
ഇന്ധനലഭ്യതയുടെ അഭാവവും ഗതാഗതസ്തംഭനവും അത്യന്താപേക്ഷിതമായ സാധനങ്ങളുടെ ക്ഷാമവും മൂലം ഗാസയിലെ മാനുഷിക പ്രതിസന്ധി ‘ദുരന്തത്തിനും അപ്പുറം’ ആയി മാറിയതായി ഗാസയിലെ ഹോളി ഫാമിലി പള്ളി വികാരി ഫാ. ഗബ്രിയേൽ റോമനെല്ലി. അടിയന്തര അന്താരാഷ്ട്ര സഹായം അഭ്യർഥിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാസയിലെ സാഹചര്യം വിവരിക്കാൻ ‘ദുരന്തം’ എന്ന വാക്ക് പോലും തികയാത്ത രീതിയിലേക്ക് കാര്യങ്ങൾ വഷളായിട്ടുണ്ടെന്ന് അർജന്റീനിയൻ വംശജനായ ഫാ. റോമനെല്ലി മുന്നറിയിപ്പ് നൽകുന്നു. “ഇവിടത്തെ സാഹചര്യം ഭയാനകമാണെന്ന് ആളുകൾ പറയുമ്പോൾ ദയവായി വിശ്വസിക്കൂ; അത് ശരിക്കും അതിനേക്കാൾ കഠിനമാണ്. അതിനെ വിശേഷിപ്പിക്കാൻ ഇതിലും ശക്തമായ മറ്റൊരു വാക്ക് ആവശ്യമാണ്” – അദ്ദേഹം പറഞ്ഞു.
നിത്യജീവിതത്തിലെ കടുത്ത പോരാട്ടങ്ങളെക്കുറിച്ച് വിവരിക്കവെ, പള്ളിയിലെ ഭൂരിഭാഗം വാഹനങ്ങളും സ്പെയർ പാർട്സുകൾ കിട്ടാത്തതിനാൽ ഉപയോഗശൂന്യമായതായി അദ്ദേഹം വ്യക്തമാക്കി. “ഒരു കാർ പ്രവർത്തിപ്പിക്കാൻ മറ്റൊരു കാറിലെ ബാറ്ററി ഊരിയെടുക്കേണ്ട അവസ്ഥയിലാണ് ഞങ്ങൾ. വൈദികർ ഉപയോഗിക്കുന്ന ഒരേയൊരു വാഹനം ഇന്ധനപൈപ്പുകളിലെ കേടുപാടുകൾ മൂലവും ഗുണനിലവാരമില്ലാത്ത ഓയിൽ മൂലവും എപ്പോൾ വേണമെങ്കിലും നിന്നുപോകാവുന്ന സ്ഥിതിയിലാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ധനത്തിന് കടുത്ത ക്ഷാമമുണ്ടെന്നും ലീറ്ററിന് 13 യുഎസ് ഡോളറോളം (ഏകദേശം 1100 രൂപയ്ക്കു മുകളിൽ) ഉയർന്ന വിലയാണെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങൾക്കു പകരം കഴുതവണ്ടി ഉപയോഗിക്കാമെന്ന് വിചാരിച്ചാൽപോലും അതിനും വലിയ തുക ചെലവാകും. യുദ്ധത്തിനു മുൻപ് 1,000 മുതൽ 2,000 ഷെക്കൽ വരെ വിലയുണ്ടായിരുന്ന കഴുതയ്ക്ക് ഇപ്പോൾ 50,000 ഷെക്കൽ (ഏകദേശം 16,000 – 17,000 യുഎസ് ഡോളർ) ആണ് വിലയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആശുപത്രികളിലും സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും എത്താനും രോഗികളെ സന്ദർശിക്കാനും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനും ഗതാഗതം അത്യാവശ്യമാണ്. “നടന്നുതീർക്കാൻ മാത്രം ചെറിയൊരു പ്രദേശമല്ല ഗാസ” – തകർന്നടിഞ്ഞ റോഡുകളെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, റഫാ മേഖലയിലേക്ക് പ്രവേശിക്കാൻ അന്താരാഷ്ട്ര സേനയ്ക്ക് ഇസ്രായേൽ സർക്കാർ പ്രാഥമിക അനുമതി നൽകിയെന്ന റിപ്പോർട്ടുകളെ പ്രതീക്ഷയോടെയാണ് അദ്ദേഹം കാണുന്നത്. “അതൊരു നല്ല തുടക്കമായിരിക്കും. എന്നാൽ, ഗാസയിലെ സാധാരണക്കാർക്ക് ജീവിക്കാൻ വേണ്ട പിന്തുണ നൽകുകയാണ് പ്രധാനം. ആളുകൾ ഒന്നുമില്ലാതെയാണ് ജീവിക്കുന്നത്. പുനർനിർമ്മാണം അത്യാവശ്യമാണ്. ഒപ്പം തന്നെ ദിനംപ്രതിയുള്ള അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റപ്പെടണം” – ഫാ. റോമനെല്ലി വ്യക്തമാക്കി.




