“ഞങ്ങൾ നിങ്ങളെ തനിച്ചാക്കില്ല”: ഭൂകമ്പത്തിന് ഒരു മാസത്തിനു ശേഷം വെനസ്വേലയിലെ വൈദികർ

വെനസ്വേലയെ പിടിച്ചുകുലുക്കിയ വിനാശകരമായ ഭൂകമ്പം നടന്ന് ഒരു മാസം പിന്നിടുമ്പോഴും, ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളവർക്കൊപ്പം കത്തോലിക്കാ സഭയുടെ സാന്നിധ്യം തുടരുകയാണ്. പ്രാർഥനയിലൂടെയും സജീവമായ സാന്നിധ്യത്തിലൂടെയും വേദന നിഴലിക്കുന്ന ഇടങ്ങളിലേക്ക് പ്രത്യാശ പകരുകയാണ് വൈദികരും സന്ന്യസ്തരും.

രാജ്യത്തിന്റെ ഭൂരിഭാഗവും പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമ്പോഴും, ലാ ഗ്വൈറയുടെ തെരുവുകളിൽ ആ മുറിവുകൾ കനത്തുതന്നെ നിൽക്കുന്നു. ദുരന്തബാധിത പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്ന വൈദികരും സന്ന്യാസിനികളും പാസ്റ്ററൽ പ്രവർത്തകരും വീടുകൾ ആശീർവദിക്കുകയും, ഈ മഹാദുരന്തത്തിലും ദൈവം അവരെ ഉപേക്ഷിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ സങ്കടങ്ങൾ കേൾക്കുകയും ചെയ്യുന്നു. ഇക്കൂട്ടത്തിലൊരാളാണ് സൺസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭയിലെ വൈദികനായ ഫാദർ ഷൂലിയോ റൂയിസ്. സംസ്കാര ചടങ്ങുകൾക്കായുള്ള പ്രാർഥനകൾ നടത്താനും, മരിച്ചവർക്കുവേണ്ടി പ്രാർഥിക്കാനും അദ്ദേഹം തെരുവുകളിലൂടെ സഞ്ചരിക്കുന്നു.

വെനസ്വേലൻ മാധ്യമപ്രവർത്തകനായ ജോഹാൻ സപാറ്റ പങ്കുവച്ച വീഡിയോകളിൽ, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിശ്വാസം എത്രത്തോളം കരുത്തേകുന്നു എന്ന് കാണാം.

ഭൂകമ്പത്തിന്റെ ഇരകളായവരെ കണ്ടെത്തുന്നതിനായി അവശിഷ്ടങ്ങൾ മാറ്റുന്ന ജോലിയിലേക്ക് തിരികെ പോകുന്നതിന് മുൻപ്, “അച്ചാ, എന്റെ പണിയായുധങ്ങൾ ഒന്ന് ആശീർവദിക്കണം” എന്ന് ഒരാൾ അഭ്യർഥിക്കുന്നു.

‘നിങ്ങൾ തനിച്ചല്ല, ദൈവം നിങ്ങളോടൊപ്പമുണ്ട്’

തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായി പല കുടുംബങ്ങളും ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടമായതിന്റെ വേദന കഠിനമാണ്. എങ്കിലും ഏറ്റവും കൂടുതൽ സങ്കടപ്പെടുന്നവരെ ആശ്വസിപ്പിച്ചുകൊണ്ട് സഭയുടെ സാന്നിധ്യം അവിടെയുമുണ്ട്. അതിലൊന്നാണ്, തകർന്നുവീണ കെട്ടിടത്തിനുള്ളിൽ നിന്ന് മകന്റെ മൃതദേഹം കണ്ടെത്തുന്ന ഒരമ്മയുടെ ദൃശ്യം.

