‘ദ ഫേസ് ഓഫ് ദ ഫേസ് ലെസ്’ സിനിമ ഇന്നുമുതൽ തിയേറ്ററുകളിൽ

രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ‘ദ ഫേസ് ഓഫ് ദ ഫേസ് ലെസ്’ സിനിമ ഇന്നുമുതല്‍ തീയേറ്ററുകളിലെത്തും. ഈ ചിത്രം ഇതിനോടകം മുപ്പതിലധികം ഇൻറർനാഷണൽ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. 12 സംസ്ഥാനങ്ങളിൽനിന്നുള്ള 150 -ൽപരം പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഈ ബോളിവുഡ് ചിത്രത്തിൽ സിസ്റ്റർ റാണി മരിയയായി വേഷമിട്ടിരിക്കുന്നത് വിൻസി അലോഷ്യസാണ്.

ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷെയ്സൺ പി. ഔസേഫ് ആണ്. ട്രൈ ലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ റാണ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മഹേഷ് ആനേയാണ് നിർവഹിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ലോണവാലയിൽ 33 ദിവസത്തോളമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ), പൂനം (മഹാരാഷ്ട്ര), സ്നേഹലത (നാഗ്പുർ), പ്രേംനാഥ് (ഉത്തർപ്രദേശ്), അജീഷ് ജോസ്, ഫാ. സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. അത്യപൂർവമായ മുഹൂർത്തങ്ങൾ, സംഘർഷങ്ങൾ നിറഞ്ഞ രംഗങ്ങൾ, ശ്രവണസുന്ദരമായ ഗാനങ്ങൾ, ഗ്രാമീണഭംഗിയുള്ള ദൃശ്യങ്ങൾ എന്നിവ ഈ സിനിമയെ വ്യത്യസ്തമാക്കുന്നു.

ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ, ചിത്രത്തിലെ നായിക വിൻസി അലോഷ്യസിന് മികച്ച നടിക്കും സംവിധായകൻ ഷൈസൺ പി. ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാർഡുകൾ ലഭിച്ചിരുന്നു. പാരീസ് സിനി ഫിയസ്റ്റയിൽ ‘ബെസ്റ്റ് വുമൻസ് ഫിലിം’ പുരസ്കാരവും കാനഡയിലെ ടൊറന്റോ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ, ‘ബെസ്റ്റ് ഹ്യൂമൻ റൈറ്സ് ഫിലിം’ പുരസ്കാരവും നേടിയ ചിത്രമാണ് ഇത്. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.

മധ്യപ്രദേശിലെ ഇൻഡോറിൽ രക്തസാക്ഷിത്വം വരിച്ച മലയാളി സന്യാസിനി സി. റാണി മരിയ, സമൂഹത്തിലെ നിർധനർക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കുംവേണ്ടി സ്വരമുയർത്തിയ വ്യക്തിയാണ്. സാധാരണക്കാർക്ക് വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിന് സാമൂഹ്യ ഇടപെടലുകൾ നടത്തിയ സി. റാണി മരിയയുടെ സേവനം ഭൂവുടമകളെ രോഷാകുലരാക്കിയതിനെതുടർന്ന് പ്രദേശത്തെ ജന്മിമാർ, സമുന്ദർ സിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് സി. റാണി മരിയയെ കൊലപ്പെടുത്തുകയായിരിന്നു. 2017 നവംബർ നാലിനാണ് സി. റാണി മരിയയെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്.

വളരെ മികച്ച രീതിയിൽ തയ്യാറാക്കിയ ചിത്രമാണ് ഇത്. എല്ലാവരും തീയേറ്ററിൽ പോയി കണ്ടാൽമാത്രമേ ഈ സിനിമ ആളുകളിലേക്ക് എത്തുകയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.