നൂറ്റാണ്ടുകളുടെ വിശ്വാസം പുതിയ തലമുറയ്ക്കു കൈമാറുന്ന ഇന്തോനേഷ്യയിലെ ചരിത്രപ്രസിദ്ധമായ മരിയൻ ഗ്രോട്ടോ

കിഴക്കൻ ഇന്തോനേഷ്യയിലെ ഒരു ഗ്രാമമാണ് കൊൾസർ. ഇവിടെ മാതാവിന്റെ ഒരു ചെറിയ ഗ്രോട്ടോ ഉണ്ട്. യുദ്ധത്തെയും അധിനിവേശത്തെയും പീഡനങ്ങളെയും അതിജീവിച്ച വിശ്വാസത്തിന്റെ ഓർമ്മപ്പെടുത്തലായി, വരും തലമുറയ്ക്കായി ഒരു സാക്ഷ്യ പേടകം പോലെ നിലകൊള്ളുന്ന ഒന്നാണ് ഈ മരിയൻ ഗ്രോട്ടോ. ഡച്ച് മിഷനറിമാരുടെ കാലത്ത് സ്ഥാപിതമായി, ഇന്തോനേഷ്യയിലെ കത്തോലിക്കാ വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി നിലകൊള്ളുന്ന ചരിത്രപ്രസിദ്ധമായ മരിയൻ ഗ്രോട്ടോ ഇന്ന് അതിന്റെ ശതാബ്ദി നിറവിലാണ്.

തലമുറകളോട് ചേർന്ന് നിൽക്കുന്ന സാക്ഷ്യ ദീപം

കിഴക്കൻ ഇന്തോനേഷ്യയിലെ മാലുക്കു പ്രവിശ്യയിലുള്ള കെയ് കെസിൽ 1813-ലാണ് ആദ്യമായി കത്തോലിക്കാ വിശ്വാസം എത്തിയതെന്ന് രേഖകൾ വെളിപ്പെടുത്തുന്നു. വ്യക്തിപരമായ പ്രാർഥനാലയം എന്നതിലുപരി, കൊൾസറിലെ ഈ മരിയൻ ഗ്രോട്ടോ അവിടത്തെ ജനങ്ങളുടെ കുടുംബ ചരിത്രവുമായി ഇഴചേർന്നു കിടക്കുന്ന ഒന്നാണ്. ഈ പ്രദേശത്ത് ക്രിസ്തുമതം ആദ്യമായി സ്വീകരിച്ച പൂർവികരുടെ പരമ്പരയിൽപ്പെട്ട എവെർ മാറ്റുബോങ്സ് പോലുള്ള വ്യക്തികൾക്ക് അവർ കടന്നുവന്ന വഴികളുടെ ഒരു ഓർമ്മപ്പെടുത്തതാണ് ഈ ഗ്രോട്ടോ.

ഡച്ച് ന്യൂ ഗിനിയയിലെ അപ്പസ്തോലിക വികാരിയായിരുന്ന മോൺസിഞ്ഞോർ ജോഹന്നാസ് എർട്സ് ആശീർവദിച്ചതാണ് ഈ ഗ്രോട്ടോ. മിഷനറി പ്രവർത്തനങ്ങളുടെയും ത്യാഗത്തിന്റെയും ഓർമ്മപ്പെടുത്തലായ ഈ തീർഥാടന കേന്ദ്രത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ അമ്പോയിന രൂപതയും കൊൾസർ ഗ്രാമവാസികളും.

രക്തസാക്ഷിത്വത്തിന്റെ സ്മാരകമായി നിലകൊള്ളുന്ന മരിയൻ രൂപം

കൊൾസർ ഗ്രാമത്തിനിലെ മാതാവിന്റെ ഗ്രോട്ടോ ആത്മീയ അനുഭവങ്ങൾ മാത്രമല്ല ഈ ജനങ്ങൾക്ക് പകരുന്നത്. പ്രതിസന്ധികളിലും തളരാതെ വിശ്വാസത്തെ ധീരമായി സംരക്ഷിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ് സൈന്യം ഈ ദ്വീപ് പിടിച്ചെടുത്തപ്പോൾ മതപരമായ എല്ലാ കാര്യങ്ങൾക്കും അവർ വിലക്കേർപ്പെടുത്തിയിരുന്നു. നിയമങ്ങൾ തെറ്റിക്കുന്നവർക്കു കർശനമായ ശിക്ഷകളും ക്രൂരമായ പീഡനങ്ങളും നേരിടേണ്ടി വന്നു. എന്നാൽ തങ്ങളുടെ വിശ്വാസത്തെ അങ്ങനെ ഉപേക്ഷിക്കാൻ ഈ ദ്വീപിൽ ഉണ്ടായിരുന്ന മിഷനറിമാർ തയ്യാറായിരുന്നില്ല. അവർ തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിച്ചു. വിലക്കുകൾ അവഗണിച്ചു എന്ന് ആരോപിച്ച് 1942 ജൂലൈ 30-ന് മോൺസിഞ്ഞോർ ജോഹന്നാസ് എർട്സ് ഉൾപ്പെടെ 13 മിഷനറിമാരെ ജാപ്പനീസ് സൈന്യം വധിക്കുകയും മൃതദേഹങ്ങൾ കടലിൽ എറിയുകയും ചെയ്തു.

ഇക്കാരണത്താൽ തന്നെ ഇവിടെയുള്ള പൂർവികർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ രക്തസാക്ഷിത്വത്തിന്റെ സ്മാരകം കൂടിയായി ഈ ഗ്രോട്ടോ നിലകൊള്ളുന്നു. ഈ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കാനുള്ള നടപടികൾ അമ്പോയിന രൂപത ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കടുത്ത പീഡനങ്ങളെയും അടിച്ചമർത്തലുകളെയും അതിജീവിച്ചാണ് ഈ വിശ്വാസകേന്ദ്രം ഇന്നോളം നിലകൊള്ളുന്നത്.

പീഡനങ്ങളെ അതിജീവിച്ച ഭക്തി

അനേകം പ്രക്ഷുബ്ധമായ സാഹചര്യങ്ങളിലൂടെയാണ് ഇന്തോനേഷ്യൻ സഭ കടന്നുപോയത്. ഡച്ച് കൊളോണിയൽ ഭരണം, ജാപ്പനീസ് അധിനിവേശം, സ്വാതന്ത്ര്യസമരം, കമ്മ്യൂണിസ്റ്റ് ഭരണകാലത്തെ അടിച്ചമർത്തലുകൾ തുടങ്ങി നിരവധി പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുവാൻ ഈ മരിയഭക്തി വിശ്വാസികളെ സഹായിച്ചു.

ഡിസംബർ എട്ടിന് നടക്കുന്ന ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനായി പതിനായിരക്കണക്കിന് വിശ്വാസികളാണ് കൊൾസർ ഗ്രാമത്തിലേക്ക് എത്തിച്ചേരുന്നത്. വ്യക്തിപരമായ ആശ്വാസത്തിനപ്പുറം സമൂഹത്തിന്റെ കൂട്ടായ മാനസാന്തരത്തിന്റെയും സൗഖ്യത്തിന്റെയും ഇടമായി ഈ നൂറ്റാണ്ട് പിന്നിട്ട മരിയൻ ഗ്രോട്ടോ ഇന്നും തലയുയർത്തി നിൽക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.