ചരിത്രപ്രസിദ്ധമായ സഭാമന്ദിരം പൊളിച്ചുനീക്കി; വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി റിഡംപ്റ്ററിസ്റ്റ് വൈദികർ

മധ്യ വിയറ്റ്നാമിലെ പുരാതന തലസ്ഥാനമായ ഹുവേയിൽ കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള ചരിത്രപ്രസിദ്ധമായ മന്ദിരം പ്രാദേശിക ഭരണകൂടം പൊളിച്ചുനീക്കിയതിനെതിരെ പ്രതിഷേധം ശക്തമാക്കി വൈദികരും വിശ്വാസികളും. റിഡംപ്റ്ററിസ്റ്റ് സന്ന്യാസ സമൂഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘ലാകൂയി’ (L’Accueil) എന്ന കെട്ടിടമാണ് അധികൃതർ യന്ത്രസഹായത്തോടെ ഇടിച്ചുനിരത്തിയത്.

ചൊവ്വാഴ്ചയാണ് വൻ പൊലീസ് സന്നാഹത്തോടെ അധികൃതർ കെട്ടിടം പൊളിക്കാൻ ആരംഭിച്ചത്. 1930-ൽ റിഡംപ്റ്ററിസ്റ്റ് സഭ വിലകൊടുത്തു വാങ്ങിയ ഏകദേശം 20,433 ചതുരശ്ര മീറ്റർ ഭൂമിയിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. 1971-ൽ മുനിസിപ്പാലിറ്റി തന്നെ ഈ ഉടമസ്ഥാവകാശം അംഗീകരിച്ചിട്ടുള്ളതാണെന്നും, ഭൂമി ഒരിക്കലും സർക്കാരിന് വിട്ടുകൊടുക്കുകയോ ദാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും റിഡംപ്റ്ററിസ്റ്റ് വിയറ്റ്നാം പ്രൊവിൻസ് പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, മതസ്വാതന്ത്ര്യത്തിന്റെയും സ്വത്തവകാശത്തിന്റെയും നഗ്നമായ ലംഘനമാണിതെന്നും സഭ ചൂണ്ടിക്കാട്ടി. “ബലപ്രയോഗത്തിലൂടെ നീതി സ്ഥാപിക്കാനാവില്ല, കെട്ടിടങ്ങൾ തകർത്തതുകൊണ്ട് സത്യത്തെ മായ്ച്ചുകളയാനും സാധിക്കില്ല,” വൈദികർ പ്രസ്താവനയിൽ പറഞ്ഞു.

1938-നും 1943-നും ഇടയിൽ സഭ നിർമ്മിച്ച ‘ലാകൂയി’ മന്ദിരത്തിൽ ലൈബ്രറി, ഓഡിറ്റോറിയം, വായനശാല എന്നിവ പ്രവർത്തിച്ചിരുന്നു. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഒട്ടേറെ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു ഇവിടം. വിയറ്റ്നാം യുദ്ധകാലത്ത് ബോംബാക്രമണങ്ങളിൽ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് അഭയാർഥികൾക്ക് അഭയകേന്ദ്രമായി പ്രവർത്തിച്ച ചരിത്രവും ഈ കെട്ടിടത്തിനുണ്ട്.

2025 സെപ്റ്റംബറിലാണ് അധികൃതർ ഈ സ്ഥലം വേലികെട്ടി തിരിച്ചത്. ഭൂമി തിരികെ നൽകണമെന്നും നടപടിയുടെ നിയമപരമായ അടിസ്ഥാനം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് 2026 ഏപ്രിൽ 26, മെയ് 12, സെപ്റ്റംബർ 15 തീയതികളിൽ സഭ മുനിസിപ്പാലിറ്റിക്ക് നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും അവ അവഗണിക്കപ്പെടുകയായിരുന്നു. 1921 മുതൽ വിയറ്റ്നാമിൽ പ്രവർത്തിക്കുന്ന റിഡംപ്റ്ററിസ്റ്റ് വൈദികർ, കമ്മ്യൂണിസ്റ്റ് ഭരണകൂടം ഉപേക്ഷിച്ചവരും യുദ്ധത്തിൽ പരിക്കേറ്റവരുമായ വിമുക്തഭടന്മാരെ സഹായിക്കുന്നതിലും ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവർത്തനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും വലിയ സംഭാവനകളാണ് നൽകിവരുന്നത്. എന്നാൽ, മനുഷ്യാവകാശങ്ങൾക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയർത്തുന്നതിനാൽ ഹനോയിയിലെ ഏകകക്ഷി ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളാണ് ഇവർ.

ഹനോയിക്ക് സമീപമുള്ള തായ് ഹാ ഇടവകയുടെ ഭൂമി പിടിച്ചെടുത്തത്, ആശ്രമം തകർത്തത്, ഹോ ചി മിൻ സിറ്റിയിലെ പള്ളിക്ക് നേരെയുണ്ടായ ആക്രമണം, പ്രൊവിൻഷ്യൽ സുപ്പീരിയർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് തുടങ്ങി സഭയ്ക്ക് നേരെ നിരവധി അതിക്രമങ്ങൾ ഇതിനകം നടന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.