‘സ്വർഗവും ഭൂമിയും സംഗമിക്കുന്ന ഇടം’: നോട്രെ-ദാം കത്തീഡ്രലിൽ ലെയോ പതിനാലാമൻ പാപ്പയുടെ സന്ദേശം

ഫ്രാൻസിലെ ചരിത്രപ്രസിദ്ധമായ നോട്രെ-ദാം കത്തീഡ്രലിൽ എത്തി പ്രാർഥിച്ച് ലെയോ പതിനാലാമൻ പാപ്പ. 2019-ലെ വൻ തീപിടുത്തത്തിന് ശേഷം പുനരുദ്ധാരണം പൂർത്തിയാക്കി തുറന്നു കൊടുത്ത കത്തീഡ്രൽ സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പയാണ് ലെയോ പതിനാലാമൻ. നാല് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായാണ് മാർപാപ്പ കത്തീഡ്രലിൽ എത്തിയത്.

“നോട്രെ-ദാം വെറുമൊരു ചരിത്ര സ്മാരകമല്ല, മറിച്ച് ദൈവത്തെ ആരാധിക്കുന്ന വിശുദ്ധമായ ഇടമാണ്. ദുരന്തത്തിന് ശേഷം ഈ ദൈവാലയം പുനർജനിച്ചതുപോലെ, വിശ്വാസികളും പുതിയ വീര്യത്തോടെ വിശുദ്ധിയിലേക്കും തങ്ങളുടെ ദൗത്യങ്ങളിലേക്കും മടങ്ങിവരണം,” എന്ന് മാർപാപ്പ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

പാരീസിലെ ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിച്ച്, കത്തീഡ്രൽ റെക്ടർ മോൺസിഞ്ഞോർ ഒലിവിയർ റിബാഡോ ഡ്യൂമാസ് എന്നിവർ ചേർന്ന് മാർപാപ്പയെ സ്വീകരിച്ചു. കത്തീഡ്രലിലെ അൾത്താരയ്ക്ക് മുന്നിൽ മുട്ടുകുത്തി പ്രാർഥിച്ച പാപ്പ, ക്രിസ്തുവിന്റെ മുൾകിരീടത്തിന്റെ തിരുശേഷിപ്പ് വണങ്ങുകയും ചെയ്തു. തുടർന്ന്, 2,000-ത്തോളം വരുന്ന ബിഷപ്പുമാർ, വൈദികർ, സന്ന്യാസിനി-സന്ന്യാസിമാർ എന്നിവർ പങ്കെടുത്ത സന്ധ്യാപ്രാർഥനയ്ക്ക് പാപ്പ നേതൃത്വം നൽകി.

സന്ദർശനത്തോടനുബന്ധിച്ച് മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് പാരിസിലെ തെരുവുകളിൽ മാർപാപ്പയെ കാണാനായി തടിച്ചുകൂടിയത്. സന്ധ്യാപ്രാർഥനയ്ക്ക് ശേഷം ദൈവാലയത്തിന് പുറത്തെത്തിയ മാർപാപ്പ, മാതാവിന്റെ രൂപത്തിന് മുന്നിൽ പ്രാർഥിച്ച് വിശ്വാസികളെ ആശീർവദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.