ഗാസയിലെ സഭ ക്രൈസ്തവ വിശ്വാസത്തിന്റെ സക്രാരി: കർദിനാൾ ഗുജെറോത്തി

വിശുദ്ധ നാട്ടിലേക്കുള്ള തന്റെ അജപാലന സന്ദർശനത്തിന്റെ ആദ്യ ദിവസം, ഗാസയിലെ ഹോളി ഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനല്ലിയുമായി വീഡിയോ കോളിലൂടെ സംസാരിച്ച് കർദിനാൾ ഗുജെറോത്തി. “നരകത്താൽ ചുറ്റപ്പെട്ട സ്വർഗത്തിന്റെ ഒരു കോൺ, ഏറ്റവും ദരിദ്രരോടുള്ള കാരുണ്യത്തിലൂടെ ക്രിസ്തുവിന്റെ സാന്നിധ്യം പ്രകടമാകുന്ന ജീവനുള്ള സക്രാരി” എന്നാണ് കർദിനാൾ ഗാസയിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്.

ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് ആസ്ഥാനത്ത് വച്ചാണ് ഈ സംഭാഷണം നടന്നത്. ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബറ്റിസ്റ്റ പിസ്സബല്ലയുടെ സാന്നിധ്യത്തിൽ, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററി പ്രീഫെക്റ്റും പ്രദേശത്തെ കത്തോലിക്കാ മെത്രാന്മാരും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടയിലായിരുന്നു ഈ ഫോൺ സംഭാഷണം.

“സാഹചര്യം വളരെ ഗുരുതരമായി തുടരുകയാണ്, അതീവ ഗുരുതരം,” യുദ്ധത്താൽ തളർന്ന ജനതയെയും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ വിവരിച്ചുകൊണ്ട് ഫാ. റൊമാനല്ലി പറഞ്ഞു. എന്നാൽ, വെടിനിർത്തൽ ദൈനംദിന മരണനിരക്ക് കുറച്ചിട്ടുണ്ടെങ്കിലും അക്രമങ്ങൾ അവസാനിപ്പിച്ചിട്ടില്ല. ബോംബാക്രമണങ്ങൾ ഇപ്പോഴും പതിവാണെന്നും ഇടവകയ്ക്ക് സമീപത്തു പോലും ഷെല്ലുകളുടെ അവശിഷ്ടങ്ങൾ വീഴുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗാസ മുനമ്പിലെ 20 ലക്ഷത്തിലധികം ആളുകൾ അതികഠിനമായ ദുരിതത്തിലാണ് ജീവിക്കുന്നത്. കുടിവെള്ളം ദുർലഭമാണ്, വൈദ്യുതി തീരെയില്ല, കുടുംബങ്ങൾ മുഴുവൻ മൊബൈൽ ഫോണിന്റെ വെളിച്ചത്തെ മാത്രം ആശ്രയിച്ചാണ് രാത്രികൾ കഴിച്ചുകൂട്ടുന്നത്. അതേസമയം, അടുത്തിടെ പെയ്ത മഴ അടിയന്തരാവസ്ഥ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. മാലിന്യങ്ങളും മലിനജലവും ചുറ്റിലും നിറഞ്ഞിരിക്കുന്ന കൂടാരങ്ങളും താൽക്കാലിക അഭയകേന്ദ്രങ്ങളും വെള്ളത്തിനടിയിലായി.

ഈ സാഹചര്യത്തിലും, ഗാസയിലെ ഈ ചെറിയ ക്രൈസ്തവ സമൂഹം മുഴുവൻ ജനങ്ങൾക്കും ഒരു ആശ്രയകേന്ദ്രമായി തുടരുന്നു. ഗാസയിൽ അവശേഷിക്കുന്നത് 539 ക്രൈസ്തവരാണ്, അവരിൽ ഭൂരിഭാഗവും ഓർത്തഡോക്സ് വിഭാഗക്കാരാണ്. സന്ന്യാസീ-സന്ന്യാസിനിമാർ ഉൾപ്പെടെ 105 കത്തോലിക്കരാണുള്ളത് നിലവിൽ ഇവിടെ ഉള്ളത്.

ഹോളി ഫാമിലി ഇടവക കുടിവെള്ള വിതരണവും വൈദ്യസഹായവും വിദ്യാഭ്യാസ പ്രവർത്തനങ്ങളും തുടരുന്നു. യുദ്ധത്തിന് മുൻപ് 300 വിദ്യാർഥികൾ ഉണ്ടായിരുന്ന ഇടവക സ്കൂൾ, ഇപ്പോൾ പ്രവർത്തിക്കുന്ന ഏക സ്കൂളാണ്. അക്രമത്തെ അതിജീവിച്ച ഒരു വീടും അനുയോജ്യമാക്കിയ മറ്റ് സൗകര്യങ്ങളും ഉപയോഗിച്ച് നിലവിൽ 1,020 വിദ്യാർഥികളെ ഇവിടെ ഉൾക്കൊള്ളിക്കുന്നുണ്ട്. മറ്റ് ക്രൈസ്തവ സ്കൂളുകൾ തകരുകയോ, കൈയടക്കപ്പെടുകയോ, ഭവനരഹിതർക്കുള്ള അഭയകേന്ദ്രങ്ങളായി മാറ്റപ്പെടുകയോ ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.