
ഈശോയുടെ പീഡാസഹനവേളയിൽ ധരിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്ന, ഫ്രാൻസിലെ ആർജന്റോയിൽ സൂക്ഷിച്ചിട്ടുള്ള വിശുദ്ധ അങ്കി വണങ്ങുന്ന ചരിത്രത്തിലെ ആദ്യത്തെ മാർപാപ്പയായി ലെയോ പതിനാലാമൻ പാപ്പ. ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായി പാരിസിലെ ‘സ്റ്റേഡ് ഡി ഫ്രാൻസ്’ സ്റ്റേഡിയത്തിൽ നടന്ന പ്രത്യേക പ്രാർഥനാ വേളയിലാണ് മാർപാപ്പ തിരുശേഷിപ്പിന് മുന്നിൽ പ്രാർഥനാനിരതനായത്.
ആർജന്റോയിലെ വിശുദ്ധ ഡെനിസ് ബസിലിക്കയിൽ നിന്ന് ഏകദേശം ആറ് കിലോമീറ്റർ സഞ്ചരിച്ചാണ് തിരുശേഷിപ്പ് യുവജനങ്ങൾ ജാഗരണ പ്രാർഥന നടന്ന സ്റ്റേഡിയത്തിൽ എത്തിച്ചത്. 17 നും 35 നും ഇടയിൽ പ്രായമുള്ള എൺപതിനായിരത്തോളം വരുന്ന യുവാക്കളും വിശുദ്ധ അങ്കി വണങ്ങുന്ന ചടങ്ങിൽ മാർപാപ്പയ്‌ക്കൊപ്പം പങ്കെടുത്തു.
ഫ്രാൻസിൽ 1,200-ൽ പരം വർഷങ്ങളായി വണങ്ങപ്പെടുന്ന ഈ വിശുദ്ധ തിരുശേഷിപ്പ് സാധാരണയായി 50 വർഷത്തിലൊരിക്കൽ മാത്രമാണ് പൊതുദർശനത്തിന് വയ്ക്കാറുള്ളത്. ക്രൂശിതനാകുന്നതിന് തൊട്ടുമുമ്പ് ക്രിസ്തു ധരിച്ചിരുന്ന തുന്നലുകളില്ലാത്ത ഒറ്റ വസ്ത്രമാണിതെന്നാണ് ക്രൈസ്തവ പാരമ്പര്യം. ഫ്രഞ്ച് വിപ്ലവത്തിന്റെ സമയത്ത് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രദേശത്തെ വികാരി ഈ അങ്കി പല കഷണങ്ങളായി മുറിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിപ്പിക്കുകയായിരുന്നു. പിന്നീട് 19-ാം നൂറ്റാണ്ടിൽ വീണ്ടെടുത്ത കഷണങ്ങൾ ഒന്നിച്ച് ചേർത്താണ് നിലവിലുള്ള രൂപത്തിൽ സംരക്ഷിച്ചിരിക്കുന്നത്.
കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ ആർജന്റോയിലെ വിശുദ്ധ അങ്കി നേരിട്ട് കണ്ട് വണങ്ങുന്നത്. ഇതിന് മുന്നോടിയായി പാരിസിലെ നോട്രെ-ദാം കത്തീഡ്രലിൽ നടന്ന സന്ധ്യാപ്രാർഥനയിൽ മാർപാപ്പ പങ്കെടുക്കുകയും ക്രിസ്തുവിന്റെ മുൾകിരീടത്തിന്റെ തിരുശേഷിപ്പിന് മുന്നിൽ പ്രാർഥിക്കുകയും ചെയ്തിരുന്നു.




