മഡഗാസ്‌കറിൽ നിന്നൊരു മിഷൻ അദ്ഭുതം: കൊള്ളയും ലഹരിയും ഉപേക്ഷിച്ച് ക്രിസ്തുവിലേക്കടുത്ത റ്റ്സിറാഫി

കൊള്ളക്കാരുടെ കൂട്ടുകാരനും മദ്യപാനിയുമായിരുന്ന റ്റ്സിറാഫി എന്ന മനുഷ്യൻ എങ്ങനെ ക്രിസ്തുവിന്റെ സ്‌നേഹത്തിലേക്ക് കടന്നുവന്നുവെന്ന് മഡഗാസ്‌കറിലെ മിഷനറി ഫാ. ജോൺസൺ തളിയത്ത് പങ്കുവയ്ക്കുന്നു. ലഹരിയുടെയും അന്ധകാരത്തിന്റെയും വഴികളിൽ നിന്ന് ദൈവാലയത്തിന്റെ തണലിലേക്കും കൂദാശകളുടെ പുണ്യത്തിലേക്കും അദ്ദേഹം നയിക്കപ്പെട്ട വഴികൾ ഏറെ ഹൃദ്യമാണ്. ഈ അനുഭവം, എത്ര കഠിനമായ ഹൃദയത്തെയും മാറ്റാൻ ദൈവകൃപയ്ക്ക് സാധിക്കുമെന്നതിന്റെ ജീവസ്സുറ്റ തെളിവാണ്. തുടർന്നു വായിക്കുക.

റ്റ്സിറാഫിയുടെ മാനസാന്തരം: ഒരു ആഫ്രിക്കൻ മിഷൻ സാക്ഷ്യം

ഒക്ടോബർ മാസം സഭയിൽ മിഷൻ മാസമാണ്. അയയ്ക്കപ്പെട്ടവരെ അനുസ്മരിക്കാനും സ്വയം അയയ്ക്കപ്പെടാൻ നമ്മെത്തന്നെ സമർപ്പിക്കാനുമുള്ള പുണ്യകാലം. “വിളവധികം, വേലക്കാരോ ചുരുക്കം” എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, തനിക്കു വേണ്ടി ഇറങ്ങിത്തിരിക്കുന്നവരെ കാത്ത് ഈശോ ഇന്നും വഴിയരികിൽ നിൽക്കുന്നുണ്ട്. എന്നാൽ, ഭൗതികസൗകര്യങ്ങളും അഭിനന്ദനങ്ങളും ലഭിക്കാത്തിടത്തേക്ക് ഇറങ്ങിച്ചെല്ലാൻ പലപ്പോഴും സമർപ്പിതർ മടിക്കുന്നു. ദൈവനാമത്തിൽ വലിയ കാര്യങ്ങൾ ചെയ്യാൻ വിളിക്കപ്പെട്ടിട്ടും, ചിലപ്പോഴെങ്കിലും അവനെ കാണാതെ പുറംതിരിഞ്ഞു നിൽക്കുന്ന പ്രതിസന്ധികളിലൂടെ നാം കടന്നുപോകാറുമുണ്ട്.

എന്നാൽ, സുവിശേഷത്തിന്റെ വിളി കേട്ട് ആഫ്രിക്കൻ മണ്ണിലേക്ക് ഇറങ്ങിത്തിരിച്ചവരുടെ ജീവിതത്തിൽ ദൈവകൃപ വിരിയിക്കുന്ന അദ്ഭുതങ്ങൾ ചെറുതല്ല. മഡഗാസ്‌കറിലെ ബെത്താലത്താല ഇടവകയിൽ സംഭവിച്ചതും അതുപോലൊരു ദൈവീക ഇടപെടലാണ്.

