
ഏതൊരു സമൂഹത്തിന്റെയും അടിസ്ഥാനപരമായ കടമ ഓരോ മനുഷ്യജീവനെയും സംരക്ഷിക്കുക എന്നതാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. നാല് ദിവസത്തെ ഔദ്യോഗിക ഫ്രാൻസ് സന്ദർശനത്തിനിടെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസി കൊട്ടാരത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും ഭരണാധികാരികളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര സാങ്കേതിക വിദ്യകൾ മനുഷ്യനന്മയ്ക്കായി മാത്രം ഉപയോഗിക്കപ്പെടണമെന്ന് മാർപാപ്പ കൂടിക്കാഴ്ചയിൽ പ്രത്യേകം ഓർമ്മിപ്പിച്ചു. ജീവന്റെ മൂല്യത്തെക്കാൾ സാങ്കേതിക പുരോഗതിക്ക് പ്രാധാന്യം നൽകുന്ന പ്രവണതകൾക്കെതിരെ പാപ്പ മുന്നറിയിപ്പ് നൽകി. ജനനം മുതൽ സ്വാഭാവിക മരണം വരെയുള്ള ഘട്ടങ്ങളിൽ ഓരോ മനുഷ്യജീവിതത്തിനും ലഭിക്കേണ്ട സംരക്ഷണവും അവകാശങ്ങളും നിഷേധിക്കപ്പെടരുതെന്ന് പാപ്പ പറഞ്ഞു.
“മനുഷ്യന്റെ അന്തസ്സും ജീവന്റെ വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നിടത്താണ് ഒരു രാജ്യത്തിന്റെ യഥാർഥ പുരോഗതി ഇരിക്കുന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യനെ സേവിക്കാനുള്ള ഉപകരണങ്ങളാണ്, അല്ലാതെ മനുഷ്യജീവന് ഭീഷണിയാകാനുള്ള വഴികളല്ല,” എന്ന് മാർപാപ്പ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
വൃദ്ധർ, രോഗികൾ, പാർശ്വവത്കരിക്കപ്പെട്ടവർ തുടങ്ങിയ സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് കൂടുതൽ ശ്രദ്ധയും കരുതലും നൽകേണ്ടത് സർക്കാരുകളുടെയും പൗരന്മാരുടെയും ധാർമ്മിക ഉത്തരവാദിത്തമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.




