
മരണശിക്ഷ നിർത്തലാക്കണമെന്നും സഭയുടെ ധാർമ്മിക നിലപാടുകൾ മാനിക്കണമെന്നും കത്തോലിക്കാ ബിഷപ്പുമാർ ആവശ്യപ്പെടുന്നതിനിടെ, അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡയിൽ ഒറ്റദിവസം രണ്ട് തടവുകാരുടെ വധശിക്ഷ നടപ്പാക്കി. 1964- ന് ശേഷം ആദ്യമായാണ് ഫ്ലോറിഡയിൽ ഒറ്റദിവസം കൊണ്ട് രണ്ട് പേരുടെ മരണശിക്ഷ നടപ്പിലാക്കുന്നത്.
1987- ൽ 11 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ പൊലീസ് ഉദ്യോഗസ്ഥൻ ജെയിംസ് ഡക്കറ്റ് (68), 1986 – ൽ മുൻ കാമുകിയുടെ അമ്മയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഡൊമിനിക് ഓച്ചിക്കോൺ ജൂനിയർ (80) എന്നിവർക്കാണ് വധശിക്ഷ നടപ്പാക്കിയത്.
ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് ഫ്ലോറിഡയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കൗൺസിൽ ഗവർണർ റോൺ ഡിസാന്റിസിനോട് വധശിക്ഷ നടപ്പാക്കരുതെന്ന് അഭ്യർഥിച്ച് ഇടയലേഖനം പുറപ്പെടുവിച്ചിരുന്നു. ‘രക്തരഹിതമായ മാർഗങ്ങളിലൂടെ കുറ്റവാളികളെ ശിക്ഷിക്കാനും പൊതുസുരക്ഷ ഉറപ്പാക്കാനും സാധിക്കുന്ന ഈ കാലഘട്ടത്തിൽ ജീവന്റെ വിശുദ്ധിയെ മാനിക്കണം’ എന്ന് ബിഷപ്പുമാർ ഓർമ്മിപ്പിച്ചു.
എന്നാൽ ഏറ്റവും ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് നൽകാവുന്ന അർഹമായ ശിക്ഷയാണ് വധശിക്ഷയെന്നാണ് കത്തോലിക്കാ വിശ്വാസിയായ ഗവർണർ ഡിസാന്റിസിന്റെ നിലപാട്. 2026- ൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കിയ സംസ്ഥാനമായി ഫ്ലോറിഡ മാറിയിരിക്കുകയാണ്.
വധശിക്ഷ മനുഷ്യന്റെ ജീവന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അത് ധാർമ്മികമായി അംഗീകരിക്കാനാകില്ലെന്നുമാണ് കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിലപാട്.