കൊള്ളക്കാരുടെ ചങ്ങാതിയിൽ നിന്ന് പ്രാർഥനാകൂട്ടായ്മയിലേക്ക്

ബെത്താലത്താല ഇടവകയുടെ കീഴിലുള്ള 25 ഗ്രാമപ്പള്ളികളിൽ ഒന്നാണ് ‘റ്റ്സാരഹാസിന.’ അവിടത്തെ പള്ളി പ്രസിഡന്റായ റ്റ്സിറാഫിയെക്കുറിച്ച് ആളുകൾ പറയുന്നത്, “നേരത്തെ അദ്ദേഹം തെരുവിൽ മദ്യപിച്ചു നടന്നിരുന്ന ഒരാളായിരുന്നു എന്നാണ്. മാത്രമല്ല, കൊള്ളക്കാരുടെ ചങ്ങാതിയും ഗ്രാമത്തെ ഭയപ്പെടുത്തിയിരുന്ന ഒരു തെമ്മാടിയുമായിരുന്നു അന്ന് റ്റ്സിറാഫി” എന്നാണ്.

ആ ഗ്രാമത്തിലെ ഒരു മരച്ചുവട്ടിൽ പ്രാർഥനാ കൂട്ടായ്മ ആരംഭിച്ചപ്പോൾ അദ്ഭുതമെന്നു പറയട്ടെ, റ്റ്സിറാഫിയും അങ്ങോട്ടേക്ക് ആകർഷിക്കപ്പെട്ടു. പ്രാർഥനകളിൽ പതിവായി പങ്കെടുത്ത അദ്ദേഹം ക്രമേണ മാറ്റിനിർത്തപ്പെടാൻ പറ്റാത്തവിധം പ്രാർഥനാകൂട്ടായ്മകളുടെ ഭാഗമായി. കാലം കടന്നുപോയപ്പോൾ, ആ ഗ്രാമം അദ്ദേഹത്തെ പള്ളി പ്രസിഡന്റായി തിരഞ്ഞെടുത്തു!

ഒരിക്കൽ ബെത്താലത്താല ഇടവകയിലെ കേന്ദ്രയോഗത്തിൽ പങ്കെടുക്കാൻ റ്റ്സിറാഫി വന്നപ്പോൾ, അവിടെയുണ്ടായിരുന്നവർ അതിശയത്തോടെയും അൽപം സംശയത്തോടെയുമാണ് അദ്ദേഹത്തെ നോക്കിയത്. “ഒരു പഴയ കൊള്ളക്കാരൻ നമ്മുടെ ഇടയിലോ?” എന്ന ചോദ്യമായിരുന്നു ആ നോട്ടങ്ങളിൽ നിഴലിച്ചിരുന്നത്. അദ്ദേഹത്തിന്റെ പഴയകാല ചരിത്രമറിഞ്ഞപ്പോൾ എനിക്കും വലിയ അദ്ഭുതം തോന്നി. അതിനു ശേഷവും ചിലപ്പോഴൊക്കെ അദ്ദേഹം പഴയപടി മദ്യപിച്ചു നടക്കുന്ന കാഴ്ച ഞാൻ കണ്ടിരുന്നു.

തണലൊരുക്കിയ ദൈവാലയവും മാറ്റിമറിച്ച യാത്രകളും

അതിനിടയിലാണ് കോട്ടയത്ത് നിന്നുള്ള സാബു എന്ന വ്യക്തിയുടെ സഹായത്തോടെ ആ ഗ്രാമത്തിൽ വിശുദ്ധ പൗലോസ് ശ്ലീഹായുടെ നാമത്തിൽ ഒരു പുതിയ ദൈവാലയം ഉയർന്നുവന്നത്. പുതിയ പള്ളിയുടെ നിർമ്മാണവേളയിൽ, ഒരു യഥാർഥ പ്രസിഡന്റിനെപ്പോലെ വിയർപ്പൊഴുക്കി അധ്വാനിക്കാൻ റ്റ്സിറാഫി മുൻപന്തിയിലുണ്ടായിരുന്നു.

