടിന്‍ സഹവാസികള്‍ക്ക് ഒരത്ഭുതമായിരുന്നു.

മഞ്ഞുകാലത്തെ ഒരു ദിവസം മാര്‍ട്ടിനും സഹയോദ്ധാക്കളും ആമിയന്‍സിലേക്കു യാത്രചെയ്യുകയായിരുന്നു. വഴിമധ്യേ തണുത്തുവിറയ്ക്കുന്ന ഒരു സാധുവിനെ അവര്‍ കാണാനിടയായി. നിസ്സഹായനായ ആ മനുഷ്യനെ കാണാത്തമട്ടില്‍ അദ്ദേഹത്തിന്റെ സഹയോദ്ധാക്കള്‍ കടന്നുപോയി. പക്ഷേ, ദൈവസ്‌നേഹത്താല്‍ പ്രേരിതനായ മാര്‍ട്ടിന്‍ തന്റെ കൈയ്യില്‍ ആകെയുണ്ടായിരുന്ന സൈനികവസ്ത്രം വാളുകൊണ്ടു  മുറിച്ച് പാതി അദ്ദേഹത്തിനു നല്‍കി.

അന്നുരാത്രി ആ മേലങ്കി ധരിച്ച് ക്രിസ്തു വിശുദ്ധനുമുന്നില്‍ പ്രത്യക്ഷപ്പെട്ടു. ‘ഇതുവരെ ജ്ഞാനസ്‌നാനം സ്വീകരിക്കാത്ത മാര്‍ട്ടിന്‍ നല്‍കിയതാണ് ഈ വസ്ത്രം’ എന്ന് ക്രിസ്തു പറയുന്നതായി അദ്ദേഹം ശ്രവിച്ചു. ഉടന്‍തന്നെ വിശുദ്ധന്‍ ഒരു വൈദികനെ സമീപിച്ച് മാമ്മോദീസാ സ്വീകരിച്ചു. അധികം താമസിക്കാതെ സൈന്യത്തില്‍നിന്ന് രാജിവച്ച്, ഭക്തജീവിതം നയിക്കുന്നതിനായി പോയിറ്റിയേനസിലെ മെത്രാനായിരുന്ന വി. ഹിലാരിയോടൊപ്പം താമസമാക്കി.

അദ്ദേഹത്തില്‍നിന്നും വൈദികപട്ടം സ്വീകരിച്ച വിശുദ്ധന്‍, ഏകാന്തജീവിതം നയിക്കുന്നതിനായി പോയിറ്റിയേസിന് അടുത്തുള്ള ഒരു സ്ഥലത്ത് താമസമാരംഭിച്ചു. സന്യാസജീവിതം നയിക്കാനാഗ്രഹിച്ച് പലരും അദ്ദേഹത്തിനടുത്തെത്തി. അദ്ദേഹം അവരെയെല്ലാം സ്‌നേഹപൂര്‍വം സ്വീകരിച്ചു. അങ്ങനെ ഫ്രാന്‍സിലെ ആദ്യ സന്യാസാശ്രമം സ്ഥാപിതമായി.

371 -ല്‍ ടൂര്‍സിലെ ജനങ്ങള്‍ വിശുദ്ധനെ തങ്ങളുടെ മെത്രാനായി തിരഞ്ഞെടുത്തു. ഇരുപത്തിയാറു വര്‍ഷം ടൂര്‍സിനെ ഭരിച്ച വിശുദ്ധന്‍ അവിടുത്തെ ജനങ്ങളെ സത്യവിശ്വാസത്തിലേക്കു നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിജാതീയവര്‍ഗക്കാരുടെ ആരാധനാലയങ്ങള്‍ നശിപ്പിച്ചു. ഇതില്‍ കോപിഷ്ഠരായ വിജാതീയര്‍ വിശുദ്ധനെ വധിക്കാന്‍ പല ശ്രമങ്ങളും നടത്തി. പക്ഷേ, ഈ അവസരങ്ങളിലെല്ലാം അസംഖ്യമായ അത്ഭുതങ്ങളിലൂടെ ദൈവം വിശുദ്ധന്റെ ആത്മാവിന്റെ ആന്തരീകനൈര്‍മ്മല്യം പ്രത്യക്ഷമാക്കി. 397 -ല്‍, തന്റെ 81 -ാമത്തെ വയസില്‍ അദ്ദേഹം നിത്യസമ്മാനത്തിനായി സ്വര്‍ഗത്തിലേക്കു വിളിക്കെപ്പട്ടു.

വിചിന്തനം: ഒരുവന്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ എത്ര വലിയവനാണോ അത്രമാത്രം വലിപ്പമേ അവനുള്ളൂ. ഒട്ടും അധികമില്ല.

ഇതരവിശുദ്ധര്‍ : അത്തെനോഡഡോറൂസ് +(304)/ബര്‍ത്തലോമ്യു +(1605)/മെന്നാസ്+(294) ഈജിപ്ത്ഷ്യന്‍ രക്തസാക്ഷി/മെര്‍ക്കുരിയൂസ് (224-250) കേസറിയായിലെ രക്തസാക്ഷി/അബാ/ വെരാനൂസ് (അഞ്ചാം നൂറ്റാണ്ട്) ലിയോണ്‍സിലെ മെത്രാന്‍/ കൊളുംബാ (ആറാം നൂറ്റാണ്ട്)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.