“ഞാൻ ഇപ്പോൾ തീർത്തും തനിച്ചായി,” എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് അവർ ഫാ. റൂയിസിന്റെ അടുത്തേക്ക് ഓടിയെത്തുന്നു. അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആശീർവാദം ചോദിക്കുന്ന അവർ, കണ്ണീരോടെ മകനോടൊപ്പം പോകാൻ ആഗ്രഹിക്കുന്നുവെന്ന് പറയുമ്പോൾ വിറയാർന്ന ശബ്ദത്തോടെ വൈദികൻ മറുപടി നൽകുന്നു, “നിങ്ങൾ തനിച്ചല്ല, ദൈവം നിങ്ങളോടൊപ്പമുണ്ട്.”

സേവനത്തിനായി സജ്ജമായ സഭ

ഭൂകമ്പം ഉണ്ടായ ആദ്യ ദിവസങ്ങൾ മുതൽ തന്നെ, ലാ ഗ്വൈറ, എൽ ജുൻക്വിറ്റോ (El Junquito), ഫാൽക്കൺ (Falcón), കാരക്കാസ് (Caracas) എന്നിവിടങ്ങളിലെ ജനങ്ങളെ സഹായിക്കാനായി വെനസ്വേലയിലെ സഭ വൈദികരെയും സന്യസ്തരെയും വൈദികവിദ്യാർഥികളെയും വിശ്വാസികളെയും സംഘടിപ്പിച്ചു. ആത്മീയ പിന്തുണയ്‌ക്കപ്പുറം, പള്ളികളും സെമിനാരികളും സഭാസ്ഥാപനങ്ങളും കളക്ഷൻ സെന്ററുകളായും എല്ലാം നഷ്ടപ്പെട്ടവർക്കുള്ള താത്കാലിക അഭയകേന്ദ്രങ്ങളായും മാറി. വിശ്വാസികളുടെയും മറ്റ് കരുണയുള്ളവരുടെയും സഹായത്താൽ, ഭക്ഷണവും വെള്ളവും മരുന്നുകളും അത്യാവശ്യ സാധനങ്ങളും അവർ ഇപ്പോഴും വിതരണം ചെയ്തുകൊണ്ടിരിക്കുന്നു.

“ഒരു സഭ എന്ന നിലയിൽ ഞങ്ങൾ സംഘടിതരായാണ് പ്രവർത്തിക്കുന്നത്; നിരവധി ആളുകളെ സഹായിക്കുന്നുമുണ്ട്. ഞങ്ങൾക്ക് ലഭിക്കുന്ന സംഭാവനകൾ കൃത്യമായി ഏകോപിപ്പിച്ച് എല്ലാവരിലേക്കും എത്തിക്കുന്നു. ആർക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ അത് നൽകുന്നു” സിസ്റ്റർ ജിസെല ഒർട്ടേഗ വിശദീകരിക്കുന്നു. എന്നാൽ, ഇത്രയും വലിയ ദുരന്തം അനുഭവിച്ചവർക്ക് ഭൗതിക സഹായം മാത്രം പോരെന്നും അവർ എടുത്തുപറയുന്നു.

ദുഃഖത്തെ അഭിമുഖീകരിക്കാനും പ്രത്യാശ നിലനിർത്താനും പ്രാർഥന ഒരു പ്രധാന പിന്തുണയായി തുടരുന്നു. “പ്രാർഥിക്കാൻ ഇവിടെയൊരു ഇടമുണ്ട്. പ്രാർഥിക്കാനും, നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യ നാഥന്റെ മുന്നിൽ തങ്ങളുടെ ആവശ്യങ്ങൾ സമർപ്പിക്കാനും ആഗ്രഹിക്കുന്ന ആർക്കും ഇവിടേക്ക് വരാം. അവൻ ഇവിടെയുണ്ട്. ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ട്. ദൈവം നമ്മെ സ്നേഹിക്കുന്നു, ദൈവം സ്നേഹവുമാണ്,” അവർ പറയുന്നു.

ഭൂകമ്പം നടന്ന് ഒരു മാസം പിന്നിടുമ്പോഴും തകർന്നടിഞ്ഞ പ്രദേശങ്ങളിലും ദുരിതബാധിത സമൂഹങ്ങളിലും സഭയുടെ സാന്നിധ്യം മാറ്റമില്ലാതെ തുടരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.