ഏപ്രിൽ മാസത്തിൽ ദൈവാലയത്തിന്റെ വെഞ്ചിരിപ്പ് കഴിഞ്ഞ്, മറ്റ് അയൽഗ്രാമങ്ങളിലേക്ക് പ്രാർഥനയ്ക്കായി ഞങ്ങൾ പോയപ്പോൾ റ്റ്സിറാഫിയും കൂടെപ്പോന്നു. ആ യാത്രകളിലൊന്നിൽ, ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അഭ്യർഥന അദ്ദേഹത്തിൽ നിന്നുണ്ടായി:

“അച്ചാ, എനിക്ക് വിശുദ്ധ കുർബാന സ്വീകരിക്കണം…”

എന്റെയൊപ്പം നടന്നുകൊണ്ട്, ഉള്ളിന്റെയുള്ളിൽ തട്ടിയ ആത്മാർഥതയോടെ അദ്ദേഹം അത് പറഞ്ഞപ്പോൾ എന്റെ മനസ്സലിഞ്ഞു. എങ്കിലും സഭയുടെ നിയമങ്ങൾ ഞാൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു:

“അതിന് ചില നിബന്ധനകളുണ്ട്. ആഗ്രഹം മാത്രം പോരാ. ആദ്യം മാമോദീസ സ്വീകരിക്കണം. തുടർന്ന് വിവാഹം എ ന്ന കൂദാശ സ്വീകരിക്കണം. അതിനു മുൻപ് പ്രാദേശിക നിയമമനുസരിച്ച് പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുകയും വേണം. ഇതൊക്കെ കഴിഞ്ഞാലേ ദിവ്യകാരുണ്യം സ്വീകരിക്കാനാകൂ.”

ഒട്ടും മടിക്കാതെ റ്റ്സിറാഫി മറുപടി പറഞ്ഞു: “ഞാൻ തയ്യാറാണ് അച്ചാ. ഭാര്യയെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം. എന്റെ മദ്യപാനവും ഞാൻ ഇതോടെ അവസാനിപ്പിക്കുകയാണ്!”

പക്ഷേ, 58 വയസ്സുള്ള, വർഷങ്ങളായി ക്രൈസ്തവീയ ബോധ്യങ്ങളൊന്നുമില്ലാതെ ജീവിച്ച ഒരു മനുഷ്യനിൽ നിന്ന് പെട്ടെന്നൊന്നും സാധ്യമാകാത്ത കാര്യങ്ങളാണ് ഇതെന്ന് എനിക്ക് തോന്നി.

മിഷൻ മാസത്തിലെ അദ്ഭുതം

എന്നാൽ, ദൈവത്തിന്റെ സമയം വേറെയായിരുന്നു! ഈ മിഷൻ മാസത്തിൽ – ഒക്ടോബറിൽ ഞങ്ങൾ സാക്ഷ്യം വഹിച്ചത് അവിശ്വസനീയമായ ആ പരിവർത്തനത്തിനാണ്.

റ്റ്സിറാഫിയുടെ ജീവിതത്തിൽ ആ ദൈവിക അദ്ഭുതം സംഭവിച്ചു. മാമോദീസ, കുമ്പസാരം, വിവാഹകൂദാശ, ഒടുവിൽ കർത്താവിന്റെ തിരുശരീര-രക്തങ്ങളുടെ സ്വീകരണം! റഫ. ഫാ. റിൻസനാണ് അവരുടെ വിവാഹം ആശീർവദിച്ചത്. ഈ മാംഗല്യദിനത്തിൽ റ്റ്സിറാഫിക്ക് വയസ്സ് 58, ഭാര്യക്ക് 57!

മാറ്റമില്ലാത്തതായി ഒന്നുമില്ലെന്നും, ദൈവകൃപയ്ക്ക് കീഴ്‌പ്പെടുമ്പോൾ ഏത് പാപിയും വിശുദ്ധനാകുമെന്നും റ്റ്സിറാഫിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ഈ ഒക്ടോബർ മാസത്തിൽ, മഡഗാസ്‌ക്കറിലെ ഈ കൊച്ചുഗ്രാമത്തിൽ ഇതിലും വലിയൊരു മിഷൻ അദ്ഭുതം ഞങ്ങൾക്കെങ്ങനെ അനുഭവിക്കാൻ കഴിയും!

ഫാ. ജോൺസൺ തളിയത്ത് CMI, മഡഗാസ്‌കർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.